പി പി ദിവ്യക്കെതിരായ പോലീസിന്റെ റിമാൻഡ് റിപ്പോർട്ട് പുറത്ത്: ദിവ്യയുടേത് ക്രിമിനൽ മനോഭാവം, സമൂഹത്തിൽ നവീൻ ബാബുവിനെ മോശക്കാരനായി ചിത്രീകരിച്ച് ആത്മഹത്യയിലേക്ക് നയിച്ചെന്ന് കണ്ടെത്തൽ
കണ്ണൂർ: എ.ഡി.എമ്മിന്റെ യാത്രയയപ്പ് ചടങ്ങിലേക്ക് പി.പി. ദിവ്യ എത്തിയത് കൃത്യമായ ആസൂത്രണത്തോടെയാണെന്ന് റിമാൻഡ് റിപ്പോർട്ട്. പ്രതി കുറ്റവാസനയോടെയും ആസൂത്രണമനോഭാവത്തോടെയും കുറ്റകൃത്യം നേരിട്ട് നടപ്പിൽ വരുത്തിയ ആളാണെന്നാണ് പോലീസിന്റെ റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്.
യാത്രയയപ്പ് ചടങ്ങിലേക്ക് പ്രതിയെ ക്ഷണിച്ചിട്ടില്ലെന്ന് സംഘാടകർ മൊഴി നൽകിയിട്ടുണ്ട്. പോകുന്ന വഴിയെയാണ് ഇങ്ങനെയൊരു ചടങ്ങ് നടക്കുന്നത് അറിഞ്ഞതെന്ന് പറഞ്ഞാണ് പ്രതി പ്രസംഗം ആരംഭിച്ചത്. പ്രതി എത്തിയപ്പോൾ വേദിയിലുള്ളവർ ഇരിപ്പിടം ഒഴിഞ്ഞുകൊടുക്കുന്നതും വ്യക്തമാണ്. കൂടാതെ വീഡിയോ ചിത്രീകരിക്കാനും ഏർപ്പാടാക്കിയിരുന്നു.
രണ്ടു ദിവസം കാത്തിരിക്കണമെന്നും ഉപഹാരം സമർപ്പിക്കുമ്പോൾ താൻ ഉണ്ടാകരുതെന്നും അതിന് പ്രത്യേക കാരണമുണ്ടെന്നും പ്രതി പറഞ്ഞിരുന്നു. ആ കാരണം രണ്ടുദിവസം കഴിഞ്ഞ് എല്ലാവരും അറിയുമെന്നും പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രതി അറിയപ്പെടുന്ന പൊതുപ്രവർത്തകയും സി.പി.എം. ജില്ലാ കമ്മിറ്റി അംഗവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം വഹിച്ചയാളുമാണ്. പ്രതിയുടെ സഹപ്രവർത്തകരും സഹപാഠികളും ഭരണസിരാ കേന്ദ്രങ്ങളിലുള്ളവരാണ്. നിയമവ്യവസ്ഥയുമായി സഹരിക്കാതെ ഒളിവിൽപ്പോയ പ്രതി സാക്ഷികളെ ഭീഷണിപ്പെടുത്താനും പിന്തിരിപ്പിക്കാനും സാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
പി.പി. ദിവ്യയിൽനിന്ന് തങ്ങൾക്കും കുടുംബത്തിനും ഭീഷണിയുണ്ടാകുമെന്ന് സാക്ഷികൾക്ക് ഭയമുണ്ട്. ജാമ്യം നൽകിയാൽ പ്രതി സാക്ഷികളെ പിന്തിരിപ്പിക്കുകയും നിയമവ്യവസ്ഥയെ വെല്ലുവിളിക്കുകയുംചെയ്യും. എഡിഎം നവീൻ ബാബുവിനെ സമൂഹമധ്യത്തിൽ ഇകഴ്ത്തി മാനഹാനി വരുത്തി ആത്മഹത്യയിലേക്ക് നയിച്ചയാളാണ് പ്രതിയെന്നും റിപ്പോർട്ടിലുണ്ട്.