മലബാറിൽ വീണ്ടും രാഷ്ട്രീയ അതിക്രമം: രണ്ടു യുവാക്കളെ വെട്ടിക്കൊന്നു; കൊല്ലപ്പെട്ടത് യൂത്ത് കോൺഗ്രസ് പ്രവർത്തകർ: തിങ്കളാഴ്ച ഹർത്താൽ; സംസ്ഥാന വ്യാപകമായി കെ.എസ്.യു വിദ്യാഭ്യാസ ബന്ദ്

മലബാറിൽ വീണ്ടും രാഷ്ട്രീയ അതിക്രമം: രണ്ടു യുവാക്കളെ വെട്ടിക്കൊന്നു; കൊല്ലപ്പെട്ടത് യൂത്ത് കോൺഗ്രസ് പ്രവർത്തകർ: തിങ്കളാഴ്ച ഹർത്താൽ; സംസ്ഥാന വ്യാപകമായി കെ.എസ്.യു വിദ്യാഭ്യാസ ബന്ദ്

സ്വന്തം ലേഖകൻ

കാസർകോട്: മലബാർ മേഖലയിൽ വീണ്ടും രാഷ്ട്രീയ കൊലപാതകം. അതിക്രൂരമായ രാഷ്ട്രീയ കൊലപാതകത്തിൽ രണ്ട് കോൺഗ്രസ് പ്രവർത്തകരെയാണ് വെട്ടിക്കൊലപ്പെടുത്തിയത്. യൂത്ത് കോൺഗ്രസ് പ്രവർത്തകരും പെരിയ കല്യോട്ട് സ്വദേശികളുമായ കൃപേശ്, ശരത് ലാൽ എന്ന ജോഷി എന്നിവരെയാണ് വെട്ടിക്കൊന്നത്. സംഭവത്തിന് പിന്നിൽ സിപിഎം പ്രവർത്തകരാണെന്ന് ആരോപിച്ച കോൺഗ്രസ് കാസർകോട് ജില്ലയിൽ തിങ്കളാഴ്ച ഹർത്താൽ പ്രഖ്യാപിച്ചു. 
ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന യുവാക്കളെ പിന്നാലെ കാറിൽ എത്തിയ സംഘം തടഞ്ഞ് നിർത്തി വെട്ടി കൊലപ്പെടുത്തുകയായിരുന്നു. വെട്ടേറ്റ് റോഡിൽ വീണ കൃപേഷ് രക്തം വാർന്ന് സംഭവ സ്ഥലത്ത് വീണ് മരിക്കുകയായിരുന്നു. പരിക്കേറ്റ ശരത് ലാലിനെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം മംഗളൂരുവിലേയ്ക്ക് കൊണ്ടു പോകുന്നതിനിടെയാണ് കൊല്ലപ്പെട്ടത്. കൃപേഷിന്റെ മൃതദേഹം കാസർകോട് ജനറൽ ആശുപത്രി മോർച്ചറിയിൽ. 
ജോഷി യൂത്ത് കോൺഗ്രസ് പ്രവർത്തകനും ജവഹർ ബാല ജനവേദി മണ്ഡലം പ്രസിഡന്റു് ആണ്. മൂന്നംഗ സംഘമാണ് ഇരുവരെ ആക്രമിച്ചതെന്നാണ് സൂചന. രാഷ്ട്രീയ കൊലപാതകമാണെന്നും പിന്നിൽ സിപിഎം ആണെന്നും കോൺഗ്രസ് ആരോപിക്കുന്നു. നേരത്തെ ഈ സ്ഥലത്ത് സിപിഎം- കോൺഗ്രസ് സംഘർഷം ഉണ്ടായിരുന്നു. ഇതിന്റെ തുടർച്ചയായാണ് രണ്ടു പേരെയും വെട്ടിക്കൊലപ്പെടുത്തിയതെന്നാണ് ലഭിക്കുന്ന സൂചന. 
പെരിയയിൽ രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വെട്ടിക്കൊലപ്പെടുത്തിയതിന് പിന്നിൽ സിപിഎമ്മാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. സിപിഎം ആസൂത്രിതമായി നടപ്പാക്കിയ കൊലപാതകമാണിതെന്നും അക്രമികളെ എത്രയും പെട്ടന്ന് നിയമത്തിന് മുന്നിൽ എത്തിക്കണമെന്നും  ചെന്നിത്തല ആവശ്യപ്പെട്ടു.
യാതൊരു പ്രകോപനവുമില്ലാതെയാണ് സിപിഎം ആക്രമണമെന്നും അക്രമ രാഷ്ട്രീയത്തിനെതിരെ ശക്തമായ പ്രതിഷേധതമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ലോകസഭ തെരഞ്ഞെടുപ്പ് അടുത്തതോടെ കേരളത്തിൽ കോൺഗ്രസ് പ്രവർത്തകർക്കെതിരെ വ്യാപകമായി ആക്രമണങ്ങൾ അഴിച്ച്  വിടുകയാണ് സിപിഎമ്മെന്നും ചെന്നിത്തല ആരോപിച്ചു.
പെരിയ കല്യോട്ട് സ്വദേശികളായ കൃപേശ്, ശരത് ലാൽ എന്ന ജോഷി എന്നിവരാണ്  കൊല്ലപ്പെട്ടത്. കാറിൽ എത്തിയ സംഘം തടഞ്ഞ് നിർത്തി വെട്ടി കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിൽ പ്രതിഷേധിച്ച് ജില്ലയിൽ യുഡിഎഫ് നാളെ ഹർത്താൽ പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലപ്പെട്ട പ്രവർത്തകരുടെ വീടുകൾ തിങ്കളാഴ്ച പ്രതിപക്ഷ നേതാവ് സന്ദർശിക്കും. കൊലപാതകത്തെ തുടർന്ന് തിങ്കളാഴ്ചത്തെ യാത്രാ പരിപാടികൾ കെ.പി.സിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ ജനമഹായാത്ര റദ്ദാക്കി.