
കോട്ടയം: മനസ്സിന് ആവേശവും ഉന്മേഷവും സന്തോഷവും നൽകുന്ന ഒട്ടേറെ ഉത്സവാഘോഷങ്ങളുടെ
നാടാണ് ഭാരതം.
ദീപാവലി, ദസറ, ഹോളി, പൊങ്കൽ , ശ്രീരാമനവമി ,വിനായക ചതുർത്ഥി, നാഗപഞ്ചമി,
ബുദ്ധപൗർണ്ണമി ഇങ്ങനെ ഒട്ടേറെ ആഘോഷങ്ങൾ ഭാരതത്തിലെങ്ങും ആഘോഷിക്കപ്പെടുമ്പോൾ നമ്മുടെ കേരളം എന്ന കൊച്ചു സംസ്ഥാനത്തിന് മാത്രമായി മനോഹരമായ ഒരു ആഘോഷമുണ്ട്.
പാട്ടും കളികളും തുമ്പിതുള്ളലും പുലിക്കളിയും വള്ളംകളിയും പൂവിളിയും വിഭവസമൃദ്ധമായ സദ്യയുമൊക്കെയായി എത്തുന്ന സാക്ഷാൽ തിരുവോണം.
വാമനന്റേയും മഹാബലി ചക്രവർത്തിയുടേയും കഥ ഭാരതീയപുരാണങ്ങളിൽ
ഏറെ പ്രശസ്തമാണെങ്കിലും അതിനെ ഒരു ഉത്സവാഘോഷമാക്കി കൊണ്ടാടുന്നത് കേരളത്തിൽ മാത്രം. ചിങ്ങമാസത്തിലെ തിരുവോണനാളിൽ മഹാബലിയുടെ എഴുന്നെള്ളത്തിനായി കേരളം ഉത്സാഹത്തിമർപ്പോടെ കാത്തിരിക്കുന്നു.
ലോകത്തെമ്പാടുമുള്ള മലയാളികളെ ഗൃഹാതുരത്വത്തിന്റെ ഊഷ്മളമായ ഓർമ്മകളിലേക്ക് കൂട്ടിക്കൊണ്ടുപോകുന്ന ഓണത്തെക്കുറിച്ചുള്ള എത്രയോ സുന്ദര ഗാനങ്ങളാണ് മലയാള ചലച്ചിത്രഗാനലോകത്തെ പ്രിയ കവികൾ എഴുതിയിരിക്കുന്നത് .

Whatsapp Group 1 | Whatsapp Group 2 |Telegram Group
തോരാമഴയുടെയും വറുതിയുടെയും കള്ളക്കർക്കടകം ഒഴിഞ്ഞുപോയി ചിങ്ങമാസത്തെ വരവേറ്റുകൊണ്ടാണ് കേരളീയർ ഓണത്തിന്റെ ഒരുക്കങ്ങളിലേക്ക് കടക്കുന്നത്.
ആ ഋതു സംക്രമത്തെ “വാഴ്‌വേമായം ” എന്ന ചിത്രത്തിനു വേണ്ടി വയലാർ എത്ര സുന്ദരമായാണ് നോക്കി കാണുന്നതെന്ന് ശ്രദ്ധിച്ചാലും .
” കാറ്റും പോയി
മഴക്കാറും പോയി
കർക്കടകം പുറകേ പോയി ആവണിത്തുമ്പിയും അവൾ പെറ്റ മക്കളും വാ വാ വാ …”
(സംഗീതം ദേവരാജൻ – ആലാപനം മാധുരി )
പൊന്നിൻ ചിങ്ങമാസം പൂക്കളും തുമ്പികളുമൊക്കെയായി എത്തിച്ചേരുകയാണ്. ചിങ്ങമാസം മലയാളത്തിലെ ആദ്യത്തെ മാസം മാത്രമല്ല മലയാളികൾക്ക് ഒട്ടേറെ മധുരാനുഭവങ്ങൾ പകരുന്ന മാസം കൂടിയാണ്. അതുകൊണ്ടാണ് ഓണത്തെക്കുറിച്ച് ഏറ്റവുമധികം ഗാനങ്ങൾ എഴുതിയിട്ടുള്ള ശ്രീകുമാരൻതമ്പി ചിങ്ങത്തെ ഇങ്ങനെ വിശേഷിപ്പിച്ചത്.
“പൊന്നിൻ ചിങ്ങത്തേരു വന്നു പൊന്നമ്പലമേട്ടിൽ
പൊന്നോണപ്പാട്ടുകൾ പാടാം
പൂ നുള്ളാം
പൂവണി വെക്കാം.
പൊന്നുഞ്ഞാലാടിടാം സഖിമാരെ …. ” (ചിത്രം ശാസ്ത്രം ജയിച്ചു മനുഷ്യൻ തോറ്റു – സംഗീതം ദക്ഷിണാമൂർത്തി – ആലാപനം പി ലീല )
ഓണമടുക്കുന്നതോടെ ആകാശം തെളിയുന്നു .
പ്രകൃതി പോലും ഓണക്കോടിയുടുക്കുകയാണ് . മലയാളകവികളിൽ കേരളത്തിലെ ഉത്സവങ്ങളെക്കുറിച്ച് സുന്ദര ചിത്രങ്ങൾ വരച്ചു ചേർത്ത ശ്രീകുമാരൻ തമ്പിയുടെ ഭാഷയിൽ പറയുകയാണെങ്കിൽ
“ഓണക്കോടിയുടുത്തു മാനം മേഘക്കസവാലേ വെൺ
മേഘകസവാലേ
മഴവില്ലിൻ മലർ മുടിയിൽ ചൂടി മധുഹാസം തൂകി അവൾ
മധുഹാസം തൂകി..”
( മധുരഗീതങ്ങൾ – സംഗീതം ദക്ഷിണാമൂർത്തി – ആലാപനം യേശുദാസ് )
ഓണത്തിന്റെ പൊന്നാടയായി ഉത്രാടമെത്തുന്നു.
ആ ഉത്രാട രാവിന്റെ സൗന്ദര്യം പകർന്നു തരുകയാണ് തമ്പി മറ്റൊരു പ്രശസ്ത ഗാനത്തിലൂടെ .
“ഉത്രാടപ്പൂനിലാവേ വാ
മുറ്റത്തെ പൂക്കളത്തിൽ
വാടിയ പൂവണിയിൽ
ഇത്തിരി പാൽ ചുരത്താൻ വാ …”
( സംഗീതം രവീന്ദ്രൻ – ആലാപനം യേശുദാസ് – ഉത്സവഗാനങ്ങൾ )
ഓണത്തിൻ്റെ ഏറ്റവും വലിയ ആവേശമായിരുന്നു
പൂപ്പട കൂട്ടൽ .
“പാവങ്ങൾ പെണ്ണുങ്ങൾ ” എന്ന ചിത്രത്തിനുവേണ്ടി വയലാർ എഴുതിയ ഈ ഗാനം ഓണത്തിൻ്റെ ഗതകാല സ്മരണകളുടെ ഒരു നേർക്കാഴ്ച തന്നെയായിരുന്നു.
” ഒന്നാം പൊന്നോണ
പൂപ്പട കൂട്ടാൻ
പൂക്കണ്ണി കോരാൻ
പൂക്കളം തീർക്കാൻ
ഓടി വാ തുമ്പീ പൂത്തുമ്പീ ..”
(സംഗീതം ദേവരാജൻ ആലാപനം യേശുദാസ്,
പി സുശീല )
ഒന്നാം ഓണത്തോടെ മലയാളനാട്ടിൽ ഓണത്തിന്റെ പൂവിളികൾ ഉയരുകയായി .
ആ പൂവിളികളുടെ മാറ്റൊലിയെ ശ്രീകുമാരൻ തമ്പി “വിഷുക്കണി ” എന്ന ചിത്രത്തിന് വേണ്ടി കാർഷിക സംസ്കാരത്തിന്റെ വർണ്ണഭംഗിയോടെ വരച്ചു കാണിച്ചപ്പോൾ ആ ഗാനം എല്ലാ ഓണക്കാലത്തും ഓണത്തിന്റെ ഔദ്യോഗികഗാനം പോലെ കേരളമെങ്ങും മുഴങ്ങി കേൾക്കാറുണ്ട്.
” പൂവിളി പൂവിളി പൊന്നോണമായി
നീ വരൂ നീ വരൂ
പൊന്നോണത്തുമ്പി
ഈ പൂവിളിയിൽ
മോഹം പൊന്നിൻ മുത്തായ് മാറ്റും പൂവയലിൽ
നീ വരൂ ഭാഗം വാങ്ങാൻ ….”
ശാസ്ത്രവും പരിഷ്കാരങ്ങളും സാങ്കേതികവിദ്യകളും എത്ര തന്നെ പുരോഗമിച്ചാലും ഓരോ മലയാളിയുടെ ഹൃദയത്തിലും ഓണമുണ്ട്. ആ ഹൃദയം എങ്ങനെയാണ് ഓണത്തിനായി അണിഞ്ഞൊരുങ്ങുന്നതെന്നും ശ്രീകുമാരൻ തമ്പി തന്നെ മറ്റൊരു പാട്ടിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.
“തിരുവോണപ്പുലരിതൻ
തിരുമുൽകാഴ്ച വാങ്ങാൻ തിരുമുറ്റമണിഞ്ഞൊരുങ്ങി തിരുമേനിയെഴുന്നള്ളും സമയമായി ഹൃദയങ്ങളണിഞ്ഞൊരുങ്ങി ഒരുങ്ങീ ഹൃദയങ്ങളണിഞ്ഞൊരുങ്ങീ…”
(ചിത്രം തിരുവോണം – സംഗീതം എം.കെ. അർജ്ജുനൻ – ആലാപനം വാണിജയറാം)
ജാതിമതഭേദങ്ങളില്ലാതെ കേരളം മുഴുവൻ മാവേലിത്തമ്പുരാന്റെ മാണിക്യത്തേരിനെ വരവേൽക്കാനായി അണിഞ്ഞൊരുങ്ങിയാൽ അതാ നാട്ടിലെങ്ങും മാവേലി പാട്ടുകൾ ഉയരുകയായി.
“കേരളം കേരളം
കേളികൊട്ടുയരുന്ന കേരളം
കേളികദംബം പൂക്കും കേരളം കേരകേളിസദനമാമെൻ കേരള “മെന്ന് ശ്രീകുമാരൻ തമ്പിയും (മിനിമോൾ – സംഗീതം ദേവരാജൻ – ആലാപനം യേശുദാസ് )
” മാവേലിപ്പാട്ടിന്റെ
മണിപ്പീലി വിരിച്ചാടും
മലർവല്ലിക്കുടിലിന്റെ മതിലകത്ത് നിറയൗവ്വനത്തിന്റെ നിറമാല ചാർത്തി നിൽക്കും നിത്യസുന്ദരിയെന്റെ കേരള” മെന്ന് മങ്കൊമ്പ് ഗോപാലകൃഷ്ണനുമെഴുതിയത് എത്രയോ സത്യമാണ്.
(ചിത്രം കാലം കാത്തു നിന്നില്ല – സംഗീതം എ ടി ഉമ്മർ – ആലാപനം യേശുദാസ് )
ഓണം ഓരോ മനസ്സിലും ഓരോ വീട്ടിലും സൃഷ്ടിക്കുന്ന സന്തോഷവും ആവേശവുമാണ് “കാര്യസ്ഥൻ “എന്ന ചിത്രത്തിന് വേണ്ടി കൈതപ്രത്തിന്റെ ഭാവനയിൽ തെളിഞ്ഞത് ..
” ഓണവില്ലിൻ തംബുരു മീട്ടും വീടാണീ വീട്
എന്നുമെന്നും പൂക്കണി വിടരും വീടാണീ വീട്
കൂട്ടുകുടുംബത്തിൻ കൂട്ടാണെന്നും അതിരില്ലിവിടെ മതിലില്ലിവിടെ ഒന്നാണെല്ലാരും ..”
എന്ന് കേൾക്കുമ്പോൾ കഴിഞ്ഞ ഒരു നല്ല കാലത്തിന്റെ സുന്ദര സ്മരണകളാണ് നമ്മുടെ മനസ്സിൽ തെളിയുന്നത്.
പ്രകൃതിക്കുപോലും ഓണക്കാലത്ത് എങ്ങുമില്ലാത്തൊരു അപൂർവ്വ സൗന്ദര്യം കൈവരുന്നത് കാണാം .മലയാള കവികളിലെ ജ്ഞാനപീഠജേതാവായ
ഒ എൻ വി കുറുപ്പ്
“ഓണപ്പൂവേ പൂവേ പൂവേ ഓമൽപ്പൂവേ പൂവേ പൂവേ
നീ തേടും മനോഹര തീരം
ദൂരെ മാടി വിളിപ്പൂ …”
(ചിത്രം ഈ ഗാനം മറക്കുമോ – സംഗീതം സലീൽ ചൗധരി – -ആലാപനം യേശുദാസ് )
എന്നെഴുതിയപ്പോൾ ഒരു മനോഹര പൂക്കാലത്തിന്റെ വർണ്ണപ്പകിട്ടും സൗരഭ്യവും നമ്മൾ അനുഭവിച്ചറിഞ്ഞതാണ് .
“ഓണപ്പൂവുകൾ വിരുന്നുവന്നു ഓണത്തുമ്പികൾ പറന്നുവന്നു
ഒന്നാകും കുന്നിന്മേൽ ഓരടിക്കുന്നിന്മേൽ സ്വർണത്താലവും മഞ്ഞക്കോടിയും ഉയർന്നിടുന്നു…..”
(രചന പൂവച്ചൽ ഖാദർ –
സംഗീതം ശങ്കർ ഗണേഷ് )
പി. ജയചന്ദ്രനും ജോളി അബ്രഹാമും ” യുദ്ധം” എന്ന ചിത്രത്തിന് വേണ്ടി പാടിയ ഈ പാട്ടിൽ പ്രകൃതി പോലും ഓണമാഘോഷിക്കുന്നതിന്റെ ഒരു നേർക്കാഴ്ചയല്ലേ ദർശിക്കാൻ കഴിയുക .
അങ്ങകലെ ആകാശത്തിലിരുന്ന് അമ്പിളിമാമൻ ഭൂമിയിലെ ഈ മാമാങ്കം കണ്ടാസ്വദിക്കുകയാണെന്നു സങ്കല്പിക്കുന്ന ഗാനമാണ്
” ജേക്കബ്ബിന്റെ സ്വർഗ്ഗരാജ്യ”ത്തിൽ ഈ അടുത്ത കാലത്ത് കേട്ടത് .
“തിരുവാവണി രാവ്
മനസ്സാകെ നിലാവ്
മലയാളച്ചുണ്ടിൽ
മലരോണപ്പാട്ട്
മാവിൻ കൊമ്പേറുന്നൊരു
പൂവാലി കുയിലേ മാവേലിത്തമ്പ്രാന്റെ
വരവായാൽ ചൊല്ല് …
(രചന മനു മഞ്ജിത് – സംഗീതം ഷാൻ റഹ് മാൻ – ആലാപനം ഉണ്ണി മേനോൻ , സിതാര )
കേരളത്തിന് പ്രകൃതി കനിഞ്ഞനുഗ്രഹിച്ചതാണ് പശ്ചിമഘട്ടമലനിരകളും പ്രിയപ്പെട്ട നദികളുമെല്ലാം .
മയിലാടുന്ന മലകളും പെരിയാറിന്റെ സഖികളും പാടുന്ന മാവേലിപ്പാട്ടിന്റെ ഈണം വയലാർ
“കൂട്ടുകുടുംബ “ത്തിനു വേണ്ടി എഴുതിയത് എത്രയോ പ്രകൃതി സുന്ദരമാണ് .
“പരശുരാമൻ മഴുവെറിഞ്ഞു നേടിയതല്ലാ
തിരകൾ വന്നു തിരുമുൽക്കാഴ്ച നൽകിയതല്ലാ മയിലാടും മലകളും
പെരിയാറിൻ സഖികളും
മാവേലിപ്പാട്ടു പാടുമീമലയാളം
ഈ മലയാളം …. ”
(സംഗീതം ദേവരാജൻ – ആലാപനം പി.സുശീല )
കാലമെത്ര പുരോഗമിച്ചാലും മാവേലി നാടിനെക്കുറിച്ചുള്ള മനോഹര സങ്കല്പങ്ങൾ മലയാളിയുടെ മനസ്സിൽ നിന്നും ഒരിക്കലും മാഞ്ഞു പോകുന്നില്ല. ഇനിയൊരിക്കലും വരുകയില്ല എന്നറിയാമെങ്കിലും ആ ഒരു നല്ല കാലത്തിനായി നമ്മൾ കാത്തിരിക്കുന്നു.
“മാവേലി വാണൊരു കാലം മറക്കുകില്ലാ മറക്കുകില്ല
മറക്കുകില്ലാ മലയാളം ….. ”
( ചിത്രം കുറ്റവാളി – രചന വയലാർ – സംഗീതം ദക്ഷിണാമൂർത്തി – ആലാപനം പി സുശീല )
ഓണത്തിന്റെ പുതിയ ഗാനങ്ങൾക്കായി കേരളം ഇനിയും കാത്തിരിക്കുകയാണ് .
ആ കാത്തിരിപ്പ് സഫലമാകട്ടെ..