play-sharp-fill
സി.പി.എമ്മിൽ ലയിക്കുന്നതിനെ ചൊല്ലി തർക്കം; വീണ്ടും പിളർപ്പിലേക്ക് സി.എം.പി

സി.പി.എമ്മിൽ ലയിക്കുന്നതിനെ ചൊല്ലി തർക്കം; വീണ്ടും പിളർപ്പിലേക്ക് സി.എം.പി

സ്വന്തം ലേഖകൻ

കണ്ണൂർ : സിപിഎമ്മിൽ ലയിക്കുന്നതിനെ ചൊല്ലി തർക്കം, സിഎംപി വീണ്ടും പിളർപ്പിലേയ്ക്ക്. സിപിഎം വിട്ട് എം.വി രാഘവൻ രൂപം നൽകിയ രാഷ്ട്രീയപാർട്ടിയായ സിഎംപിയാണ് വീണ്ടും പിളർന്നത്.. സിഎംപി അരവിന്ദാക്ഷൻ വിഭാഗമാണ് പിളർന്നത്. സിപിഎമ്മിൽ ലയിക്കണോ, ഇടതുപക്ഷവുമായി സഹകരിച്ച് പ്രവർത്തിക്കണോ എന്ന തർക്കമാണ് പിളർപ്പിൽ കലാശിച്ചത്.

സിപിഎമ്മിൽ ലയിക്കാനുള്ള അരവിന്ദാക്ഷൻ വിഭാഗത്തിന്റെ നീക്കത്തെ എതിർത്ത് എംവിആറിന്റെ മകൻ എംവി രാജേഷ് രംഗത്തെത്തുകയായിരുന്നു. ഇടതുപക്ഷവുമായി സഹകരിച്ചാൽ മതി. അത് രാഷ്ട്രീയ ലൈനാണ്. എന്നാൽ സിപിഎമ്മിൽ ലയിക്കുക എന്നത് കീഴടങ്ങലാണെന്ന് എംവി രാജേഷ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലയനനീക്കത്തെ എതിർത്ത് രാജേഷിന്റെ നേതൃത്വത്തിൽ ഒരു വിഭാഗം പുതിയ കമ്മിറ്റി രൂപീകരിച്ചു. 45 അംഗ സെൻട്രൽ കൗൺസിലിനെയും, 25 അംഗ സെൻട്രൽ എക്‌സിക്യൂട്ടീവിനെയും തെരഞ്ഞെടുത്തു. എംവി രാജേഷാണ് പുതിയ പാർട്ടിയുടെ ജനറൽ സെക്രട്ടറി.

ഫെബ്രുവരി മൂന്നിന് സിപിഎമ്മിൽ ലയിക്കുന്നത് ചില വ്യക്തികൾ മാത്രമാണ്. പാർട്ടി കോൺഗ്രസിൽ ചർച്ച ചെയ്യാതെ ലയനം നിയമപരമായി നടപ്പില്ലെന്നും എംവി രാജേഷ് പറഞ്ഞു. എംവി രാജേഷ് വിഭാഗം പ്രത്യേക കമ്മിറ്റി രൂപീകരിച്ചതോടെ, സിഎംപി ഫലത്തിൽ മൂന്നായി.

2014 ലാണ് സിഎംപി ആദ്യമായി പിളരുന്നത്. സിപി ജോൺ വിഭാഗവും അരവിന്ദാക്ഷൻ വിഭാഗവുമായി മാറി. എംവി രാഘവന് രോഗം മൂർച്ഛിച്ചതോടെ, ആര് സെക്രട്ടറിയാകുമെന്ന തർക്കമാണ് പിളർപ്പിലേക്ക് എത്തിച്ചത്. സിപി ജോൺ വിഭാഗം ഇപ്പോഴും യുഡിഎഫിലാണ്. അതേസമയം അരവിന്ദാക്ഷൻ മരിച്ചതോടെ, എംകെ കണ്ണനാണ് ഈ വിഭാഗത്തിന്റെ ജനറൽ സെക്രട്ടറി.

അതേസമയം പാർട്ടി പിളർന്നെന്ന റിപ്പോർട്ട് എംകെ കണ്ണൻ നിഷേധിച്ചു. മൂന്നുനാലുപേർ ചേർന്ന് ഒപ്പിട്ടാൽ പാർട്ടിയാവില്ല. എംവി രാജേഷിനെ നേരത്തെ തന്നെ പാർട്ടി പുറത്താക്കിയതാണ്. ആരാണ് അയാളെ ജനറൽ സെക്രട്ടറിയാക്കിയത്. ലയന സമ്മേളനം ഫെബ്രുവരി മൂന്നിന് തന്നെ നടക്കുമെന്നും എംകെ കണ്ണൻ പറഞ്ഞു.