പാരിസ് ഒളിമ്പിക്സ്‌സിൽ വെങ്കലനേട്ടം ആവർത്തിച്ച ഇന്ത്യൻ ഹോക്കി താരം പി.ആർ. ശ്രീജേഷിന് സംസ്ഥാന സർക്കാരിന്റെ സ്വീകരണം; ബുധനാഴ്ച വൈകീട്ട് നാലിന് ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന സ്വീകരണ ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും
തിരുവനന്തപുരം: പാരിസ് ഒളിമ്പിക്സ്‌സിൽ വെങ്കലനേട്ടം ആവർത്തിച്ച ഇന്ത്യൻ ഹോക്കി താരം പി.ആർ. ശ്രീജേഷിന് സംസ്ഥാന സർക്കാരിന്റെ സ്വീകരണം. ബുധനാഴ്ച വൈകീട്ട് നാലിന് തിരുവനന്തപുരം വെള്ളയമ്പലത്തെ ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന സ്വീകരണ ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
ശ്രീജേഷിന് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച രണ്ട് കോടി രൂപ പാരിതോഷികം ചടങ്ങില്‍ മുഖ്യമന്ത്രി സമ്മാനിക്കും. മന്ത്രി വി. അബ്ദുറഹിമാന്‍ അധ്യക്ഷത വഹിക്കും. മന്ത്രിമാരും ജനപ്രതിനിധികളും അന്താരാഷ്ട്ര താരങ്ങളും ഉൾപ്പെടെ കായികരംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും.
ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാക്കളായ അഞ്ച് താരങ്ങളെ പൊതുവിദ്യാഭ്യാസ വകുപ്പില്‍ അസി. സ്പോര്‍ട്സ് ഓര്‍ഗനൈസറായി നിയമിച്ചുള്ള ഉത്തരവ് ചടങ്ങില്‍ മന്ത്രി വി. ശിവന്‍കുട്ടി വിതരണം ചെയ്യും. പി.യു. ചിത്ര, മുഹമ്മദ് അനസ്, വി.കെ. വിസ്‌മയ, വി. നീന, കുഞ്ഞുമുഹമ്മദ് എന്നിവർക്കാണ് നിയമനം നൽകുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പി.ആർ. ശ്രീജേഷിനെ കൂടാതെ പാരിസ് ഒളിമ്പിക്സിൽ പങ്കെടുത്ത രാധാകൃഷ്ണൻ നായർ (അത്‌ലറ്റിക്സ് ചീഫ് കോച്ച്), മുഹമ്മദ് അനസ് (4×400), മുഹമ്മദ് അജ്മൽ (4×400), അബ്ദുല്ല അബൂബക്കർ (ട്രിപ്പിൾ ജമ്പ്), എച്ച്.എസ്. പ്രണോയ് (ബാഡ്മിൻറൺ) എന്നിവരെയും ചടങ്ങിൽ ആദരിക്കും.
ഒക്ടോബർ 30ന് വൈകീട്ട് മൂന്നരയോടെ മാനവീയം വീഥിയിൽ നിന്നും തുറന്ന ജീപ്പിൽ ഘോഷയാത്രയായിട്ടാകും ശ്രീജേഷിനെ ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിലേക്ക് ആനയിക്കുക. രണ്ടായിരത്തോളം വരുന്ന കായികതാരങ്ങളും സ്കൂൾ- കോളജ് വിദ്യാർഥികളും റോളർ സ്കേറ്റിങ്, പഞ്ചാരിമേളം, ബാൻഡ് സെറ്റ് എന്നിവയും ഘോഷയാത്രയുടെ ഭാഗമാകും.
10 സ്കൂള്‍ ബാന്‍റ് സംഘങ്ങളും ജി.വി.രാജ സ്പോര്‍ട്സ് സ്കൂൾ, സ്പോര്‍ട്സ് കൗണ്‍സില്‍ ഹോസ്റ്റലുകൾ, വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ കുട്ടികള്‍ അകമ്പടിയേകും. മന്ത്രിമാരും അന്താരാഷ്ട്ര, ദേശീയ കായികതാരങ്ങളും കായിക അസോസിയേഷന്‍ പ്രതിനിധികളും ചടങ്ങില്‍ പങ്കെടുക്കും.