അവിശ്വാസികളെ ശബരിമല ഭരണത്തിൽനിന്ന് ഒഴിവാക്കണം; പി പി മുകുന്ദൻ പ്രധാനമന്ത്രിക്ക് കത്തയച്ചു

അവിശ്വാസികളെ ശബരിമല ഭരണത്തിൽനിന്ന് ഒഴിവാക്കണം; പി പി മുകുന്ദൻ പ്രധാനമന്ത്രിക്ക് കത്തയച്ചു

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ശബരിമലയെ രക്ഷിക്കാൻ അവിശ്വാസികളെ ശബരിമല ഭരണത്തിൽനിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി മുൻ സംഘടനാസെക്രട്ടറി പി.പി.മുകുന്ദൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കത്തയച്ചു. ശബരിമലയെ ദേശീയ തീർഥാടന കേന്ദ്രമായി പ്രഖ്യാപിച്ച് പ്രത്യേക ഓർഡിനൻസിലൂടെ കേന്ദ്ര സർക്കാർ ഏറ്റെടുക്കണമെന്നും തുടർന്ന് ക്ഷേത്രഭരണം അരാഷ്ട്രീയവൽക്കരിച്ചു ശരിയായ പരിപാലനത്തിനുമായി തിരുപ്പതി മാതൃകയിൽ ദേവസ്ഥാനം സ്ഥാപിക്കണമെന്നും മുകുന്ദൻ ആവശ്യപ്പെട്ടു. അവിശ്വാസികളുടെ പിടിയിൽനിന്നു ശബരിമലയെ രക്ഷിക്കണം. സുപ്രീംകോടതിവിധി എത്രയും വേഗം നടപ്പാക്കുകവഴി ശബരിമലയിലെ ആചാരങ്ങളും പാരമ്പര്യവും തകർക്കാനാണു സിപിഎം നയിക്കുന്ന സംസ്ഥാന സർക്കാരും സർക്കാർ നോമിനികളായ ദേവസ്വം ബോർഡും ശ്രമിക്കുന്നതെന്നും കത്തിൽ മുകുന്ദൻ ആരോപിച്ചു. കത്തിന്റെ പൂർണ്ണ രൂപം :

ആദരണീയ നരേന്ദ്ര മോദിജി,
സാദര നമസ്‌കാരം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പശ്ചിമഘട്ടത്തിലെ മലനിരകളിൽ പെരിയാർ കടുവാ സങ്കേതത്തിൽപ്പെട്ട ഉയർന്ന ഒരു മലയിൽ സ്ഥിതിചെയ്യുന്ന കാനനക്ഷേത്രമായ ശബരിമലയിൽ നൈഷ്ഠിക ബ്രഹ്മചാരീഭാവത്തിൽ കുടികൊള്ളുന്ന ശ്രീധർമശാസ്താവിനെ ദർശിക്കാൻ അഞ്ചുകോടിയോളം ഭക്തരാണു വർഷാവർഷം രണ്ടുമാസം നീളുന്ന ഉത്സവ സമയത്ത് എത്തുന്നത്. ശബരിമല അയ്യപ്പക്ഷേത്രത്തിന്റെ കൈവശാവകാശം സംസ്ഥാന സർക്കാർ നിയോഗിക്കുന്ന രാഷ്ട്രീയക്കാർ ഭരിക്കുന്ന സ്വതന്ത്രഭരണാധികാര സ്ഥാപനമായ തിരുവിതാംകൂർ ദേവസ്വം ബോർഡാണ്. ധർമശാസ്താവിന്റെ അവതാരമായാണ് അയ്യപ്പഭഗവാൻ പന്തളത്തെത്തിയതെന്നു പഴമക്കാർ വിശ്വസിക്കുന്നു. ഗണപതിക്കും സുബ്രഹ്മണ്യനും പുറമെ പരമശിവന്റെ മൂന്നാമത്തെ മകനാണ് ധർമശാസ്താവ് എന്നാണു പുരാണം.

ചില പുരാണങ്ങളിലും പഴമ്പാട്ടുകളിലും അയ്യപ്പനെ വിഷ്ണുമായയിൽ ശിവന്റെ പുത്രനായവൻ എന്നാണു വിശേഷിപ്പിക്കുന്നത്. വലിയ ഭീഷണിയുയർത്തിയ ഉദയനൻ എന്ന കൊള്ളക്കാരനിൽ നിന്നു പന്തളം രാജ്യത്തെ രക്ഷിക്കാനായാണ് അയ്യപ്പൻ അവതാരമെടുത്തതെന്നാണു മറ്റൊരു വിശ്വാസം. അയ്യപ്പന്റെ വളർത്തച്ഛൻ എന്നു വിശേഷിപ്പിക്കപ്പെടുന്ന പന്തളം രാജവംശത്തിലെ രാജാവ് രാജശേഖര പാണ്ഡ്യനാണ് ശബരിമല ക്ഷേത്രം നിർമിച്ചതെന്നാണു കരുതപ്പെടുന്നത്. ശബരിമലയ്ക്ക് അങ്ങേയറ്റം സവിശേഷമായ ആചാരങ്ങളും അനുഷ്ഠാനങ്ങളും താന്ത്രിക രീതികളുമുണ്ട്. 41 ദിവസം നീളുന്ന കഠിനവ്രത്തിനു ശേഷമാണ് ശബരിമല തീർഥാടനം നടത്തുന്നത്. പത്തിനും അമ്പതിനും ഇടയ്ക്കു പ്രായമുള്ള സ്ത്രീകളെ പാരമ്പര്യ ആചാരാനുഷ്ഠാനങ്ങളുടെ പേരിൽ ശബരിമല തീർഥാനത്തിൽ നിന്നു കാലാകാലങ്ങളായി വിലക്കിയിട്ടുണ്ട്. ക്ഷേത്രത്തിന്റെ തന്ത്രിയും പന്തളം കൊട്ടാരവും ഈ ആചാരാനുഷ്ഠാനങ്ങളെ അംഗീകരിച്ചിരിക്കുന്നു.

നൈഷ്ഠിക ബ്രഹ്മചാരീഭാവത്തിൽ പ്രതിഷ്ഠിച്ചിരിക്കുന്ന അയ്യപ്പനെ ദർശിക്കാൻ ആചാരപരമായ കാരണങ്ങളാൽ ഈ പ്രായത്തിലുള്ള സ്ത്രീകൾക്കു വിലക്കുണ്ട്. എന്നാൽ, ഈ പ്രായത്തിലുള്ള സ്ത്രീകൾ ശബരിമല ദർശനത്തിന് എത്താറുണ്ട് എന്നതും ഒരു വസ്തുതയാണ്. നിശ്ചിത പ്രായപരിധിയിലുള്ള സ്ത്രീകൾക്കു വിലക്കേർപ്പെടുത്തിയതിനെ ചോദ്യം ചെയ്ത് യങ് ലോയേഴ്‌സ് അസോസിയേഷൻ എന്ന സംഘടനയുടെ പേരിൽ ഒരു സംഘം വനിതകൾ സുപ്രീം കോടതിയെ സമീപിച്ചതോടെ ഈ പ്രശ്‌നം വലിയ വിവാദമായി. കേസ് തീർപ്പാക്കിയ സുപ്രീം കോടതി ‘ഒരു ക്ഷേത്രവും സ്ത്രീകളെ ആരാധനയ്ക്കായി പ്രവേശിക്കുന്നതിൽ നിന്നു തടയരുത്’ എന്ന് ഉത്തരവിട്ടു. എന്നാൽ, ശബരിമലയിൽ സ്ത്രീപ്രവേശനത്തിനു സമ്പൂർണ വിലക്കില്ല, പാരമ്പര്യ ആചാരങ്ങളുടെയും അനുഷ്ഠാനങ്ങളുടെയും ഭാഗമായി നിയന്ത്രണം മാത്രമേയുള്ളൂ എന്ന കാര്യം സുപ്രീം കോടതി കണക്കിലെടുത്തില്ല. ഒരു വ്യക്തിയുടെ ജീവിതം ആ വ്യക്തിയുടെ ആത്മാവിന്റെ തീർഥയാത്രയാണ്. യോഗ മുതൽ ഭക്തി വരെയുള്ള മാർഗങ്ങളിലൂടെ പരമാത്മാവിലേക്കെത്തുന്ന യാത്ര. 41 ദിവസത്തെ കഠിനവും നിർബന്ധിതവുമായ വ്രതത്തിലൂടെ ശരീരവും മനസും ഹൃദയവും പരിശുദ്ധമാക്കി വേണം ആ തീർഥയാത്ര നടത്തേണ്ടതെന്നു ശബരിമലയുടെ ആചാരം.

ഭക്തിയിലൂടെ വികസിപ്പിച്ചെടുത്ത ജ്ഞാനത്തിൽ എല്ലാ അശുദ്ധികളും എരിഞ്ഞെരിഞ്ഞ് ഇല്ലാതാകുമെന്നും ആത്മാവ് സ്വയം തിരിച്ചറിവു നേടുമെന്നുമാണു സങ്കൽപം. ഇതാണു ശബരിമല തീർഥാടനത്തിന്റെ ആത്യന്തിക അർഥം. തുടർച്ചയായ തീർഥാടനത്തിലൂടെ ആത്മാവ് ഭഗവാനിലേക്കു കൂടുതൽ അടുക്കുമെന്നാണു വിശ്വാസം. കേരളത്തിലെ സിപിഎം നേതൃത്വത്തിലുള്ള സർക്കാരും അവർ നിയോഗിച്ച തിരുവിതാംകൂർ ദേവസ്വം ബോർഡ് അധികാരികളും ശബരിമലയുടെ ഈ സവിശേഷമായ ആചാരവും പാരമ്പര്യവും അനുഷ്ഠാനങ്ങളും തകർക്കാനാണു ശ്രമിക്കുന്നത്. സുപ്രീം കോടതി ഉത്തരവ് എത്രയും നേരത്തേ ധൃതിപിടിച്ചു നടപ്പാക്കാനാണു നീക്കം. സംസ്ഥാനത്തൊട്ടാകെ അയ്യപ്പഭക്തർ നാമജപ യാത്രകളിലൂടെ വലിയൊരു പ്രക്ഷോഭം നടത്തിവരികയാണിപ്പോൾ. നായർ സർവീസ് സൊസൈറ്റി, ശ്രീനാരായണ ധർമ പരിപാലന യോഗം, കേരള പുലയർ മഹാസഭ, മറ്റു വിവിധ ഹൈന്ദവ സംഘടനകൾ എന്നിവരെല്ലാം സുപ്രീം കോടതി ഉത്തരവിനെതിരേയും സംസ്ഥാന സർക്കാരിന്റെ നിലപാടിനെതിരേയും ശക്തമായി രംഗത്തുവന്നിട്ടുണ്ട്.

ആദരണീയ മോദിജി, ശബരിമലയെ സംരക്ഷിക്കാൻ അങ്ങയുടെ ഫലപ്രദമായ ഇടപെടലിനായി അയ്യപ്പഭക്തർ കാത്തിരിക്കുകയാണ്. പ്രത്യേക ഓർഡിനൻസ് പുറപ്പെടുവിച്ച് ശബരിമലയെ കേന്ദ്രസർക്കാർ ഏറ്റെടുക്കണം, ആ തീർഥാടനസ്ഥാനത്തെ ദേശീയ തീർഥാടന കേന്ദ്രമായി പ്രഖ്യാപിക്കണം, ക്ഷേത്രഭരണത്തെ രാഷ്ട്രീയ വിമുക്തമാക്കണം, അതിന്റെ കൃത്യമായ ഭരണനിർവഹണത്തിനും പരിപാലനത്തിനുമായി തിരുപ്പതി മാതൃകയിൽ ദേവസ്ഥാനം രൂപീകരിക്കണം. ശബരിമലയുടെ സ്വത്തും പണവും വരുമാനവും മാത്രം ലക്ഷ്യമിട്ടിരിക്കുന്ന അവിശ്വാസികളുടെ കരങ്ങളിൽ നിന്നും ആ മഹാസ്ഥാപനത്തെ രക്ഷിക്കാൻ താങ്കൾ ഇടപെട്ട് അടിയന്തര നപടികൾ സ്വീകരിക്കുമെന്നാണു ഭക്തരുടെ വിശ്വാസം. അതുണ്ടായാൽ എല്ലാ അയ്യപ്പഭക്തരും താങ്കളോട് കടപ്പെട്ടിരിക്കും.