എന്റെ ഭർത്താവിന്റെ സ്വകാര്യ നമ്പറിലും വീട്ടിലെ നമ്പരിലും എന്റെ നമ്പരിലും ശവംതീനി കണക്കെ വിളിച്ച് ശല്യപ്പെടുത്തിയവരുടെ നിർമ്മിത വാർത്ത ; സ്വയം കൊഞ്ഞനം കുത്താതെ ക്വൊട്ടേഷൻ തന്ന ചേട്ടനോട് പോയി ഏറ്റ കാര്യം നടന്നില്ല എന്ന് പറയുക : മാതൃഭൂമിയിലെ മാധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന ആരോപണത്തിൽ കളക്ടർ ബ്രോയെ പിന്തുണച്ച് ഭാര്യ ലക്ഷ്മി പ്രശാന്ത്
സ്വന്തം ലേഖകൻ
കൊച്ചി : വാർത്തയുടെ ആവശ്യത്തിനായി വാട്‌സാപ്പിൽ സന്ദേശമയച്ച മാതൃഭൂമിയിലെ മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ എൻ. പ്രശാന്ത് ഐ.എ.എസിനെ പിന്തുണച്ച് ഭാര്യ ലക്ഷ്മി പ്രശാന്ത് രംഗത്ത്
ഭർത്താവിന്റെ സ്വകാര്യ നമ്പറിലും വീട്ടിലെ നമ്പറിലും എന്റെ നമ്പറിലും ശവംതീനി കണക്കെ വിളിച്ച് ശല്ല്യപ്പെടുത്തിയ ഒരു മാന്യൻ/മാന്യയുടെ നിർമ്മിത വാർത്തയാണ് മാതൃഭൂമിയുടെതെന്ന് ലക്ഷ്മി പറയുന്നു. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് ഭർത്താവിന് പിന്തുണയുമായി ലക്ഷ്മി രംഗത്ത് എത്തിയിരിക്കുന്ന
ത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ലക്ഷ്മിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം
എന്റെ ഭർത്താവിന്റെ സ്വകാര്യ നമ്പറിലും വീട്ടിലെ നമ്പറിലും എന്റെ നമ്പറിലും ശവംതീനി കണക്കെ വിളിച്ച് ശല്ല്യപ്പെടുത്തിയ ഒരു മാന്യൻ/മാന്യയുടെ നിർമ്മിത വാർത്ത. ഉച്ചക്ക് പ്രശാന്ത് ഊണ് കഴിക്കുമ്പോൾ എന്റെ കയ്യിലായിരുന്ന ഫോണിലേക്ക് വന്ന ഈ ചാറ്റിന് മറുപടി ഇട്ടത് ഞാനായത് കൊണ്ടാണ് ഈ പോസ്റ്റ് ഞാനിടുന്നത്.
മനസ്സ് സ്വസ്ഥമായിരിക്കാൻ പ്രശാന്തിനെ ഫോണിൽ നിന്നും വാർത്തകളിൽ നിന്നും പരമാവധി മാറ്റി നിർത്താനാണ് എന്റെ ശ്രമം. പെട്ടെന്ന് കേറി ഒന്നും പ്രതികരിക്കാതിരിക്കാൻ. ഇതുവരെ നല്ല കുട്ടിയായി മിണ്ടാതിരിപ്പുണ്ട്.
ഒരു വ്യക്തി ഒരു വാർത്തയോട് പ്രതികരിക്കണോ വേണ്ടയോ എന്ന് ഒരു ലേഖകനോ ലേഖികയോ തീരുമാനിക്കുന്ന നാടല്ല ഇത്. മാധ്യമങ്ങളോട് പ്രതികരിക്കാനില്ലെന്ന് മാതൃഭുമിയിലെ തന്നെ മുതിർന്ന ലേഖകരോട് ഉൾപ്പെടെ പ്രശാന്ത് പറഞ്ഞിട്ടുള്ളതാണെന്ന് എനിക്കറിയാം.
അത് മനസ്സിലാക്കുന്നവരാണ് ഒട്ടുമിക്ക പത്രപ്രവർത്തകരും. അച്ചടക്കമുള്ള ഒരു സർക്കാർ ഉദ്യോഗസ്ഥൻ പറയാനുള്ളത് പറയേണ്ടവരോട് രേഖാമൂലം പറയും.
പെഴ്‌സണൽ വാട്ട്‌സാപ്പ് വഴി ഒരു IAS ഉദ്യോഗസ്ഥനെയും വീട്ടിലിരിക്കുന്നവരെയുമൊക്കെ ബന്ധപ്പെടാനും ചോദ്യം ചെയ്യാനും അവർ ആവശ്യപ്പെടുന്ന രീതിയിൽ ഉത്തരം കൊടുത്തില്ലെങ്കിൽ അപമാനിച്ച് വാർത്ത കൊടുക്കാനും ഈ നാട് വെള്ളരിക്കാപ്പട്ടണമല്ല.
വിവാദത്തിൽ തീ കൂട്ടാൻ ഒരു വാചകം ഒപ്പിച്ച് അതാഘോഷിക്കാൻ നോക്കി, നടന്നില്ല. പ്രതികരണം കിട്ടാതെ ചമ്മി. ചമ്മിയതും വാർത്തയാക്കി. എന്നാൽ കാര്യങ്ങൾ ഇത്ര സിമ്പിളല്ല. കഥക്ക് പിന്നിൽ പറയാത്തത് വേറെയുണ്ട്.
പലതവണ അജ്ഞാത നമ്പറുകളിൽ നിന്ന് പല പേരുകളിൽ പലതവണ കോളും മെസേജും ‘ വീഡിയോ കോളും’ ചെയ്ത ഈ മാന്യ/മാന്യന്റെ ഉദ്ദേശ്യം നന്നായി മനസ്സിലാക്കിയാണ് അയാളെ ഞാൻ കൈകാര്യം ചെയ്തത് എന്ന് മനസ്സിലാക്കുക.
സ്റ്റിക്കറുകൾ മാത്രം കിട്ടിയപ്പോൾ കാര്യം നടക്കില്ലെന്ന് മനസ്സിലായ ലേഖകൻ/ലേഖിക ട്രാക്ക് മാറ്റുന്നു. ഒരു IAS ഉദ്യോഗസ്ഥനോട് ‘താങ്കളെ ഉപദ്രവിക്കാനല്ല’ എന്ന ചെറിയ വായിലെ വലിയ വർത്തമാനത്തിന് ‘ഓ യാ!’ എന്നല്ലാതെ എന്ത് പറയാൻ!
ഞാനിട്ട സീമച്ചേച്ചിയുടെ ‘ഓ..യാ!’ എന്ന സ്ഥിരം സ്റ്റിക്കർ അശ്ലീലമായി പെട്ടെന്ന് തോന്നിയ ലേഖകൻ/ലേഖിക വീണ്ടും വീഡിയോ കോൾ തുടങ്ങി. അത് കൊള്ളാല്ലോ. അശ്ലീലം കാണാനാണോ വീഡിയോ കോൾ?
ഒരു വീഡിയോ കോൾ എങ്ങനെയെങ്കിലും അറ്റന്റ് ചെയ്യിച്ച് അതിന്റെ സ്‌ക്രീൻ ഷോട്ട് എടുക്കുന്ന പഴയ നമ്പറൊക്കെ ഈ ഭാഗത്തുള്ളവർക്കും അറിയാം. സാധാരണ ഒരു സ്റ്റിക്കറിനെ ‘അശ്ലീലം’ എന്ന് വിശേഷിപ്പിച്ച ലേഖകൻ/ലേഖിക വീഡിയോ കോള് നടത്തി അതിന്റെ സ്‌ക്രീൻ ഷോട്ടെടുത്ത് ‘സെക്‌സ് ചാറ്റ്’ എന്ന് വാർത്ത സൃഷ്ടിക്കലായിരുന്നു പരിപാടി.
സത്യത്തിൽ കോൾ എടുത്ത് ഞാൻ രണ്ട് പറയുകയായിരുന്നു വേണ്ടത്. മാതൃഭൂമി വാർത്താ റിപ്പോർട്ടിൽ അച്ചടിച്ച് വന്ന സ്‌ക്രീൻഷോട്ടിൽ അവർ എഡിറ്റ് ചെയ്ത് മാറ്റിയ ലേഖകൻ/ലേഖിക വിളിച്ച വീഡിയോ കോളുകൾ ഇവിടെ കാണാം.
ചിലതൊക്കെ വ്യാജമായി ചമച്ചും ഒളിച്ച് വെച്ചാലല്ലേ വാർത്ത നിർമ്മിക്കാനാവൂ! വീണ്ടും വിളിച്ച് ശല്യം ചെയ്ത ലേഖകൻ/ലേഖികയുടെ ശല്യം തുടർന്നപ്പോൾ ഫോൺ പിടിച്ച് വാങ്ങി ശല്യം ‘wrong person and wrong tactics’ എന്ന് മെസേജിട്ട് പ്രശാന്ത് അയാളെ ബ്ലോക്ക് ചെയ്തു.
പഞ്ച് ഡയലോഗ് അടിച്ചിട്ടേ ബ്ലോക്കാക്കാൻ പാടുള്ളൂ എന്ന് പറഞ്ഞ് വീണ്ടും അൺബ്ലോക്ക് ചെയ്ത് ലാസ്റ്റ് പഞ്ചിന് എന്റെ സ്ഥിരം ഡയലോഗ് ഞാനിട്ടു.
അവരുടെ ഭീഷണി വെറുതേ കാണണ്ടാ, ഫുൾ കൊട്ടേഷനാണെന്ന് പറഞ്ഞ് എല്ലാം ഡിലീറ്റ് ചെയ്യാൻ തുനിഞ്ഞ എന്നെ തടഞ്ഞ പ്രശാന്തിന് നന്ദി. അല്ലെങ്കിൽ ഈ സ്‌ക്രീൻഷോട്ടുകൾ കാണിക്കാൻ ഉണ്ടാവില്ലായിരുന്നു.
ലേഖകൻ/ലേഖിക സ്വയം കൊഞ്ഞനം കുത്താതെ കൊട്ടേഷൻ തന്ന ചേട്ടനോട് പോയി ഏറ്റ കാര്യം നടന്നില്ല എന്ന് പറയുക. പ്രൊഫഷനലായി വാർത്ത ചെയ്യാനറിയാത്തവർ വാർത്ത സൃഷ്ടിക്കാൻ കാണിക്കുന്ന നിലവാരമില്ലായ്മയായിട്ടേ ഇതിനെ കാണാനാവൂ.
പിന്നെ, സ്‌കാവഞ്ചർ എന്നാൽ ശവംതീനിയെന്നാണ് അർത്ഥം. എന്നാൽ ലേഖകൻ/ലേഖികക്ക് അത് തോട്ടിപ്പണിയാണത്രെ. തർക്കാനില്ല.
പ്രൊഫഷനലുകളായ മറ്റ് മാധ്യമ പ്രവർത്തകർ ആരും മൗനമായിരിക്കുന്ന ഒരു സർക്കാർ ഉദ്യോഗസ്ഥനെ ഇങ്ങനെ ശല്യം ചെയ്യുന്നില്ല. പത്രക്കാരെ പ്രശാന്തിനെതിരെ തിരിച്ച് വിടാൻ എടുത്ത കൊട്ടേഷൻ ആണത്രെ. ബുദ്ധിയുള്ള പത്രപ്രവർത്തകർക്ക് ഇതൊക്കെ മനസ്സിലാവും.
ദയനീയം തന്നെ മൊയലാളീ. ഈ തൊഴിലിന് ജേർണലിസം എന്നല്ല, power broking/operator/political slave എന്നൊക്കെയാണ് പറയുക. മാധ്യമസുഹൃത്തുക്കൾ ഇത്തരം ശവംതീനി ക്യാറ്റഗറിയിൽ പെടുന്നവരെ തിരിച്ചറിയുക. മാധ്യമപ്രവർത്തനത്തിന്റെ അന്തസ്സും മര്യാദയും ഇത്തരക്കാരെ പഠിപ്പിക്കുക.
വീടും കുടുംബവും അച്ഛനമ്മമാരും ഒക്കെ ഉള്ളവരാണ് ഉദ്യോഗസ്ഥർ. മൃഗശാലയിലെ ജീവികളെ കൂട്ടിൽ കാണുമ്പോൾ കമ്പും കോലുമിട്ട് കുത്തിനോവിച്ച് പൊട്ടിച്ചിരിക്കുന്നതല്ല മാധ്യമപ്രവർത്തനം. Respect our privacy and space
ഈ വാർത്ത അച്ചടിക്കുന്നതിന് മുൻപ് സത്യാവസ്ഥ ചോദിക്കാൻ മാതൃഭൂമിയിലെ ഒരാളും പ്രശാന്തിേെയാ എന്നെയോ വിളിച്ചിട്ടില്ല. മാതൃഭൂമിക്കൊരു ക്രെഡിബിലിറ്റി ഉണ്ടായിരുന്നു. പണ്ടൊക്കെ എഡിറ്റർ ഇമ്മാതിരി ഊളത്തരങ്ങൾക്ക് മാപ്പ് പറയുമായിരുന്നു. മനോജ് ദാസ് എന്ന എഡിറ്ററിലാണ് പ്രതീക്ഷ.
NB: രാവിലെ ഒരു പത്രപ്രവർത്തക സുഹൃത്ത് പ്രശാന്തിനോട് പറയാൻ പറഞ്ഞതാണ് ‘മിണ്ടാതിരുന്നാൽ പോരായിരുന്നോ? എന്തിനാ എല്ലാവരോടും പ്രതികരിക്കാൻ നിൽക്കുന്നത്?’ പ്രതികരിക്കാതെയിരുന്നു എന്നതാണ് പ്രശ്‌നം!