
പൊല്യൂഷന്‍ സര്‍ട്ടഫിക്കറ്റ് ഇല്ല; പിഴ ഈടാക്കിയത് 2000; റസീപ്റ്റില്‍ 250; ശക്തമായി ചോദ്യംചെയ്തപ്പോള്‍ വാങ്ങിയ തുക തിരികെ നല്‍കി, മഞ്ചേരി എസ്‌ഐക്കെതിരെ ഗുരുതര ആരോപണം
സ്വന്തം ലേഖകൻ
മലപ്പുറം: വാഹന പരിശോധനക്കിടെ പൊല്യൂഷന്‍ സര്‍ട്ടഫിക്കറ്റ് ഇല്ലാത്തതിന് 2000 രൂപ ഈടാക്കുകയും നല്‍കിയ റസീപ്റ്റില്‍ 250 രൂപ മാത്രം രേഖപ്പെടുത്തിയതായും ആരോപണം.’തെറ്റ്’ ചൂണ്ടിക്കാട്ടി സാമൂഹിക മാധ്യമത്തില്‍ പങ്കുവച്ച കുറിപ്പ് വൈറലായി. റിട്ടയേര്‍ഡ് ഡി എഫ് ഒ ശംസുദ്ദീനാണ് പൊലീസിന്റെ പിടിച്ചുപറിയെ കുറിച്ചുള്ള അനുഭവം ഫേസ്ബുക്കില്‍ പങ്കുവച്ചിരിക്കുന്നത്. പിഴയായി 2000 രൂപ വേണമെന്ന് ആവശ്യപ്പെടുകയും ഇത് അക്കൌണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യുകയും ചെയ്തു. എന്നാല്‍ നല്‍കിയതാകട്ടെ 250 രൂപയുടെ റസീപ്റ്റ്. ഇത് ശക്തമായി ചോദ്യം ചെയ്തപ്പോള്‍ മാത്രം ബാക്കി 1750 രൂപ തിരികെ നല്‍കിയെന്നും അദ്ദേഹം കുറിപ്പില്‍ പറയുന്നു.
ജനുവരി ഏഴാം തീയതിയാണ് സംഭവം. വാഹന പരിശോധന നടത്തിയ മഞ്ചേരി പൊലീസ് മകന്റെ വാഹനത്തിന് മലിനീകരണ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തതിനാല്‍ 2000 രൂപ പിഴ ഈടാക്കി. മകന്‍ വിളിച്ച് പറഞ്ഞത് പ്രകാരം താനാണ് പണം അയച്ചുനില്‍കിയത്. എന്നാല്‍ റസീപ്റ്റില്‍ 250 രൂപ മാത്രം രേഖപ്പെടുത്തിയത് പിന്നീട് ശ്രദ്ധയില്‍പെട്ടു. മകനോട് ചോദിച്ചപ്പോള്‍ 250 രൂപയുടെ റസീപ്റ്റ് മാത്രമേ നല്‍കുകയുള്ളൂ എന്നും ബാക്കി പൈസ സര്‍ക്കാറിലേക്ക് പോകുമെന്നും പൊലീസുകാര്‍ പറഞ്ഞു എന്നായിരുന്നു മകന്റെ മറുപടി. തുടര്‍ന്ന് എസ്‌ഐമായി ബന്ധപ്പെട്ടപ്പോള്‍, ദിവസങ്ങള്‍ കഴിഞ്ഞതിനാല്‍ ഒന്നും ചെയ്യാന്‍ കഴിയില്ല എന്നായിരുന്നു മറുപടി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍ റിട്ടയേഡ് ഡിഎഫ്‌ഒ ആണെന്ന് അറിയിക്കുകയും നടപടി സ്വീകരിക്കുമെന്നും പറഞ്ഞപ്പോള്‍ മിനുട്ടുകള്‍ക്കകം 1750 രൂപ തിരികെ നല്‍കുകയായിരുന്നു എന്നുമാണ് കുറിപ്പില്‍ പറയുന്നത്. സംഭവത്തിന്റെ സ്ക്രീന്‍ഷോട്ടും അദ്ദേഹം കുറിപ്പിനൊപ്പം ചേര്‍ത്തിട്ടുണ്ട്.
പോസ്റ്റിന്റെ പൂര്‍ണ രൂപം:
ഈ കഴിഞ്ഞ ജനുവരി ഏഴാം തീയതി എന്റെ മകന്‍ ബൈക്കില്‍ സഞ്ചരിക്കുമ്ബോള്‍ മഞ്ചേരി പോലീസ് ചെക്കിങ്ങിനു വേണ്ടി കൈ കാണിച്ചു.
യാത്ര രേഖകള്‍ പരിശോധിച്ചപ്പോള്‍ പൊലൂഷന്‍ സര്‍ട്ടിഫിക്കറ്റ് ഇല്ല എന്ന് ബോധ്യപ്പെട്ടു. ആയതിന്റെ അടിസ്ഥാനത്തില്‍ മകന്‍ എന്നെ ഫോണ്‍ ചെയ്യുകയും പൊലൂഷന്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തതിന് 2000 രൂപ ഫൈന്‍ ഇട്ടിട്ടുണ്ടെന്നും പൈസ അയച്ചു തരാന്‍ ആവശ്യപ്പെടുകയും ചെയ്തു. മകന്റെ ആവശ്യപ്രകാരം 2000 രൂപ ഞാന്‍ അവന്റെ അക്കൗണ്ടിലേക്ക് ഗൂഗിള്‍ ചെയ്തു. ശേഷം മകന്റെ അക്കൗണ്ടില്‍ നിന്ന് വാഹനം പരിശോധിച്ച ഉദ്യോഗസ്ഥനായ മഞ്ചേരി എസ് ഐ അക്കൗണ്ടിലേക്ക് 2000 രൂപ ട്രാന്‍സ്ഫര്‍ ചെയ്തു.
ദിവസങ്ങള്‍ക്കു ശേഷം മൊബൈലില്‍ മെസ്സേജ് പരിശോധിക്കുമ്ബോള്‍ പൊലൂഷന്‍ ഇല്ലാത്തതിന് 250 രൂപയുടെ റസീറ്റ് ശ്രദ്ധയില്‍പ്പെട്ടു. ഉടന്‍തന്നെ മകനെ വിളിച്ചു ശകാരിച്ചു. കാരണം 250 രൂപയുടെ ഫൈന്‍ അടക്കാന്‍ എന്തിനാണ് 2000 ഗൂഗിള്‍ പേ ചെയ്യാന്‍ പറഞ്ഞത് എന്ന് ചോദിച്ചു ? അപ്പോള്‍ മകന്‍ പറഞ്ഞത് 250 രൂപയുടെ റസീറ്റ് നല്‍കുകയുള്ളൂ, ബാക്കി പൈസ സര്‍ക്കാറിലേക്ക് ആണ് (1750) എന്നാണ് പോലീസുകാര്‍ പറഞ്ഞത് എന്ന് മകന്‍ അറിയിച്ചു. ഉടനെ ഞാന്‍ മഞ്ചേരി എസ് ഐയുമായി ഫോണില്‍ ബന്ധപ്പെട്ടു.
കുറച്ചു ദിവസം മുൻപ് നടന്നത് ആയതുകൊണ്ട് ഒന്നും ചെയ്യാന്‍ സാധിക്കുകയില്ല എന്നും, അങ്ങനെ 2000 വാങ്ങിക്കുകയില്ല എന്നും അറിയിച്ചു.
അപ്പോള്‍ ഉടന്‍തന്നെ മകന്റെ മൊബൈലില്‍ നിന്നും പൈസ അയച്ചു കൊടുത്തിട്ടുള്ള സ്‌ക്രീന്‍ഷോട്ട് എസ്‌ഐ ക്ക് അയച്ചുകൊടുത്തിട്ട് ഞാന്‍ റിട്ടയേര്‍ഡ് ഡി എഫ് ഒ ആണെന്നും നിയമനടപടി സ്വീകരിക്കുമെന്ന് അറിയിക്കുകയും ചെയ്തു.
മിനിറ്റുകള്‍ക്കകം ക്ഷമാപണത്തോടെ 1750/= തിരിച്ചു ഗൂഗിള്‍ പേ ചെയ്തു തന്നു. ഞാന്‍ ഒരു റിട്ടയേഡ് ഉദ്യോഗസ്ഥന്‍ ആയതുകൊണ്ട് ഉടന്‍തന്നെ വിഷയത്തിന് പരിഹാരമായി. ആദ്യം ഒരു സാധാരണ പൗരനായി സംസാരിച്ചപ്പോള്‍ തിരിച്ച് പൊലീസായി പ്രതികരിച്ചു. ഉദ്യോഗസ്ഥനായി സംസാരിച്ചപ്പോള്‍ മാന്യമായി സംസാരിച്ചു. സാധാരണക്കാരന് എന്ന് നീതി പുലരും??