
മലപ്പുറം: ഡ്രഗ് റഗുലേറ്റർമാർ സെപ്റ്റംബറിൽ നടത്തിയ സാമ്പിൾ പരിശോധനയിൽ ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയ 67 മരുന്നുകളുടെ പട്ടിക സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ (സി.ഡി.എസ്.സി.ഒ) പുറത്തുവിട്ടു.
പൊതുമേഖല സ്ഥാപനമായ ഹിന്ദുസ്ഥാൻ ആന്റിബയോട്ടിക്സ് ലിമിറ്റഡ് (എച്ച്.എ.എൽ) നിർമിച്ച രണ്ട് ഗുളികകളും സംസ്ഥാന സർക്കാർ സ്ഥാപനമായ ഔഷധി നിർമിച്ച ആയുർവേദ മരുന്നും ഗുണനിലവാരമില്ലാത്ത മരുന്നുകളുടെ (നോട്ട് സ്റ്റാൻഡേർഡ് ക്വാളിറ്റി-എൻ.എസ്.ക്യു) പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.
എച്ച്.എ.എൽ നിർമിച്ചതായി ലേബൽ ചെയ്ത, മെട്രോണിഡാസോൾ 400 മില്ലിഗ്രാം ഗുളികകൾ, ഡിക്ലോഫെനാക് സോഡിയം 50 മില്ലിഗ്രാം ഗുളികകൾ എന്നിവയാണ് ഗുണനിലവാര പരിശോധനയിൽ പരാജയപ്പെട്ടത്. ഔഷധി ഫാർമസ്യൂട്ടിക്കൽ കോർപറേഷന്റെ ‘യോഗരാജ ഗുഗ്ഗുലു’ എന്ന ആയുർവേദ മരുന്നാണ് എൻ.എസ്.ക്യു ആയി ഡ്രഗ് റഗുലേറ്റർമാർ പ്രഖ്യാപിച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ആൽക്കം ഹെൽത്ത് സയൻസ് നിർമിച്ച പാൻ 40 (പാന്റപ്രാസോൾ ഗ്യാസ്ട്രോ റെസിസ്റ്റന്റ് ഗുളികകൾ), ക്ലാവം 625 (അമോക്സിസിൽലിൻ, പൊട്ടാസ്യം ക്ലാവുലാനേറ്റ് ഗുളികകൾ) എന്നിവയും കാഡില ഫാർമസ്യൂട്ടിക്കൽസിന്റെ സിപ്രോഡാക് 500 (സിപ്രോഫ്ലോക്സാസിൻ ഗുളികൾ), ഐ.പി.സി.എ ലബോറട്ടറീസിന്റെ സെറോഡോൾ-എസ്.പി (അസിക്ലോഫെനാക് 100 മി.ഗ്രാം, സെറാറ്റിയോപെപ്റ്റിഡേസ് 15 മി.ഗ്രാം, പാരസെറ്റമോൾ 325 മി.ഗ്രാം ഗുളികകൾ), വിവ്മെദ് ലാബ്സ് ലിമിറ്റഡ് നിർമിച്ചതായി ലേബൽ ചെയ്ത പാരസെറ്റമോൾ പീഡിയാട്രിക്ക് ഓറൽ സസ്പെൻഷൻ എന്നിവയും ഗുണനിലവാര പരിശോധനയിൽ പരാജയപ്പെട്ടു.
ഫരീദാബാദിലെ നെസ്റ്റർ ഫാർമസ്യൂട്ടിക്കൽസ് നിർമിച്ച 20 മില്ലിഗ്രാം ഫ്രൂസെമൈഡ് കുത്തിവെപ്പും ഗുണനിലവാരമില്ലെന്ന് കണ്ടെത്തി. ടെൽമിസാർട്ടൻ 40 മില്ലിഗ്രാം ഗുളികകൾ, പാന്റപ്രസോൾ കുത്തിവെപ്പ് 40 മില്ലിഗ്രാം, ഗ്ലിമെപിറൈഡ് ഗുളികകൾ, ചുമ സിറപ്പ് എന്നിവയും എൻ.എസ്.ക്യു ആയി പ്രഖ്യാപിച്ചവയിൽ ഉൾപ്പെടുന്നു.
സെൻട്രൽ ലബോറട്ടറികളിൽ പരിശോധിച്ച സാമ്പിളുകളിൽ 49ഉം സ്റ്റേറ്റ് ലാബുകളിലെ 18ഉം മരുന്നുകളാണ് ഗുണനിലവാര പരിശോധനയിൽ പരാജയപ്പെട്ടത്. എൻ.എസ്.ക്യു മരുന്നുകൾ ആവർത്തിച്ച് ഉൽപാദിപ്പിക്കുന്ന കമ്പനികളെ കരിമ്പട്ടികയിൽ ഉൾപ്പെടുത്താൻ ഡ്രഗ്സ് കൺസൾട്ടേറ്റീവ് കമ്മിറ്റി (ഡി.സി.സി) യോഗം നേരത്തെ തീരുമാനിച്ചിരുന്നു.