ക്രമസമാധാനനില തകർന്നെന്ന് പ്രചാരണം; ജാഗ്രതയോടെ പോലീസ്

ക്രമസമാധാനനില തകർന്നെന്ന് പ്രചാരണം; ജാഗ്രതയോടെ പോലീസ്


സ്വന്തം ലേഖകൻ

കോട്ടയം: സംസ്ഥാനത്തെ ക്രമസമാധാനനില തകർന്നെന്ന് വരുത്തിത്തീർക്കാൻ ബി.ജെ.പിയും സംഘ്പരിവാർ സംഘടനകളും നടത്തുന്ന നീക്കത്തെ ജാഗ്രതയോടെ നേരിടാൻ പൊലീസിന് ആഭ്യന്തര വകുപ്പിന്റെ നിർദേശം. ഹർത്താലുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് അരങ്ങേറിയ അക്രമസംഭവങ്ങളിൽ പങ്കാളികളായ മുഴുവൻ പേർക്കെതിരെയും നടപടി വേണമെന്നും നിർദേശമുണ്ട്. ശബരിമല വിഷയമുയർത്തി കേരളത്തിൽ ക്രമസമാധാനനില തകർന്നെന്ന വ്യാപകപ്രചാരണത്തിന്റെ അടിസ്ഥാനത്തിൽ കേന്ദ്രം ഗവർണറോടും സംസ്ഥാന ചീഫ് സെക്രട്ടറിയോടും റിപ്പോർട്ട് തേടിയ സാഹചര്യത്തിലാണ് അക്രമികൾക്കെതിരെ ശക്തമായ നടപടിയുമായി മുന്നോട്ടുപോകാനും നടപടിയെടുക്കുന്നതിൽ ചാഞ്ചാട്ടം പാടില്ലെന്നും ആഭ്യന്തര വകുപ്പ് മുന്നറിയിപ്പ് നൽകിയത്.

സ്ത്രീ പ്രവേശന വിഷയത്തിൽ നടത്തിയ ഹർത്താലിന്റെ മറവിൽ സംഘ്പരിവാർ സംഘടനകൾ നടത്തിയ അക്രമങ്ങളിൽ ആദ്യദിവസങ്ങളിൽ ചില ജില്ലകളിൽ പൊലീസ് നിഷ്‌ക്രിയത്വം പാലിച്ചിരുന്നു. ക്രമസമാധാനനില തകർന്നതിന്റെ ഉദാഹരണമായി സംഘ്പരിവാർ സംഘടനകൾ ചൂണ്ടിക്കാട്ടിയത് ഈ സംഭവങ്ങളാണ്. അക്രമികൾക്കെതിരെ ശക്തമായ നടപടി വേണമെന്നും ആവശ്യമെങ്കിൽ മുൻകരുതൽ അറസ്റ്റാകാമെന്നും ഡി.ജി.പി മുന്നറിയിപ്പ് നൽകിയെങ്കിലും പലരും ഇത് ചെവിക്കൊണ്ടില്ല. എന്നാൽ, അന്നത്തെ അക്രമസംഭവങ്ങളെ കേന്ദ്രം ഗൗരവമായി കാണുന്നുണ്ട്. പൊലീസ് വരുത്തിയ വീഴ്ച സർക്കാരിനു കനത്ത തിരിച്ചടിയുമായി. ഗവർണറുടെ റിപ്പോർട്ടിലും ആദ്യദിനങ്ങളിൽ നടന്ന അക്രമസംഭവങ്ങളാണ് എടുത്തുപറയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സേനയിൽ ചേരിതിരിവുണ്ടെന്ന് ആഭ്യന്തര വകുപ്പിന് രഹസ്യാന്വേഷണ വിഭാഗം ആവർത്തിച്ച് റിപ്പോർട്ട് നൽകിയിട്ടുണ്ട്. തിരുവനന്തപുരം റൂറൽ, പാലക്കാട്, കോഴിക്കോട് സിറ്റി, റൂറലിലെ ചില പ്രദേശങ്ങൾ, കണ്ണൂർ, പത്തനംതിട്ട എന്നിവിടങ്ങളിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കെതിരെയാണ് രഹസ്യാന്വേഷണ വിഭാഗം വിരൽചൂണ്ടിയത്. അക്രമികൾ അഴിഞ്ഞാടിയപ്പോൾ ഉന്നത ഉദ്യോഗസ്ഥരാരും രംഗത്തുവന്നിട്ടില്ലെന്നും ആരോപണമുണ്ട്. അക്രമസംഭവങ്ങളെ ലാഘവത്തോടെ കണ്ട പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയും ഉണ്ടാവും. ഇതുസംബന്ധിച്ച് വിശദ റിപ്പോർട്ട് നൽകാൻ ഡി.ജി.പി സ്‌പെഷൽ ബ്രാഞ്ച് അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ശബരിമല നടയടച്ചാലുടൻ സമഗ്ര അഴിച്ചുപണി ഉണ്ടാകും, ജില്ലതലത്തിലാകും അഴിച്ചുപണി. അക്രമികളോട് വിധേയത്വം കാണിച്ചതും മേലധികാരികളുടെ ഉത്തരവ് ലംഘിക്കപ്പെട്ടതുമാണ് ആഭ്യന്തര വകുപ്പിനെ ചൊടിപ്പിച്ചത്. ചില ജില്ലകളിൽനിന്ന് ഇടതുമുന്നണി നേതൃത്വവും പൊലീസിന്റെ വീഴ്ച ചൂണ്ടിക്കാട്ടി സർക്കാറിന് റിപ്പോർട്ട് നൽകിയിട്ടുണ്ട്.