ഉമ്മൻചാണ്ടിയ്‌ക്കെതിരെ കോട്ടയത്തെ കോൺഗ്രസിൽ പൊട്ടിത്തെറി; ഡി.സി.സി പ്രസിഡന്റ് സ്ഥാനത്തേയ്ക്കു പരിഗണിക്കുന്ന നാട്ടകം സുരേഷെന്ന ജനകീയ നേതാവിനെ വെട്ടാൻ ഗ്രൂപ്പ് കളി; നാട്ടകം സുരേഷിനെ വെട്ടിയാൽ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി കോൺഗ്രസിലെ ഒരു വിഭാഗം; ഡി.സി.സിയ്ക്കു മുന്നിൽ പോസ്റ്റർ യുദ്ധം
തേർഡ് ഐ പൊളിറ്റിക്‌സ്
കോട്ടയം: ജനകീയനും മികച്ച സംഘാടകനുമായ നാട്ടകം സുരേഷിനെ ഡി.സി.സി പ്രസിഡന്റ് ആക്കാനുള്ള നീക്കം തടയാനും, വെട്ടാനും പോസ്റ്റർ യുദ്ധവുമായി കോൺഗ്രസിലെ കുറുമുന്നണി. വർഷങ്ങളോളമായി പാർട്ടി അച്ചടക്കം പാലിച്ച് മുന്നോട്ടു പോകുന്ന നാട്ടകം സുരേഷിനെ തകർക്കാനാണ് സ്വകാര്യ കേന്ദ്രങ്ങളിൽ നിന്നും ശ്രമം തുടരുന്നത്. ഇതിന്റെ ഭാഗമായി മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയ്‌ക്കെതിരെ പോസ്റ്റർ യുദ്ധവും ആരംഭിച്ചു.
കോട്ടയം ഡിസിസിയ്ക്കു മുന്നിലാണ് ഉമ്മൻചാണ്ടിക്കെതിരെ കോട്ടയത്ത് പോസ്റ്റർ പതിപ്പിച്ചത്. ഉമ്മൻചാണ്ടി കോൺഗ്രസിന്റെ അന്തകനോ എന്നാണ് പോസ്റ്ററിൽ ചോദിച്ചിരിക്കുന്നത്. കോട്ടയം ജില്ലാ കമ്മറ്റി ഓഫിസിനു മുന്നിലും നഗരത്തിലുമായാണ് പോസ്റ്റർ പതിപ്പിച്ചിട്ടുള്ളത്. കോട്ടയം ജില്ലാ കമ്മറ്റി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നവർക്കെതിരയേും പോസ്റ്ററുകൾ ഉണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നത് കഞ്ചാവ് കടത്തുകാരനെയെന്ന് പോസ്റ്ററിൽ പറയുന്നു. സേവ് കോൺഗ്രസ് എന്ന പേരിലാണ് പോസ്റ്റർ പതിച്ചിട്ടുള്ളത്. നാട്ടകം സുരേഷിനെയും യൂജിൻ തോമസിനെയുമാണ് ഡിസിസി പ്രസിഡണ്ട് സ്ഥാനത്തേക്ക് പരിഗണിക്കുന്നത്.
അതേ സമയം ഡിസിസി അധ്യക്ഷസ്ഥാനത്തേക്ക് കരുക്കൾ നീക്കുന്ന ആളുകൾ തമ്മിലുള്ള ശീതയുദ്ധം ആണ് പോസ്റ്ററുകൾക്ക് പിന്നിലെന്നും സൂചന. പരസ്പരം ചെളിവാരി എറിയുകയും എതിരാളിയെ അപകീർത്തിപ്പെടുത്തുകയും ആണ് പോസ്റ്ററുകൾ ലക്ഷ്യമിടുന്നത്. ഉമ്മൻചാണ്ടിയെ സമ്മർദ്ദത്തിൽ ആക്കുക എന്ന നീക്കവും ഇതിനു പിന്നിൽ ഉണ്ടാകാനുള്ള സാധ്യതയും രാഷ്ട്രീയ കേന്ദ്രങ്ങൾ തള്ളിക്കളയുന്നില്ല.
പാർട്ടി പുനസംഘടനയുമായി ബന്ധപ്പെട്ട് വിവിധ ഗ്രൂപ്പുകൾക്ക് ഇടയിൽ തന്നെ ആശയക്കുഴപ്പം നിലനിൽക്കുന്നുണ്ട്. ഒരേ ഗ്രൂപ്പിൽ നിന്ന് തന്നെ ഒന്നിലധികം ആളുകൾ പദവി ലക്ഷ്യമിട്ടു നടത്തുന്ന നീക്കങ്ങളാണ് ഇത്തരം ആശയക്കുഴപ്പം സൃഷ്ടിക്കുന്നത്. കോൺഗ്രസ് ഗ്രൂപ്പിന് ഏറ്റവും സംഘടന ശക്തിയുള്ള കോട്ടയം ജില്ലയിൽ പോലും ഗ്രൂപ്പ് സമവാക്യങ്ങളിൽ മാറ്റങ്ങൾ ഉണ്ട് എന്നതിന് കൃത്യമായ സൂചനകളും പുറത്തുവരുന്നുണ്ട്.
കോട്ടയത്തെ കോൺഗ്രസ് പാർട്ടിക്കുള്ളിൽ ഉമ്മൻചാണ്ടിയെ ലക്ഷ്യമിട്ട് നടക്കുന്ന ഒരു നീക്കം എന്നത് ഞെട്ടലോടെയാണ് കോൺഗ്രസ് നേതാക്കൾ കാണുന്നത്. ആരെങ്കിലും അപമാനിക്കുവാൻ വേണ്ടി ഉമ്മൻചാണ്ടിയെ തന്നെ വിഷയത്തിലേക്ക് വലിച്ചിഴക്കുന്നത് ഒരു രീതിയിലും അംഗീകരിക്കാൻ കഴിയില്ല എന്നാണ് നേതൃത്വം പറയുന്നത്.
ഇതിനെതിരെ ഗൗരവമായ നടപടികൾ പാർട്ടിക്കുള്ളിൽ നിന്ന് ഉണ്ടാകുമെന്ന് തന്നെയാണ് പാർട്ടി വൃത്തങ്ങൾ നൽകുന്ന സൂചന.