പോത്തൻകോട് സുധീഷ് കൊലകേസ് ; മുഴുവൻ പ്രതികൾക്കും ജീവപര്യന്തം ശിക്ഷ; നെടുമങ്ങാട് എസ്സി/എസ്ടി കോടതിയാണ് ശിക്ഷ വിധിച്ചത്

Spread the love

തിരുവനന്തപുരം: തിരുവനന്തപുരം പോത്തന്‍കോട് ഗുണ്ടാസംഘം യുവാവിനെ കൊന്ന് കാല്‍ വെട്ടിയെറിഞ്ഞ കേസില്‍ മുഴുവൻ പ്രതികൾക്കും ജീവപര്യന്തം ശിക്ഷ വിധിച്ചു. നെടുമങ്ങാട് SC – ST കോടതിയാണ് ശിക്ഷ വിധിച്ചത്.

കേസിൽ ഒട്ടകം രാജേഷ് ഉൾപ്പടെ 11 പ്രതികൾ ആണ് ഉള്ളത്. A1 സുധീഷ് ഉണ്ണി, A2 ശ്യാം, ഒട്ടകം രാജേഷ്, നിധീഷ്, നന്ദീഷ്, രഞ്ജിത്ത്, ശ്രീനാഥ്, സൂരജ്,അരുൺ, ജിഷ്ണു,സജിൻ എന്നിവരാണ് മറ്റ് പ്രതികൾ.

9 പ്രതികൾക്കും നിരവധി കേസുകൾ ഉണ്ട്. ഒട്ടകം രാജേഷ് 2 കൊല കേസുകളിൽ ഉൾപ്പടെ 18 കേസുകളിലെ പ്രതിയാണ്. പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണമെന്നും ഒന്നാം പ്രതി സുധീഷ്,മൂന്നാം പ്രതി ഒട്ടകം രാജേഷ് എന്നിവർക്ക് വധശിക്ഷ തന്നെ നൽകണമെന്നുമായിരുന്നു കോടതിയിൽ പ്രോസിക്യൂഷന്റെ വാദം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രതികൾക്ക് വധശിക്ഷ നൽകണമായിരുന്നുവെന്ന് സുധീഷിന്റെ അമ്മ ലീല പ്രതികരിച്ചു. മകനെ ക്വട്ടേഷൻ നൽകി കൊലപ്പെടുത്തിയതാണ്. എന്താണ് കാരണമെന്ന് പോലും അറിയില്ല. തനിക്കുണ്ടായ വിഷമം പ്രതികൾക്ക് വധശിക്ഷ നൽകേണ്ട തരത്തിൽ ആയിരുന്നുവെന്നും ലീല പ്രതികരിച്ചു.

മംഗലപുരം സ്വദേശിയാണ് കൊല്ലപ്പെട്ട സുധീഷ്. 2021 ഡിസംബര്‍ 11നായിരുന്നു സുധീഷ് ഒളിവിൽ താമസിച്ചിരുന്ന വീട്ടിലേക്ക് ഗുണ്ടാ സംഘമെത്തി ക്രൂര കൊലപാതകം ആവിഷ്കരിച്ചത്. മുഖ്യപ്രതിയായ സുധീഷ് ഉണ്ണിയുമായി സുധീഷ് രണ്ട് മാസം മുന്‍പ് അടിയുണ്ടാക്കിയിരുന്നു. അതിന്റെ പകരം വീട്ടാനാണ് സുധീഷ് ഉണ്ണി ഗുണ്ടാനേതാവായ ഒട്ടകം രാജേഷുമായി ചേര്‍ന്ന് കൊലപാതകം ആസൂത്രണം ചെയ്തത്.

ആക്രമണം ഭയന്ന് നാടുവിട്ട സുധീഷ് പോത്തന്‍കോടിനടുത്ത് കല്ലൂരിലെ പാണന്‍വിള കോളനിയിലെ ബന്ധുവീട്ടില്‍ വന്ന് ഒളിവില്‍ കഴിയുകയായിരുന്നു. സുധീഷിന്റെ ബന്ധുവായ ഒരാള്‍ ഇക്കാര്യം ഒറ്റിയതോടെയാണ് എതിര്‍സംഘം സ്ഥലം അറിഞ്ഞതും ബൈക്കിലും ഓട്ടോയിലുമായെത്തി കൊല നടത്തിയതും. പ്രതികൾ സുധീഷിനെ ഓടിച്ചിട്ട് വെട്ടി കൊലപ്പെടുത്തുകയായിരുന്നു. പക അടങ്ങാതെ കാലുകൾ വെട്ടിയെടുത്ത് പൊതുവഴിയില്‍ വലിച്ചെറിഞ്ഞ് സംഘം കൊലപാതകം ആഘോഷിക്കുകയും ചെയ്തു. പ്രതികളായ പതിനൊന്ന് പേരെയും വിവിധയിടങ്ങളില്‍ നിന്നായിട്ടാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം റൂറല്‍ അഡീഷണല്‍ എസ്.പിയായിരുന്ന എം.കെ.സുള്‍ഫിക്കറിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.