
സ്വന്തം ലേഖകൻ
കോട്ടയം : വിവിധ ദേവാലയങ്ങളിലെ അസംഖ്യം പൊൻ, വെള്ളിക്കുരിശുകളുടെ ശേഖരവും മറ്റ് സ്വർണ്ണ സമ്പാദ്യവുമെല്ലാം വിറ്റ് ദരിദ്രർക്ക് പങ്കുവെച്ചാൽ എത്രയോ ജീവിതങ്ങൾക്ക് അർഥവും നിറവും രുചിയുമുണ്ടാകുമെന്ന് യാക്കോബായ സഭ നിരണം ഭദ്രാസനാധിപൻ ഡോ ഗീവർഗീസ് മാർ കൂറീലോസ് മെത്രാപ്പോലീത്ത.
നിരവധി ദേവാലയങ്ങളിലും കുന്നുകൂട്ടി വെച്ചിരിക്കുന്ന സ്വർണ്ണ, വെള്ളി കുരിശുകൾ ഇന്ന് ഉപയോഗശൂന്യമായി സ്വയം വിലപിക്കുകയാണെന്ന് അദ്ദേഹം കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നൽകിയ സന്ദേശത്തിൽ പറയുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എവിടെയോ ഇരുന്ന് ക്രിസ്തുവിന്റെ ഒരു തടിക്കുരിശ് ചിരിക്കുന്നുണ്ട്. പ്രളയകാലത്തും ഈ തടിക്കുരിശ് ഒന്നു ചിരിച്ചതാണ്. പക്ഷേ വെള്ളം പിൻവാങ്ങിയപ്പോൾ പൊൻകുരിശുകൾ പകരംവീട്ടി.
തടിക്കുരിശിനെ അവർ വീണ്ടും ഒരു മൂലക്കൊതുക്കി. വൈറസ് കളമൊഴിയുമ്പോഴും വീണ്ടും പൊൻകുരിശുകൾ കീഴ്‌പ്പെടുത്തുമെന്ന് ക്രിസ്തുവിന്റെ തടിക്കുരിശിന് നന്നായറിയാം. വിവാഹവും മാമോദീസയും പുര കൂദാശയും ശവസംസ്‌കാരം പോലും ലളിതമായി നടത്താൻ വൈറസ് നമ്മെ പഠിപ്പിച്ചു.
പക്ഷെ എത്രനാളത്തേക്ക് ഇതുവഴി നാം ലാഭിച്ച പണം ഉപയോഗിച്ചാൽ എത്രയോ നിർധനർക്ക് കുടുംബജീവിതവും വിവാഹവും സാധ്യമാക്കാൻ കഴിയും. കോടിക്കണക്കിനു ദരിദ്രർ തലയ്ക്കുമീതെ ഒരു കൂരപോലുമില്ലാതെ കടത്തിണ്ണങ്ങകളിൽ അന്തിയുറങ്ങുമ്പോൾ ശതകോടികൾ മുടക്കി നാം കെട്ടിപ്പൊക്കിയ ദേവാലയ രമ്യഹർമ്മ്യങ്ങൾ ഇന്ന് മാറാല പിടിച്ച് അടഞ്ഞുകിടക്കുകയാണ്.
ഇനിയെന്നു എന്ന് തുറക്കാൻ കഴിയുമെന്ന് നിശ്ചയവുമില്ല. ആ സ്ഥാനത്തൊക്കെ ചെറിയ ദേവാലയങ്ങൾ നിർമ്മിച്ചിരുന്നെങ്കിൽ, ബാക്കി പണം കൊണ്ട് കുറെ അനാഥാലയങ്ങൾ നിർമ്മിച്ചിരുന്നെങ്കിൽ ഇന്ന് ലോക് ഡൗൺ കാലത്ത് വീടില്ലാത്തിനാൽ വീട്ടിലിരിക്കാൻ കഴിയാത്ത എത്രയോ പേർക്ക് വീടുകൾ ഉണ്ടാകുമായിരുന്നു.
നിങ്ങൾക്ക് ഒരേ സമയം സമ്പത്തിനെയും ദൈവത്തെയും ആരാധിക്കാൻ സാധ്യമല്ലെന്നു പഠിപ്പിച്ച യേശുവിന്റെ അനുയായികൾ ആ യേശുവിനെ അർഥവത്തായി പിന്തുടരാൻ ധനാർത്തിയും ആഡംബരവും ഒഴിവാക്കണം.
ഈ നാളുകളിൽ മിക്കവാറും എല്ലാ ആൾദൈവങ്ങളും മുറിവൈദ്യൻമാരും പ്രത്യേക രോഗശാന്തിദാദാക്കളുമെല്ലാം ഒളിവിലാണ്. അവരുടെ ആത്മീയവ്യവസായത്തിനും വൈറസ് വലിയ ഭീഷണിയാണ് ഉയർത്തിയത്.
വൈറസ് അപ്രത്യക്ഷമായാൽ ഉടൻ ഇക്കൂട്ടർ വീണ്ടും പ്രത്യക്ഷപ്പെടും. ഈ വൈറസ് നമ്മെ കൈകഴുകാൻ ശീലിപ്പിച്ചു. ഇനി നമ്മൾ ഓരോ തവണ കൈകഴുകുമ്പോഴും നാം സ്വായത്തമാക്കിയ ജാതീയതയുടെയും വെറുപ്പിന്റെയും വിദ്വേഷങ്ങളുടെയും
അന്ധവിശ്വാസങ്ങളുടെയും വർഗീയതയുടെയും പുരുഷാധിപത്യത്തിന്റെയും ആഡംബരത്തിന്റെയും ധനാർത്തിയുടെയും ലഹരി ആസക്തിയുടെയുമൊക്കെ വൈറസുകളെക്കൂടി കഴുകി പുറത്താക്കുവാൻ നമുക്ക് കഴിയണം. ദേവാലയങ്ങളുടെ വാതിൽ അടഞ്ഞുകിടക്കുമ്പോഴും മനസ്സുകളുടെ വാതിൽ തുറക്കപ്പെടട്ടെ. താൽക്കാലികമായി നാം ശാരീരികമായ അകലം പാലിക്കുമ്പോഴും ശാശ്വതമായ സാമൂഹിക അടുപ്പത്തിലേക്കും ഒരുമയിലേക്കും അത് നമ്മെ നയിക്കട്ടെയെന്നും അദ്ദേഹം പറയുന്നു.