തള്ളില്ല, ആവേശക്കാഴ്ചകളില്ല: സത്യസന്ധമായി കഥപറഞ്ഞ് ആദ്യ ദിനം കോടികൾ കൊയ്ത് പ്രകാശനും കൂട്ടരും
സിനിമാ ഡെസ്‌ക്
കൊച്ചി: തള്ളിമറിച്ചുള്ള പരസ്യ പ്രചാരണങ്ങൾക്കിടെ വെറുമൊരു തെങ്ങിൽകയറ്റ പോസ്റ്ററും, തനി മലയാളി പാട്ടുമായെത്തിയ പ്രകാശൻ ആദ്യ ദിനം പണവാരിക്കൂട്ടി. ശ്രീനിവാസൻ സത്യൻ അന്തിക്കാട് കൂട്ട് കെട്ടിനൊപ്പം നാച്ചുറൽ ആക്ടറായ ഫഹദ് കൂടിച്ചേർന്നപ്പോൾ പ്രേക്ഷക പ്രതീക്ഷകൾക്ക് അപ്പുറമുള്ള ചിത്രമാണ് ഇവിടെ ലഭിച്ചത്.
91.37 ഒക്യുപെൻസിയോടെ 5.82 ലക്ഷമാണ് ചിത്രത്തിന് കൊച്ചി മൾട്ടിപ്ലക്സിൽ നിന്നും ലഭിച്ചതെന്നുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്. ഫോറം കേരളയാണ് കലക്ഷൻ റിപ്പോർട്ട് പുറത്തുവിട്ടത്. വെള്ളിയാഴ്ചയാണ് സിനിമയെത്തിയത്. ശനിയും ഞായറും കുടുംബ പ്രേക്ഷകർ പ്രകാശനെ കാണാനെത്തുമെന്ന കാര്യത്തിൽ സംശയമില്ലെന്നും ക്രിസ്മസ് അവധി ആരംഭിച്ച പശ്ചാത്തലത്തിൽ കലക്ഷനിലും അത് പ്രകടമാവുമെന്നുമാണ് പൊതുവിലുള്ള വിലയിരുത്തൽ. കൊച്ചി മൾട്ടിപ്ലക്സിലെ കലക്ഷനെക്കുറിച്ചുള്ള റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവന്നത്.
ക്രിസ്മസിന് മുന്നോടിയായി റിലീസ് ചെയ്യുന്ന സിനിമകൾക്കൊപ്പമാണ് പ്രകാശനും എത്തിയത്. ആദ്യ പ്രദർശനം മുതലേ തന്നെ സിനിമയ്ക്ക് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. ഏത് തരത്തിലുള്ള കഥാപാത്രത്തേയും അനായാസമായി തന്നിലേക്ക് ആവാഹിക്കുന്ന സിദ്ധിയുമായി മുന്നേറുന്ന ഫഹദ് എവിടെയൊക്കെയോ മോഹൻലാലിനെ അനുസ്മരിപ്പിച്ചുവെന്നാണ് പ്രേക്ഷകർ പറയുന്നത് ഫഹദിന്റെ അഭിനയത്തിൽ പഴയ മോഹൻലാലിനെ കാണാൻ കഴിഞ്ഞിരുന്നുവെന്ന് സംവിധായകൻ സാക്ഷ്യപ്പെടുത്തിയിരുന്നു. സിനിമ കണ്ട പ്രേക്ഷകരും ഇത് ശരിവെക്കുകയായിരുന്നു. പ്രേക്ഷകരെ നിരാശപ്പെടുത്താത്ത രീതിയിലുള്ള സിനിമയ്ക്ക് മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. കുടുംബ പ്രേക്ഷകർ ഒന്നടങ്കം സിനിമയെ സ്വീകരിക്കുമെന്ന കാര്യത്തിൽ സംശമില്ലെന്നും പ്രേക്ഷകർ വ്യക്തമാക്കിയിരുന്നു.
പ്രകാശനായി ഫഹദ് അഭിനയിക്കുകയായിരുന്നില്ല ജീവിക്കുകയായിരുന്നുവെന്നാണ് പ്രേക്ഷകർ പറയുന്നത്. മലയാളി മനസ്സിന്റെ നേർക്കാഴ്ചയെ വരച്ചുകാട്ടുന്ന ചിത്രത്തിൽ നമ്മളും എവിടെയൊക്കെയോ ജീവിക്കുന്നതായി തോന്നിയെന്നും പ്രേക്ഷകർ വിലയിരുത്തിയിരുന്നു. മലയാളത്തനിമയും മണവുമുള്ള സിനിമകളുമായെത്താൻ ശ്രീനിവാസനും സത്യൻ അന്തിക്കാടും നടത്തിയ ശ്രമങ്ങൾക്ക് നിറഞ്ഞ കൈയ്യടിയാണ് പ്രേക്ഷകർ നൽകുന്നത്. ഒരുകാലത്ത് അഭിനയിക്കാനറിയില്ലെന്ന് പറഞ്ഞ് വിമർശകർ വാളോങ്ങിയ ഫഹദ് ഇപ്പോൾ ഏത് തരത്തിലുള്ള കഥാപാത്രവും തന്നിൽ ഭദ്രമാണെന്ന് തെളിയിക്കുകയാണ്.
മോഹൻലാലിന്റെ ഒടിയൻ നിറഞ്ഞ സദസ്സുകളിൽ പ്രദർശനം തുടരുന്നതിനിടയിലാണ് ക്രിസ്മസ് റിലീസുകളെത്തിയത്. മലയാളവും തമിഴും ബോളിവുഡുമൊക്കെയായി നിരവധി സിനിമകളാണ് വെള്ളിയാഴ്ച പ്രേക്ഷകർക്ക് മുന്നിലേക്കെത്തിയത്. ടൊവിനോ തോമസ്, ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ തുടങ്ങിയവരുടെ ക്രിസ്മസ് വിരുന്നിനായി കാത്തിരിക്കുകയായിരുന്നു സിനിമാപ്രേമികൾ. ഫഹദും ടൊവിനോയുമാണ് തുടക്കമിട്ടത്. വെള്ളിയാഴ്ചയാണ് ഞാൻ പ്രകാശനും എന്റെ ഉമ്മാന്റെ പേരും തിയേറ്ററുകളിലേക്കെത്തിയത്. കുടുംബ പ്രേക്ഷകരുടെ സ്വന്തം സംവിധായകനായ സത്യൻ അന്തിക്കാടും ശ്രീനിവാസനും ഫഹദിന് വേണ്ടി ഒരുമിച്ചപ്പോൾ ആരാധകരും അവർക്കൊപ്പമാവുകയായിരുന്നു. സിനിമയ്ക്ക് മികച്ച തുടക്കമാണ് ലഭിച്ചത്.