ചെറിയ അളവിൽ പലപ്പോഴായി മുമ്പും വിദ്യാർത്ഥികളിൽനിന്ന് ലഹരിവസ്‌തുക്കൾ പിടിച്ചിട്ടുണ്ട്, ആറുമാസമായി ക്യാംപസിൽ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നു, ക്ലാസ് റൂമിൽ എത്തുന്ന കുട്ടികളുടെ സ്വഭാവത്തിലെ മാറ്റങ്ങളാണ് സംശയങ്ങൾക്ക് കാരണം; ആൺകുട്ടികളുടെ ഹോസ്റ്റലിൽനിന്ന് കഞ്ചാവ് പിടിച്ചെടുത്ത സംഭവത്തിൽ പ്രതികരണവുമായി പ്രിൻസിപ്പാൾ

Spread the love

കൊച്ചി: കളമശ്ശേരി ഗവ. പോളിടെക്നിക്കിലെ ആൺകുട്ടികളുടെ ഹോസ്റ്റലിൽനിന്ന് കഞ്ചാവ് പിടിച്ചെടുത്ത സംഭവത്തിൽ പ്രതികരണവുമായി പ്രിൻസിപ്പാൾ ഡോ. ഐജു തോമസ്. ചെറിയ അളവിൽ പലപ്പോഴായി മുമ്പും വിദ്യാർത്ഥികളിൽനിന്ന് ലഹരിവസ്‌തുക്കൾ പിടിച്ചിട്ടുണ്ടെന്ന് പ്രിൻസിപ്പാൾ പറഞ്ഞു.

കഴിഞ്ഞ ആറുമാസമായി ക്യാംപസിൽ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിവരികയാണ്. ഹോളി ആഘോഷം നടക്കാനിരിക്കെ മുൻകരുതൽ എന്ന നിലയിലാണ് പരിശോധന നടന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ക്ലാസ് റൂമിൽ എത്തുന്ന കുട്ടികളുടെ സ്വഭാവത്തിലെ മാറ്റങ്ങളാണ് ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ ഏറ്റെടുക്കാൻ ഞങ്ങളെ നിർബന്ധിച്ചത്. പെട്ടന്ന് പരിഹാരമുണ്ടാക്കാവുന്നതല്ല ഇത്തരം കാര്യങ്ങൾ. ചെറിയ അളവിൽ പലപ്പോഴായി മുമ്പും പിടിച്ചിട്ടുണ്ട്. ആഘോഷം നടക്കാനിരിക്കെ മുൻകരുതലായി തന്നെയാണ് പരിശോധനയെ കാണുന്നത്’, അദ്ദേഹം പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘ആറുമാസമായി നിരന്തരം ഇത്തരം കാര്യങ്ങൾ അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തിക്കൊണ്ടിരിക്കുകയായിരുന്നു. ആഘോഷം നടക്കുന്ന സമയത്ത് സ്വാഭാവികമായും കൂടുതൽ അളവിൽ സൂക്ഷിക്കാൻ സാധ്യതയുണ്ട്. അതുകാരണമാവാം ഇത്രയും കൂടുതൽ അളവിൽ പിടികൂടിയത്. ഇത് പെട്ടെന്നുള്ള നടപടിയല്ല. നേരത്തെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് അന്വേഷണ കമ്മിഷനെ വെക്കുകയും റിപ്പോർട്ടുകൾ ലഭിക്കുകയും സമയാസമയങ്ങളിൽ അധികൃതർക്ക് കൈമാറുകയും ചെയ്‌തിരുന്നു.

യൂണിയനും വിദ്യാർത്ഥി സംഘടനകളും ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമാണ്. ഒറ്റപ്പെട്ട ചില കുട്ടികൾ പെട്ടുപോവുന്നത് സ്വാഭാവികം മാത്രമാണ്’, ഡോ. ഐജു തോമസ് വ്യക്തമാക്കി. ‘മൂന്നാംവർഷ വിദ്യാർത്ഥികളാണ് പിടിയിലായത്. പല പ്രലോഭനങ്ങൾക്കും വഴിപ്പെട്ട് പോകാനുള്ള സാധ്യതയുണ്ട്. കുറ്റപ്പെടുത്തുക എന്നതിനപ്പുറം നേർവഴിയിലേക്ക് കൊണ്ടുവരിക എന്നതാണ് നടപടി.

മാധ്യമങ്ങൾ അറിഞ്ഞു എന്നതിന്റെ അർത്ഥം ഞങ്ങൾ ആദ്യമായി അറിയുകയാണ് എന്നല്ല’, അദ്ദേഹം കൂട്ടിച്ചേർത്തു. സംഭവത്തിൽ കുളത്തൂപ്പുഴ സ്വദേശി ആകാശ്, ഹരിപ്പാട് സ്വദേശി ആദിത്യൻ (20), കരുനാഗപ്പള്ളി സ്വദേശി അഭിരാജ് ആർ (21) എന്നിവരെ പോലീസ് അറസ്റ്റുചെയ്തു.

പിടിയിലായ അഭിരാജ് കോളേജ് യൂണിയൻ ജനറൽ സെക്രട്ടറിയാണെന്നാണ് വിവരം. എസ്എഫ്ഐയാണ് ഇവിടെ യൂണിയൻ ഭരിക്കുന്നത്. ആദിത്യൻ, അഭിരാജ് എന്നിവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചിട്ടുണ്ട്. പൂർവ്വവിദ്യാർത്ഥികളാരോ തങ്ങളെ കുടുക്കാനായി കഞ്ചാവ് മുറിയിൽ കൊണ്ടുവെക്കുകയായിരുന്നുവെന്നാണ് അഭിരാജ് പോലീസിന് നൽകിയ മൊഴി.

എസ്എഫ്ഐ യൂണിറ്റ് സമ്മേളനം അടുത്ത ദിവസം നടക്കാനിരിക്കുകയാണ്. അതിനായി കൊടി തോരണങ്ങൾ കെട്ടിക്കൊണ്ടിരിക്കുന്ന തിരക്കിലായിരുന്നു. ഈ സമയത്ത് പൂർവവിദ്യാർത്ഥികൾ ആരോ കരുതിക്കൂട്ടിക്കൊണ്ടുവന്ന് തങ്ങളുടെ മുറിയിലെ ഷെൽഫിൽ കഞ്ചാവ് വെക്കുകയായിരുന്നുവെന്നാണ് അഭിരാജിന്റെ മൊഴി. മൂന്നാം വർഷ ഓട്ടോമൊബൈൽ വിദ്യാർത്ഥിയാണ് അഭിരാജ്.