
റാന്നി: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് ‘പോറ്റിയേ കേറ്റിയേ..’ എന്ന പാരഡിഗാനം തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചെന്നു ചൂണ്ടിക്കാട്ടി റാന്നി യുഡിഎഫ് സ്ഥാനാർഥി പഴകുളം മധുവിനെതിരെ പരാതി.
തിരുവാഭരണ പാത സംരക്ഷണസമിതി ജനറൽ സെക്രട്ടറി പ്രസാദ് കുഴികാലയാണു തിരഞ്ഞെടുപ്പു കമ്മിഷനു പരാതി നൽകിയത്. ശബരിമല സ്വർണക്കൊള്ള വിഷയം ഇനിയും ഉന്നയിക്കുമെന്നും തന്നെ തിരഞ്ഞെടുപ്പു കേസിൽ കുടുക്കാനുള്ള ഇടതു മുന്നണിയുടെ ഗൂഢ ശ്രമമാണെന്നു പഴകുളം മധു പറഞ്ഞു.
ഇതേ പാരഡി ഗാനത്തിനെതിരെ പ്രസാദ് തന്നെ മുൻപ് സംസ്ഥാന പൊലീസ് മേധാവിക്കു പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഡിസംബറിൽ കേസെടുത്തെങ്കിലും നടപടികൾ മുന്നോട്ടു പോയില്ല.

Whatsapp Group 1 | Whatsapp Group 2 |Telegram Group
താൻ മത ചിഹ്നങ്ങൾ ഉപയോഗിച്ചില്ലെന്നും സിപിഎം റാന്നിയിൽ എൻഡിഎയുമായി അവിശുദ്ധ കൂട്ടുകെട്ടുണ്ടാക്കിയെന്നും മധു വ്യക്തമാക്കി. യുഡിഎഫ് അധികാരത്തിൽ വന്നാൽ നാമജപഘോഷയാത്ര നടത്തിയവർക്കെതിരെ ചുമത്തിയ കേസുകൾ പിൻവലിക്കുമെന്നും പഴകുളം മധു പറഞ്ഞു.
ശബരിമല സ്വർണക്കൊള്ള പുറത്തു വന്നപ്പോഴാണ് അതിലെ പ്രതികളെ കളിയാക്കി പാരഡി ഗാനം ഇറങ്ങിയത്. ഇത് തദ്ദേശ തിരഞ്ഞെടുപ്പ് സമയത്ത് ഇടതുപക്ഷത്തിനു വലിയ തിരിച്ചടിയുണ്ടാകാൻ കാരണമായിരുന്നു. അന്നു പ്രസാദ് കുഴികാല പരാതി നൽകിയെങ്കിലും സിപിഎം പിന്തുണച്ചില്ല.



