
പൊന്നാനി: ചന്തപ്പടിയിലെ സ്വർണ വ്യാപാരകേന്ദ്രത്തില്‍ മോഷണശ്രമം നടത്തിയ പ്രതി പിടിയില്‍. പൊന്നാനി ഹിളർപള്ളി സ്വദേശി കോയസ്സന്റെകത്ത് ആസിഫ് ആണ് അറസ്റ്റിലായത്. വ്യാഴാഴ്ച രാത്രി 12നാണ് സംഭവം.
മഹാരാഷ്ട്ര സ്വദേശി മനോജ് സേട്ടുവിന്റെ ഉടമസ്ഥതയിലുള്ള എം.എൻ സ്വർണ വ്യാപാരകേന്ദ്രത്തിലാണ് മോഷണശ്രമം നടന്നത്. സി.സി.ടി.വി ഉള്‍പ്പെടെ തകർത്തതിനാല്‍ 26,000 രൂപയുടെ നഷ്ടമുണ്ടായി. ലോക്കറില്‍ ഒരു കിലോ സ്വർണമുണ്ടായിരുന്നുവെങ്കിലും നഷ്ടപ്പെട്ടിട്ടില്ല.
കല്‍പ്പണിക്കാരനായ ആസിബ് കുറി നടത്തി പൊളിഞ്ഞതിനെത്തുടർന്ന് ലക്ഷം രൂപയോളം കടത്തിലായിരുന്നു. വ്യാഴാഴ്ച പകല്‍ മകളുടെ സ്വർണം വില്‍ക്കാൻ ഇതേ കടയില്‍ എത്തിയിരുന്നു. ഇവിടെ പണം ഉണ്ടെന്ന് മനസ്സിലാക്കി രാത്രിയില്‍ എത്തി ജനല്‍ ഇളക്കി അകത്ത് കയറുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഷെല്‍ഫ് തുറന്നെങ്കിലും പണം ലഭിച്ചില്ല. ലോക്കർ തുറക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തുടർന്നാണ് സി.സി.ടി.വി നശിപ്പിച്ചത്. എന്നാല്‍ ഹാർഡ് ഡിസ്ക് എടുക്കാത്തതിനാല്‍ പ്രതിയുടെ ദൃശ്യം പൊലീസിന് ലഭിച്ചു.
പ്രതിയുമായി പൊലീസ് തെളിപ്പെടുപ്പ് നടത്തി. തുടർന്ന് പൊന്നാനി കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.



