പ്രകാശൻ ഇത്തവണ വലിയ പ്രതീക്ഷയിലാണ്: വീട് സേഫ്ടി അല്ലാത്തതിനാൽ ലോട്ടറി മണ്ണിൽ കുഴിച്ചിട്ടു: 90 ഓണം ബമ്പറിലാണ് പ്രകാശന്റെ ഭാഗ്യാന്വേഷണം: പെങ്ങൾക്ക് ഓടിട്ട വീട് കെട്ടണം അത്രയേ ആഗ്രഹമുള്ളു

Spread the love

കണ്ണൂർ: തിരുവോണം ബംബര്‍ നറുക്കെടുപ്പ് ഒരാഴ്ച കൂടി നീട്ടിയിരിക്കുകയാണ് സര്‍ക്കാര്‍. ഒക്ടോബര്‍ നാലിനാണ് 25 കോടിയുടെ ഭാഗ്യശാലിയെ അറിയാന്‍ സാധിക്കുക.
രണ്ടു വര്‍ഷം മുമ്പ് ബംബറടിച്ച തിരുവനന്തപുരത്തെ അനൂപിന്റെ പ്രതികരണങ്ങള്‍ എടുക്കുന്ന തിരക്കിലാണ് മാധ്യമങ്ങള്‍. ഒന്നാം സമ്മാനക്കാരന് എത്ര രൂപ കൈയ്യില്‍ കിട്ടും, എത്ര രൂപ നികുതി കൊടുക്കണം തുടങ്ങിയ ചര്‍ച്ചകളും സജീവമാണ്.

ഈ വേളയിലാണ് ലാഭം ഇത്തവണ എങ്കിലും കനിയണേ എന്ന് കരുതി 90 ടിക്കറ്റ് എടുത്തുവച്ചിരിക്കുന്ന കണ്ണൂരുകാരന്‍ മാധ്യമങ്ങളില്‍ നിറയുന്നത്. പഴയങ്ങാടി സ്വദേശി പ്രകാശനാണ് ഭാഗ്യം പരീക്ഷിക്കാന്‍ കൈവിട്ട നീക്കം നടത്തുന്നത്. കഴിഞ്ഞ തവണ 100 ടിക്കറ്റ് എടുത്തിരുന്നു. 90 ടിക്കറ്റ് എടുക്കാന്‍ 45000 രൂപ വേണം. നിങ്ങളെന്തൊരു മണ്ടനാണ് എന്ന് ചോദിക്കുന്നവരോടും പ്രകാശന് പറയാന്‍ മറുപടിയുണ്ട്…

ചെറുപ്പം മുതല്‍ ലോട്ടറി എടുക്കുന്നുണ്ട് പ്രകാശന്‍. എന്നെങ്കിലും നല്ലൊരു തുക അടിക്കുമെന്ന പ്രതീക്ഷയിലാണ് ഇപ്പോഴും. പെങ്ങള്‍ക്ക് ചെറിയ ഓടിട്ട വീട് വയ്ക്കണം എന്നത് മാത്രമാണ് ആഗ്രഹം. ഒരു കോടി അടിച്ചാല്‍ മതി, ഒന്നാം സമ്മാനമൊന്നും പ്രകാശന്‍ ആഗ്രഹിക്കുന്നില്ല. കഴിഞ്ഞ തവണ 100 ടിക്കറ്റാണ് എടുത്തത്. ഇത്തവണ ഇതുവരെ 90 എണ്ണം എടുത്തിട്ടുണ്ട്.

ദിവസം 2000 രൂപ സമ്പാദിക്കുന്നു
‘ലോട്ടറി പിരാന്ത്’ എന്ന് പറഞ്ഞ് കളിയാക്കുന്നവരെ പ്രകാശന്‍ കാര്യമാക്കുന്നേയില്ല. അദ്ദേഹം ചെറുപ്പം മുതലേ ചെയ്തുവരുന്നതാണിത്. നാടന്‍ പണിക്ക് പോയി പണമുണ്ടാക്കി ചെറിയ തുക ലോട്ടറിക്ക് മാറ്റി വയ്ക്കുകയാണ് പ്രകാശന്റെ പണ്ടുമുതലേയുള്ള ശീലം. അതിപ്പോഴും തുടരുന്നു. ഇപ്പോള്‍ പ്രായമായി. ഇത്തവണ എങ്കിലും അടിക്കുമെന്ന പ്രതീക്ഷയിലാണ് പ്രകാശന്‍.

90 ടിക്കറ്റ് എടുക്കാന്‍ 45000 രൂപ ചെലവ് വന്നു. രാവിലെ മുതല്‍ ഉച്ചവരെ പണിക്ക് പോയാല്‍ 1000 രൂപ കിട്ടും. ഉച്ചയ്ക്ക് ശേഷം മറ്റെന്തെങ്കിലും ജോലി ചെയ്യും. ദിവസം 2000 രൂപയോളം സമ്പാദിക്കുന്നുണ്ട്. അതില്‍ നിന്ന് കുറച്ചു തുക മാറ്റി വച്ചാണ് ടിക്കറ്റ് എടുത്തിരുന്നത്. ഇടയ്ക്ക് ചെറിയ തുക അടിച്ചിട്ടുണ്ട്. ഇത്തവണ ബംബര്‍ ഭാഗ്യം കിട്ടുമെന്ന ഉറച്ച പ്രതീക്ഷയിലാണ് പ്രകാശന്‍.

മണ്ണില്‍ കുഴിച്ചിടുകയാണ് പതിവ്
30 കൊല്ലത്തോളമായി ലോട്ടറി ടിക്കറ്റ് എടുക്കുന്ന പ്രകാശന്‍ ഓണം ബംബര്‍ നറുക്കെടുപ്പ് തുടങ്ങിയ കാലം മുതല്‍ പരീക്ഷിക്കുന്നുണ്ട്. മറ്റു ദുര്‍ചെലവുകളൊന്നുമില്ല. പാലക്കാട് നിന്നെടുക്കുന്ന ടിക്കറ്റുകള്‍ക്കാണ് ഭാഗ്യം എന്ന വിശ്വാസമൊന്നും പ്രകാശനില്ല. ഭാഗ്യം പഴയങ്ങാടി തമ്പുരാന്‍ നല്‍കുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹം. കളിയാക്കുന്നവര്‍ അത് തുടര്‍ന്നോട്ടെ, ലോട്ടറി അടിച്ചിട്ട് വേണം സന്തോഷിക്കാന്‍ എന്ന മട്ടിലാണ് പ്രകാശന്‍.

കഴിഞ്ഞ ദിവസം കൂടി ചിലര്‍ കളിയാക്കിയത്രെ. നിനക്ക് ഒരിക്കലും ലോട്ടറി അടിക്കില്ല എന്ന് പരിഹസിച്ചവരുമുണ്ട് എന്ന് പ്രകാശന്‍ പറയുന്നു. വലിയ വണ്ടിയും മറ്റുമൊന്നും ആവശ്യമില്ല. പെങ്ങള്‍ക്ക് വീട് വയ്ക്കണമെന്ന ആഗ്രഹം മാത്രം. അടച്ചുറപ്പ് ഇല്ലാത്ത വീടായതിനാല്‍ അവിടെ ലോട്ടറി ടിക്കറ്റ് സൂക്ഷിക്കാറില്ല. പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് മണ്ണില്‍ കുഴിച്ചിടുകയാണ് ചെയ്യുക എന്നും പ്രകാശന്‍ പറയുന്നു.