ഇടുക്കി പൂപ്പാറയില്‍ പതിനാറുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസ് : പ്രതികൾക്ക് 90 വർഷം കഠിന തടവ് ; കോടതി ശിക്ഷിച്ചത് മൂന്നു പ്രതികളെ ; വിധി പ്രസ്താവിച്ചത് ദേവികുളം അതിവേഗ പോക്സോ കോടതി
സ്വന്തം ലേഖകൻ
ഇടുക്കി: ഇടുക്കി പൂപ്പാറയില്‍ പതിനാറുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ പ്രതികൾക്ക് 90 വർഷം കഠിന തടവ്. മൂന്നു പ്രതികളെയാണ് കോടതി ശിക്ഷിച്ചത്. ദേവികുളം അതിവേഗ പോക്സോ കോടതിയാണ് വിധി പ്രസ്താവിച്ചത്. പ്രതികൾക്ക് 40,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്.
തമിഴ്നാട് സ്വദേശികളായ സുഗന്ധ്, ശിവകുമാര്‍, ഇടുക്കി പൂപ്പാറ സ്വദേശി ശ്യാം എന്നിവരെയാണ് ശിക്ഷിച്ചത്. ഇന്ത്യൻ ശിക്ഷാ നിയമം, പോക്സോ എന്നിവയുടെ വിവിധ വകുപ്പുകൾ പ്രകാരമാണ് ശിക്ഷ. പിഴത്തുക പെൺകുട്ടിക്ക് നൽകണം. പിഴ അടച്ചില്ലെങ്കിൽ ആറു മാസം അധികം തടവുശിക്ഷ അനുഭവിക്കണമെന്നും കോടതി വിധിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രതികൾ കടുത്ത ശിക്ഷ അർഹിക്കുന്നുവെന്ന് കോടതി വിലയിരുത്തി. കേസിൽ പ്രതികൾ കുറ്റക്കാരാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു.കേസിൽ ആകെ ആറുപ്രതികളാണ് ഉണ്ടായിരുന്നത്. ഇതിൽ പ്രായപൂർത്തിയായ നാലുപേരുടെ വിചാരണയാണ് പൂർത്തിയായത്. തെളിവുകളുടെ അഭാവത്തിൽ ഒരാളെ കോടതി വെറുതെ വിട്ടു.
2022 മെയ് 29നാണ് പശ്ചിമ ബംഗാൾ സ്വദേശിയായ പെൺകുട്ടിയെ പൂപ്പാറയിലെ തേയിലത്തോട്ടത്തിൽ വച്ച് പ്രതികള്‍ കൂട്ട ബലാത്സംഗം ചെയ്‌തത്. രാജകുമാരി ഖജനാപ്പാറയിലെ തേയിലത്തോട്ടത്തിലെ തൊഴിലാളികളുടെ മകളാണ് ക്രൂരപീഡനത്തിന് ഇരയായത്.
സുഹൃത്തിനൊപ്പം തേയിലത്തോട്ടത്തിൽ ഇരിക്കുമ്പോള്‍ അക്രമിസംഘമെത്തി, സുഹൃത്തിനെ മർദിച്ച ശേഷം പതിനാറുകാരിയെ ബലാത്സംഗം ചെയ്യുകയായിരുന്നു.