മാലിന്യ വാഹിനിയായി പൊയ്ക തോട്

മാലിന്യ വാഹിനിയായി പൊയ്ക തോട്

സ്വന്തംലേഖകൻ

അയർക്കുന്നം: ആറുമാനൂർ പ്രദേശത്തെ നിരവധി കുടുംബങ്ങൾ ആശ്രയിക്കുന്ന പൊയ്ക തോട് സാമൂഹ്യവിരുദ്ധർ മലിനമാക്കുന്നതായി പരാതി. മീനച്ചിലാറിനേക്കാൾ ഉയരത്തിൽ നില്ക്കുന്നതും ആറുമാനൂർ പ്രദേശത്തെ എന്നല്ല ജില്ലയിലെ തന്നെ വേനലിലും വറ്റാത്ത ശുദ്ധജല തടാകങ്ങളിൽ ഒന്നാണിത്.
മീൻ പിടിക്കാൻ വിഷം കലക്കുന്നതായും തോടിന്റെ അരികിൽ ഇരുന്ന് മദ്യപിച്ച ശേഷം കുപ്പികൾ തോട്ടിലേക്ക് വലിച്ചെറിയുന്നതായും പരാതി ഉയരുന്നു. സാമൂഹ്യവിരുദ്ധർ അഴിഞ്ഞാടുന്നത് തോടിന്റെ സമീപത്തുള്ള കുടുംബങ്ങൾക്കു ശല്യമാകുന്നതായും പരാതിയുണ്ട്. വിവരംഅറിയിച്ചാലും പോലീസ് സ്ഥലത്തെത്തുന്നില്ല എന്നും സമീപവാസികൾ പരാതി പറയുന്നു. കൃഷി ആവശ്യങ്ങൾക്കും കുടിവെള്ളത്തിനായും പ്രദേശവാസികളുടെ ഏക ആശ്രയമാണ് പൊയ്കതോട്.കാലവർഷമാകുന്നതോടെ അയർക്കുന്നം ടൗണിലെ നിരവധി സ്ഥാപനങ്ങളിലെ മാലിന്യം ഒഴുക്കി വിടുന്നത് പൊയ്കതോട്ടിലാണ് വന്നടിയുന്നതെന്ന് വ്യാപക പരാതി നിലനില്ക്കെയാണ് മദ്യപാനികളുടെ ശല്ല്യവും കുളം കലക്കിയുള്ള മീൻപിടുത്തവും. തോടിന് കുറുകേ ചെറിയപാലം നിർമ്മിച്ച് ഇരു കരകളെ തമ്മിൽ ബന്ധിപ്പിച്ച് മനോഹരമായ ഈ പ്രദേശത്ത് ടൂറിസം പദ്ധതി നടപ്പാക്കാൻ പദ്ധതി വിഭാവനം ചെയ്തു വരികെയാണ് തോട് മലിനമാക്കപ്പെടുന്ന പ്രവർത്തികൾ സാമൂഹ്യ വിരുദ്ധരുടെ ഭാഗത്തു നിന്നുണ്ടാവുന്നതെന്ന് സ്ഥലവാസികൾ പറയുന്നു.
മുൻ വർഷങ്ങളിൽ മീനച്ചിലാറിൽ നിന്ന് പൊയ്ക തോട്ടിലേക്കുള്ള കൈവഴികൾ ബ്ലോക്ക് പഞ്ചായത്ത് പദ്ധതിയിൽപ്പെടുത്തി ആഴം കൂട്ടിയിരുന്നതായും മീനച്ചിലാർ മീനന്തലയാർ സംയോജന പദ്ധതിയുടെ പ്രധാന ഭാഗമായ പൊയ്കതോട് ശുദ്ധീകരിക്കാൻ ബ്ലോക്ക് പഞ്ചായത്ത് വീണ്ടും അഞ്ചു ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ടെന്നും,
തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം കഴിഞ്ഞാൽ ഉടൻ തന്നെ മൈനർ ഇറിഗേഷന്റെ നേതൃത്വത്തിൽ ശുദ്ധീകരണ നടപടികൾ ആരംഭിക്കുമെന്നും ബ്ലോക്ക് പഞ്ചായത്തംഗം ജോയിസ് കൊറ്റത്തിൽ പറഞ്ഞു.