ഗര്‍ഭിണിയായ ഇന്ത്യന്‍ ടൂറിസ്റ്റ് മരിച്ചു; പോര്‍ച്ചുഗല്‍ ആരോഗ്യമന്ത്രി രാജിവെച്ചു
ലിസ്ബണ്‍: ഗര്‍ഭിണിയായ ഇന്ത്യന്‍ ടൂറിസ്റ്റ് ചികിത്സ കിട്ടാതെ മരിച്ച സംഭവത്തില്‍ പോര്‍ച്ചുഗല്‍ ആരോഗ്യമന്ത്രി മാര്‍ത്താ ടെമിഡോ രാജിവെച്ചു. 34കാരിയായ ഇന്ത്യന്‍ യുവതിയാണ് ലിസ്ബനിലെ സാന്റാ മരിയ ഹോസ്പിറ്റലില്‍ നിന്നും ആംബുലന്‍സില്‍ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ മരിച്ചത്.
ഇവിടെ പ്രസവവുമായി ബന്ധപ്പെട്ട നിയോനാറ്റോളജി വിഭാഗത്തില്‍ ഒഴിവില്ലാത്തതിനെ തുടര്‍ന്നാണ് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയത്. ഇതിനിടെ യുവതിക്ക് ഹൃദയസ്തംഭനം ഉണ്ടാകുകയായിരുന്നു. കുഞ്ഞിനെ അടിയന്തര ശസ്ത്രക്രിയ വഴി പുറത്തെടുത്തിരുന്നു.
ഇന്ത്യന്‍ യുവതിയുടെ മരണം പോര്‍ച്ചുഗലില്‍ വ്യാപക പ്രതിഷേധത്തിന് കാരണമായിരുന്നു. പ്രസവചികിത്സയുമായി ബന്ധപ്പെട്ട അടിയന്തര സേവനങ്ങള്‍ താത്കാലികമായി നിര്‍ത്തിവെക്കാനുള്ള മന്ത്രി മാര്‍ത്തയുടെ തീരുമാനമാണ് യുവതിയുടെ മരണത്തില്‍ കലാശിച്ചതെന്നാണ് വിമര്‍ശകര്‍ ആരോപിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group