play-sharp-fill
പൊന്നമ്പലമേട്ടില്‍ അനധികൃത പൂജ, വനംവകുപ്പ് കേസെടുത്തു;  പരിപാവനത കളങ്കപ്പെടുത്താന്‍ നീക്കമെന്ന് ദേവസ്വം ബോര്‍ഡ്

പൊന്നമ്പലമേട്ടില്‍ അനധികൃത പൂജ, വനംവകുപ്പ് കേസെടുത്തു;  പരിപാവനത കളങ്കപ്പെടുത്താന്‍ നീക്കമെന്ന് ദേവസ്വം ബോര്‍ഡ്

സ്വന്തം ലേഖകൻ

പത്തനംതിട്ട: പൊന്നമ്പലമേട്ടിൽ അനധികൃതമായി പൂജ നടത്തുന്ന ദൃശ്യങ്ങൾ പുറത്ത്. തമിഴ്നാട് സ്വദേശിയായ നാരായണൻ എന്നയാൾ പൂജ നടത്തുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ചെന്നൈ സ്വദേശിയായ നാരായണൻ മുമ്പ് ശബരിമലയിൽ കീഴ്ശാന്തിയുടെ സഹായിയായി പ്രവർത്തിച്ചിരുന്നയാളാണ്. വനത്തിൽ അതിക്രമിച്ചു കയറിയതിന് വനംവകുപ്പ് ഇയാൾക്കെതിര കേസെടുത്തു. പൊന്നമ്പലമേട്ടിൽ ഇത്തരത്തിൽ അനധികൃത പൂജ നടന്നിട്ടുണ്ടെങ്കിൽ പ്രതിഷേധാർഹമാണെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ അനന്തഗോപൻ മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തിൽ പോലീസ് മേധാവിയ്ക്കും വനംവകുപ്പ് മേധാവിയ്ക്കും പരാതി നൽകുമെന്നും അനന്തഗോപൻ അറിയിച്ചു.

വനംവകുപ്പിന്റെ പൂർണ നിയന്ത്രണത്തിലുള്ള സ്ഥലമാണ് പൊന്നമ്പലമേട്. പെരിയാർ ടൈഗർ റിസർവിന്റെ ഭാഗമാണ്. മകരവിളക്ക് തെളിക്കുന്ന തറയിൽ വച്ചാണ് ഇയാൾ പൂജ ചെയ്തത്. പൂജ നടത്തുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തു വന്നതോടെയാണ് സംഭവം പുറത്തറിയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ എപ്പോഴാണ് പൂജ നടത്തിയതെന്നോ വീഡിയോ ചിത്രീകരിച്ചതാരാണെന്നോ സംബന്ധിച്ച് വിവരങ്ങൾ ലഭ്യമല്ല. ദേവസ്വം ബോർഡിന്റെ അടക്കം ഉന്നത ഉദ്യോഗസ്ഥരുള്ള വാട്സ്ആപ്പ് ഗ്രൂപ്പിൽ വീഡിയോ ഷെയർ ചെയ്യുകയായിരുന്നു. ഏകദ്ദേശം ഒരു മാസങ്ങൾക്കു മുമ്പാണ് പൂജ നടന്നതെന്നാണ് ദേവസ്വം ബോർഡിന്റെ നിഗമനം. നാരായണൻ മുമ്പ് പല തരത്തിലുള്ള ക്രമക്കേടുകൾ നടത്തിയിട്ടുണ്ടെന്നും ദേവസ്വം ബോർഡ് വൃത്തങ്ങൾ വ്യക്തമാക്കി. മുമ്പ് ശബരിമലയിൽ കീഴ്ശാന്തിയുടെ സഹായിയായി പ്രവർത്തിച്ചിരുന്ന ഇയാളെ മോശം പ്രവൃത്തിയുടെ പേരിൽ ഒഴിവാക്കുകയായിരുന്നുവെന്നും അനന്തഗോപൻ പറഞ്ഞു.

പൊന്നമ്പലമേട്ടിൽ അനധികൃതമായി പ്രവേശിക്കാൻ പാടില്ല. എന്നാൽ ഇവിടെ പ്രവേശിച്ച് പൂജ നടത്തിയിട്ടുണ്ടെങ്കിൽ വനംവകുപ്പിന്റെ അനാസ്ഥയായാണ് കാണുന്നതെന്നും അനന്തഗോപൻ പറഞ്ഞു. പൊന്നമ്പലമേട് ഭക്തരെ സംബന്ധിച്ച് പവിത്രമായ സ്ഥലമാണ്. ഇവിടെ അനധികൃതമായി പ്രവേശിക്കുന്നത് വിശ്വാസികൾക്ക് പ്രയാസം ഉണ്ടാക്കുന്നതാണ്. ശബരിമലയുടെ പരിപാവനത കളങ്കപ്പെടുത്താനുള്ള നീക്കമാണ് നടന്നത്. സംഭവത്തിൽ വനംവകുപ്പ് കർശനമായ നടപടി സ്വീകരിക്കണം. ബോധപൂർവ്വമാണ് ഇത്തരം പ്രവൃത്തി ചെയ്തതെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.

Tags :