
സ്വന്തം ലേഖകൻ
കുവൈറ്റ് : പ്രവാസികൾക്കായി ദേശീയ പ്രവാസി കമ്മീഷൻ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് പ്രവാസി ലീഗൽ സെൽ നിവേദനം നൽകി.
ഇന്ത്യയിലുള്ള കുടിയേറ്റ തൊഴിലാളികൾക്കായി മൈഗ്രേഷൻ കമ്മീഷൻ സ്ഥാപിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി “മൻ കീ ബാത് ” എന്ന റേഡിയോ പ്രഭാഷണത്തിൽ പ്രഖ്യാപിച്ചിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ആഭ്യന്തര കുടിയേറ്റക്കാരെ പോലെ വിദേശത്തുള്ള പ്രവാസികളും നിരവധി പ്രശ്ങ്ങൾ അനുഭവിക്കുന്ന സാഹചര്യത്തിൽ ദേശീയ തലത്തിൽ ഒരു പ്രവാസി കമ്മീഷൻ സ്ഥാപിക്കണം എന്ന ആവശ്യവുമായി പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡന്റ് അഡ്വക്കേറ്റ് ജോസ് എബ്രഹാമാണ് പ്രധാനമന്ത്രിക്ക് നിവേദനം നൽകിയത്.
ഇൻഡ്യയിൽ സംസ്ഥാന തലത്തിൽ ആകെ മൂന്ന് സംസ്ഥാനങ്ങളിൽ (കേരളം , പഞ്ചാബ്, ഗോവ എന്നിവ ) മാത്രമാണ് എൻ ആർ ഐ. കമ്മീഷൻ നിലവിലുള്ളത്. അവ വളരെ ഫലപ്രദമായി പല വിഷയങ്ങളിലും ഇടപെടുന്നതായും ,എന്നാൽ കേന്ദ്രത്തിൽ ഒരു കമ്മീഷൻ ഉണ്ടാവുകയാണ് എങ്കിൽ പ്രവാസികളുടെ നിരവധിയായ പ്രശ്നങ്ങളിൽ വളരെ കാര്യക്ഷമമായി ഇടപെടാൻ സാധിക്കുമെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടി.
ദേശീയ തലത്തിൽ ഒരു പ്രവാസി കമ്മീഷൻ സ്ഥാപിക്കപെട്ടാൽ പ്രവാസികൾക്കുള്ള നിരവധി ക്ഷേമ പദ്ധതികൾ കാര്യക്ഷമമായി നടപ്പിലാക്കാൻ സാധിക്കും. അതുകൊണ്ട് ജൂഡീഷ്യൽ അധികാരത്തോടെയുള്ള ശക്തമായ ഒരു ദേശീയ കമ്മീഷൻ സ്ഥാപിക്കണമെന്നും നിവേദനത്തിൽ ആവശ്യപെട്ടിട്ടുണ്ട്.
ഈ വിഷയത്തിൽ അനുകൂലമായ നടപടികൾ വേഗത്തിൽ പ്രതീക്ഷിക്കുന്നതായി പ്രവാസി ലീഗൽ സെൽ കൺട്രി ഹെഡ് ബാബു ഫ്രാൻസീസും, ജനറൽ സെക്രട്ടറി ബിജു സ്റ്റീഫനും പത്രക്കുറിപ്പിൽ അറിയിച്ചു.