പോപ്പുലര്‍ ഫ്രണ്ടിന് പരിശീലനം; സസ്പെന്‍ഷനിലായ ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥനെ തിരിച്ചെടുത്തു
സ്വന്തം ലേഖിക
പാലക്കാട്: പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് അഗ്നിശമനസേനാംഗങ്ങള്‍ പരിശീലനം നല്‍കിയ സംഭവത്തില്‍ പരിശീലനം നല്‍കാന്‍ അനുമതി കൊടുത്തതിന് സസ്പെന്‍ഷനിലായിരുന്ന ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥനെ തിരിച്ചെടുത്തു.
റീജിയണല്‍ ഫയര്‍ ഓഫീസറായിരുന്ന ഷിജു കെ.കെയെ ആണ് തിരിച്ചെടുത്തത്. തസ്തികയില്‍ പാലക്കാട് റീജണല്‍ ഫയര്‍ ഓഫീസിലാണ് നിയമനം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പാലക്കാട് റീജണല്‍ ഫയര്‍ ഓഫീസറായിരുന്ന ജെ.എസ്. സുജിത് കുമാറിനെ എറണാകുളത്തേക്കും എറണാകുളം റീജണല്‍ ഫയര്‍ ഓഫീസര്‍ വി. സിദ്ധകുമാറിനെ സിവില്‍ ഡിഫന്‍സ് റീജണല്‍ ഫയര്‍ ഓഫീസറായി ആസ്ഥാന കാര്യാലയത്തിലേക്കും മാറ്റിയിട്ടുണ്ട്. ഇതേ സംഭവത്തില്‍ സസ്പെന്‍ഷനിലായ എറണാകുളം ജില്ലാ ഫയര്‍ ഓഫീസറായ എ.എസ്. ജോഗിയെ നേരത്തെ സര്‍വ്വീസിലേയ്‌ക്ക് തിരിച്ചെടുത്തിരുന്നു.
കഴിഞ്ഞ മാര്‍ച്ച് 30-നാണ് വിവാദമായ സംഭവം നടന്നത്. ആലുവ ടൗണ്‍ ഹാളില്‍ വച്ച് പോപ്പുലര്‍ ഫ്രണ്ട് സംഘടിപ്പിച്ച പരിപാടിയിലാണ് സംഘടനയുടെ പ്രവര്‍ത്തകര്‍ക്ക് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ പരീശീലനം നല്‍കിയത്. പോപ്പുലര്‍ ഫ്രണ്ട് പുതുതായി രൂപം നല്‍കിയ റെസ്‌ക്യൂ ആന്‍ഡ് റിലീഫ് എന്ന സംഘടനയുടെ സംസ്ഥാനതല ഉദ്ഘാടന പരിപാടിയിലാണ് സംഭവം. അപകടത്തില്‍ നിന്നും ഒരാളെ രക്ഷിക്കുന്നതിനുള്ള വിവിധ രീതികള്‍ അതിനായി ഉപകരണങ്ങള്‍ ഉപയോഗിക്കുന്ന വിധം എന്നിവയിലാണ് പ്രവര്‍ത്തകര്‍ക്ക് സേനാംഗങ്ങള്‍ പരിശീലനം നല്‍കിയത്.