play-sharp-fill
പൂജപ്പുര സെൻട്രൽ ജയിലിലെത്തിയ കെ.സുരേന്ദ്രന് പ്രൊഡക്ഷൻ വാറന്റുകളുടെ പൊടിപൂരം

പൂജപ്പുര സെൻട്രൽ ജയിലിലെത്തിയ കെ.സുരേന്ദ്രന് പ്രൊഡക്ഷൻ വാറന്റുകളുടെ പൊടിപൂരം

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ പൂജപ്പുര സെൻട്രൽ ജയിലിൽ എത്തിയതിനു പിന്നാലെ പ്രൊഡക്ഷൻ വാറന്റുകളുടെ പൊടിപൂരം. പഴയ രാഷ്ട്രീയ കേസുകളിലും അല്ലാത്തവയിലുമായി 6 വാറന്റുകളാണ് ജയിലിലെത്തിയത്. എറണാകുളം, കോഴിക്കോട് ജില്ലകളിൽ നിന്നു 2 വീതവും റാന്നിയിൽ നിന്ന് ഒരു വാറന്റുമാണ് പൊലീസ് ഹാജരാക്കിയത്.

സുരേന്ദ്രന്റെ അപേക്ഷപ്രകാരമാണു പൂജപ്പുരയിലേക്കു മാറ്റിയത്. കണ്ണൂർ മജിസ്‌ട്രേട്ട് കോടതിയിൽ ഹാജരാക്കിയ ശേഷം പൂജപ്പുരയിലേക്കുള്ള യാത്രയിൽ സുരേന്ദ്രന് അൽപ സമയം ചേർത്തല പൊലീസ് സ്റ്റേഷനിൽ വിശ്രമിക്കാൻ സമയം നൽകി. പാർട്ടി പ്രവർത്തകർ എത്തിയെങ്കിലും കാണാൻ അനുവദിച്ചില്ല. അര മണിക്കൂറോളം കഴിഞ്ഞു കൊട്ടാരക്കരയിലേക്കു കൊണ്ടുപോയി. രണ്ടു മണിക്കൂർ കൊട്ടാരക്കര ജയിലിൽ വിശ്രമിച്ച ശേഷം വൈകിട്ട് ആറോടെയാണു പൂജപ്പുരയിൽ എത്തിച്ചത്. സുരേന്ദ്രന്റെ ആവശ്യപ്രകാരമായിരുന്നു വിശ്രമം. തുടർച്ചയായ യാത്രയിൽ നടുവേദനയെന്ന് അദ്ദേഹം ഉദ്യോഗസ്ഥരോടു പറഞ്ഞിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശബരിമല ചിത്തിര ആട്ട വിശേഷത്തിന് എത്തിയ അൻപത്തിരണ്ടുകാരിയെ തടഞ്ഞതുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സുരേന്ദ്രന്റെ ജാമ്യാപേക്ഷ പത്തനംതിട്ട സെഷൻസ് കോടതി ഇന്നു പരിഗണിക്കും. സംഭവം നടക്കുമ്പോൾ ആ പരിസരത്ത് ഇല്ലാതിരുന്ന സുരേന്ദ്രനെ ഗൂഢാലോചന, കുറ്റകരമായ നരഹത്യയ്ക്കു ശ്രമം എന്നീ വകുപ്പുകളിലാണ് പ്രതി ചേർത്തത്.

തന്നെ കണ്ണൂർ സെൻട്രൽ ജയിലിലാക്കാൻ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ സമ്മർദമുണ്ടായിരുന്നതായി സുരേന്ദ്രൻ ആരോപിച്ചു. മുഖ്യമന്ത്രിയുടെ വലംകയ്യായ കൊല്ലം ജില്ലയിലെ ഉദ്യോഗസ്ഥനും പൊലീസ് ആസ്ഥാനത്തെ മറ്റൊരു ഉന്നതനും സുരക്ഷാ ഉദ്യോഗസ്ഥരെ ഇടയ്ക്കിടെ വിളിച്ചു ഭീഷണിപ്പെടുത്തിയിരുന്നതായി അദ്ദേഹം ആരോപിച്ചു. കൊട്ടാരക്കരയിൽ നിന്ന് പൂജപ്പുരയിലേക്കു കൊണ്ടുപോകവെ, മാധ്യമങ്ങൾക്കു നൽകാൻ പാർട്ടി പ്രവർത്തകനെ ഏൽപിച്ച കുറിപ്പിലാണ് ആരോപണങ്ങൾ.