
തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പില്‍ പോസ്റ്റല്‍ വോട്ട് ചെയ്യേണ്ട രീതിയില്‍ മാറ്റമുണ്ട്. വോട്ട് ചെയ്ത് തപാലില്‍ അയക്കുന്ന രീതി ഇത്തവണയില്ല.
പകരം രണ്ടുതരം ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. പോളിങ് ചുമതലയുള്ള ജീവനക്കാർക്ക് അവർ ജോലിചെയ്യുന്ന നിയോജകമണ്ഡലങ്ങളില്‍ പോസ്റ്റല്‍ വോട്ട് ചെയ്യാൻ വോട്ടർ ഫെസിലിറ്റേഷൻ സെന്ററുകള്‍ അഥവാ വിഎഫ്സികള്‍ സജ്ജമാക്കും. അവശ്യസേവന വിഭാഗത്തില്‍പ്പെട്ടവർക്ക് സ്വന്തം നിയോജകമണ്ഡലങ്ങളില്‍ച്ചെന്ന് വോട്ടുചെയ്യാൻ പോസ്റ്റല്‍ വോട്ടിങ് സെന്ററുകള്‍ അഥവാ പിവിസികളും ഒരുക്കും.
പോളിങ് ചുമതലയുള്ള ജീവനക്കാർക്ക് പോസ്റ്റല്‍ വോട്ടിന് ഫോം 12-ല്‍ ഏപ്രില്‍ രണ്ടുവരെ അപേക്ഷിക്കാം. വോട്ട് ചെയ്യുന്നതിനുള്ള ഫെസിലിറ്റേഷൻ സെൻറർ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ള നിയമസഭ മണ്ഡലത്തിലായിരിക്കും. അവിടെത്തന്നെ ആയിരിക്കും രണ്ടാംഘട്ട പരിശീലനകേന്ദ്രവും. മാർച്ച് 31 മുതല്‍ ഏപ്രില്‍ എട്ടുവരെ വോട്ട് ചെയ്യാം. എല്ലാ നിയോജകമണ്ഡലങ്ങളിലും സെന്ററുണ്ടാവും. പോളിങ് ബൂത്തിലുണ്ടാകുന്ന എല്ലാ ക്രമീകരണങ്ങളും ഈ സെന്ററുകളില്‍ ഒരുക്കുകയും ചെയ്യും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ബാലറ്റിലായിരിക്കും വോട്ട് രേഖപ്പെടുത്തേണ്ടത്. വോട്ട് ചെയ്യാൻ വോട്ടർ ഐഡി കാർഡ്, ഇലക്ഷൻ ഡ്യൂട്ടിക്ക് പോസ്റ്റ് ചെയ്ത ഉത്തരവ് എന്നിവ വേണം. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ള നോണ്‍ പോളിങ് ഓഫിസർമാർക്ക് (പൊലീസ്, ഡ്രൈവർമാർ, നോഡല്‍ ഓഫിസർമാർ തുടങ്ങിയവർ) വോട്ട് ചെയ്യാൻ ജില്ലാ കേന്ദ്രത്തില്‍ മാത്രമായിരിക്കും വോട്ടർ ഫെസിലിറ്റേഷൻ സെന്ററുണ്ടാകുക.
അവശ്യസേവന വിഭാഗത്തില്‍പെട്ടവർക്ക് (ആബ്സന്റീ വോട്ടേഴ്സ് എസൻഷ്യല്‍ സർവിസ്) വോട്ടവകാശമുള്ള നിയോജകമണ്ഡലങ്ങളില്ത്തന്നെ പോസ്റ്റല്‍ വോട്ടിങ് സെന്റർ ഒരുക്കും. മാർച്ച് 31 മുതല്‍ ഏപ്രില്‍ ആറുവരെ അവിടെച്ചെന്ന് വോട്ടുചെയ്യാം. ബാലറ്റ് സ്ട്രോങ് റൂമില്‍ സൂക്ഷിക്കും. പൊലീസ്, എക്സൈസ്, അഗ്നിരക്ഷാസേന, റെയില്‍വേ, കെഎസ്ആർടിസി, ബിഎസ്എൻഎല്‍, കെഎസ്ഇബി, തപാല്‍ വകുപ്പ് തുടങ്ങി 14 വിഭാഗങ്ങളിലെ ജീവനക്കാരാണ് അവശ്യസേവന വിഭാഗത്തിലുള്‍പ്പെടുന്നത്.



