
പി.എസ്.സിയുടെ അഡ്വൈസ് മെമ്മോ ലഭിച്ചില്ല; യുവതിയുടെ അന്വേഷണം ചെന്നെത്തിയത് തപാൽ ഉരുപ്പടികൾ വീട്ടിൽ പൂഴ്ത്തിവെച്ച പോസ്റ്റുമാനിലേക്ക്; ഒടുവിൽ സസ്പെൻഷൻ
സ്വന്തം ലേഖകൻ
നെന്മാറ (പാലക്കാട്): കോട്ടയം മഹാത്മാ ഗാന്ധി യൂനിവേഴ്സിറ്റി അസി. തസ്തികയിലേക്ക് നിയമനത്തിനുള്ള പി.എസ്.സിയുടെ തിരുവനന്തപുരം ഓഫിസിൽനിന്ന് അയച്ച അഡ്വൈസ് മെമ്മോ ലഭിക്കാത്തതിനെ തുടർന്ന് പോസ്റ്റ്മാന്റെ വീട് പരിശോധിച്ചപ്പോൾ വിതരണം ചെയ്യാത്ത കെട്ടുകണക്കിന് തപാൽ ഉരുപ്പടികൾ പോസ്റ്റൽ അധികൃതർ കണ്ടെടുത്തു.
അയിലൂർ ഹെഡ് പോസ്റ്റ് ഓഫിസിന് കീഴിലെ കയറാടി പയ്യാങ്കോട്ടിലെ ബ്രാഞ്ച് പോസ്റ്റ് ഓഫിസിലെ ഇ.ഡി പോസ്റ്റ്മാൻ സി. കണ്ടമുത്തനാണ് (57) തപാലുകൾ വിതരണം ചെയ്യാതെ വീട്ടിൽ സൂക്ഷിച്ചത്. സംഭവത്തിൽ പാലക്കാട് പോസ്റ്റൽ സൂപ്രണ്ട് അന്വേഷണം നടത്തി നടപടി സ്വീകരിക്കാൻ ഉത്തരവിട്ടു. കണ്ടമുത്തനെ താൽക്കാലികമായി ജോലിയിൽനിന്ന് മാറ്റിനിർത്തിയതായി അസി. പോസ്റ്റല് സൂപ്രണ്ട് എന്. ഉണ്ണികൃഷ്ണന് അറിയിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

തന്നെക്കാൾ റാങ്ക് കുറഞ്ഞവർക്കും അഡ്വൈസ് മെമ്മോ ലഭിച്ച് ആഴ്ചകൾ കഴിഞ്ഞിട്ടും കിട്ടാതായപ്പോൾ അയിലൂർ പറയൻപള്ളം സ്വദേശിനിയാണ് അന്വേഷണം ആരംഭിച്ചത്.
നിരവധി തവണ അന്വേഷിച്ചിട്ടും അത്തരമൊരു കത്ത് വന്നിട്ടില്ലെന്നാണ് പോസ്റ്റ്മാൻ പറഞ്ഞത്. തുടരെയുള്ള അന്വേഷണത്തിൽ തന്റെ വീട്ടിൽ വിതരണം ചെയ്യാതെ സൂക്ഷിച്ച കത്തുകളിൽ നോക്കാമെന്ന് പറഞ്ഞ് പോസ്റ്റ്മാൻ വീട്ടിൽ ചെന്ന് നോക്കിയപ്പോഴാണ് അഡ്വൈസ് മെമ്മോ കണ്ടെത്തിയത്. പോസ്റ്റ്മാന്റെ വീട്ടിൽനിന്ന് അന്വേഷണ ഉദ്യോഗസ്ഥർ കെട്ടുകണക്കിന് തപാൽ ഉരുപ്പടികൾ ചാക്കിലും കവറുകളിലുമായി സൂക്ഷിച്ചത് വീണ്ടെടുത്തു.