play-sharp-fill
രാഷ്ട്രീയ ജീവിതത്തിനിടെയിലുളള കയറ്റിറക്കങ്ങളും വിവാദങ്ങളും ; എം.വി ഗോവിന്ദനില്‍ നിന്നും മേറ്റ തിക്താനുഭവങ്ങൾ ; പാര്‍ട്ടി ദേശീയ നേതൃത്വത്തിന്റെ അവഗണന ; ഇ പി ജയരാജൻ എഴുതാനൊരുങ്ങുന്ന ആത്മകഥയിൽ വെളിപ്പെടുത്തലുകളുണ്ടാകുമെന്ന ഭീതിയിൽ നേതൃത്വം

രാഷ്ട്രീയ ജീവിതത്തിനിടെയിലുളള കയറ്റിറക്കങ്ങളും വിവാദങ്ങളും ; എം.വി ഗോവിന്ദനില്‍ നിന്നും മേറ്റ തിക്താനുഭവങ്ങൾ ; പാര്‍ട്ടി ദേശീയ നേതൃത്വത്തിന്റെ അവഗണന ; ഇ പി ജയരാജൻ എഴുതാനൊരുങ്ങുന്ന ആത്മകഥയിൽ വെളിപ്പെടുത്തലുകളുണ്ടാകുമെന്ന ഭീതിയിൽ നേതൃത്വം

സ്വന്തം ലേഖകൻ

കണ്ണൂര്‍: ആത്മകഥയെഴുതി പ്രസിദ്ധീകരിക്കാനൊരുങ്ങുന്ന കേന്ദ്രകമ്മിറ്റിയംഗം ഇ.പി ജയരാജന്റെ ലക്ഷ്യം എം.വി ഗോവിന്ദനില്‍ നിന്നും മേറ്റ തിക്താനുഭവങ്ങളും പാര്‍ട്ടി ദേശീയ നേതൃത്വത്തിന്റെ അവഗണനയുമാണോയെന്ന ചോദ്യം കണ്ണൂര്‍ രാഷ്ട്രീയത്തെ ചൂടുപിടിപ്പിക്കുന്നു.എല്‍. ഡി. എഫ് കണ്‍വീനര്‍ സ്ഥാനത്തു നിന്നും ഒഴിവാക്കിയ ഇ.പി ജയരാജന്‍ നടത്തുന്ന തുറന്നെഴുത്ത് സി.പി. എമ്മില്‍ വെളിപ്പെടുത്തലുകളുടെ സുനാമി തന്നെ സൃഷ്ടിച്ചേക്കുമെന്ന ഭീതിയിലാണ് കണ്ണൂരിലെ നേതൃത്വം.


എന്നാല്‍ നിലവില്‍ കേന്ദ്രകമ്മിറ്റിയംഗമായതിനാല്‍ 2025-ല്‍ മധുരയില്‍ നടക്കുന്ന ഇരുപത്തിനാലാം പാര്‍ട്ടി കോണ്‍ഗ്രസിനു ശേഷം മാത്രമേ പുറത്തിറങ്ങുകയുളളൂ. വരുന്ന പാര്‍ട്ടി കോണ്‍ഗ്രസോടെ കേന്ദ്രകമ്മിറ്റി സ്ഥാനത്ത് ഇ.പി ജയരാജന്‍ തുടര്‍ന്നേക്കില്ല. പാര്‍ട്ടി നടപടിയെ തുടര്‍ന്ന് വ്രണിത ഹൃദയനായ ഇ.പി ജയരാജന്‍ പാപ്പിനിശേരിയിലെ വീട്ടില്‍ ഒതുങ്ങികൂടിയാണ് ആത്മകഥ എഴുതുന്നത്. പാര്‍ട്ടി പിടിക്കാന്‍ തോളോടു തോള്‍ ചേര്‍ന്നു പ്രവര്‍ത്തിച്ച മുഖ്യമന്ത്രി പിണറായി വിജയനും പ്രതിസന്ധി ഘട്ടത്തില്‍ തന്റെ കൂടെ നിന്നില്ലെന്ന പരിഭവം ഇ.പി ജയരാജനുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിണറായിയുമായുളള സവിശേഷ ബന്ധവും വി. എസ് പക്ഷത്തില്‍ നിന്നും പാര്‍ട്ടി പിടിച്ചെടുക്കാന്‍ താന്‍ നടത്തിയ യുദ്ധങ്ങളും തൃശൂരില്‍ ജില്ലാസെക്രട്ടറിയായിരുന്ന കാലവുമൊക്കെ ഇ.പിയുടെ ആത്മകഥയില്‍ കടന്നുവരാന്‍ സാധ്യതയുണ്ട്. കെ. എസ്.വൈ. എഫ് മുതല്‍ എല്‍. ഡി. എഫ് കണ്‍വീനര്‍ വരെയുളള രാഷ്ട്രീയ യാത്രയ്ക്കിടെയില്‍ രാഷ്ട്രീയ ഗുരുനാഥനായ എം.വി ആര്‍. ചടയന്‍ ഗോവിന്ദന്‍ തുടങ്ങിയവരുമായുളള ബന്ധങ്ങളും അനാവരണം ചെയ്യപ്പെടും. സജീവ രാഷ്ട്രീയത്തില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കുന്ന ഇ.പി ജയരാജന്‍ തന്റെ ആത്മകഥയിലൂടെ രേഖപ്പെടുത്തുക.

ബര്‍ളിന്‍ കുഞ്ഞനന്തന്‍ നായരുടെ ആത്മകഥ ഒന്നരപതിറ്റാണ്ടിനു മുന്‍പ് സി.പി. എമ്മില്‍ അലയൊലികള്‍ സൃഷ്ടിച്ചിരുന്നു.ഇതിനു ശേഷമാണ് മറ്റൊരു പ്രമുഖ നേതാവ് കൂടി പാര്‍ട്ടിക്ക് തലവേദനയായി മറ്റൊരു തുറന്നെഴുത്തു കൂടി പുറത്തുവരുന്നത്.ഇ.പിയെപുറത്താക്കുന്നതിന് അണിയറ നീക്കങ്ങള്‍ നടത്തിയ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനെ കുറിച്ചുളള പ്രതികൂല പരാമര്‍ശങ്ങള്‍ ആത്മകഥയിലുണ്ടാകുമോയെന്ന ചോദ്യവും ഉയരുന്നുണ്ട്. ഇ.പിയുടെ രാഷ്ട്രീയ ജീവിതം തുടങ്ങിയ കെ. എസ് വൈ. എഫ് മുതല്‍ ഏറ്റവും ഒടുവില്‍ എല്‍. ഡി. എഫ് കണ്‍വീനര്‍ പദവി വരെയുളള രാഷ്്ട്രീയ ജീവിതത്തിനിടെയിലുളള കയറ്റിറക്കങ്ങളും വിവാദങ്ങളുമാണ് ആത്മകഥയില്‍ പരാമര്‍ശിക്കപ്പെടുകയെന്നാണ് സൂചന.

ബര്‍ളിന്‍ കുഞ്ഞനന്തന്‍ നായര്‍ക്കു ശേഷം കണ്ണൂര്‍ രാഷ്ട്രീയത്തെ ഇളക്കിമറിക്കുന്ന ആത്മകഥ പിന്നീട് മറ്റൊന്നുമുണ്ടായിട്ടില്ല. എന്നാല്‍ പാര്‍ട്ടി കേന്ദ്രകമ്മിറ്റി അംഗമായ ഇ.പി ജയരാജന്‍ 2025-ഏപ്രിലില്‍ മധുരയില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസിനു ശേഷം മാത്രമേ ഇ.പിയുടെ ആത്മകഥ പുറത്തിറങ്ങുകയുളളൂവെന്നാണ് സൂചന. പാര്‍ട്ടിയില്‍ നിന്നും ഒഴിവായതിനു ശേഷം മാത്രമേ ഇ.പി വിവാദആത്മകഥയുമായി ഇ.പി രംഗത്തുവരികയുളളുവെന്നാണ് വിവരം.

ഒന്നോ രണ്ടോ കാരണങ്ങളല്ല എല്‍.ഡി.എഫ് കണ്‍വീനര്‍ സ്ഥാനത്തുനിന്ന് ഇ.പി ജയരാജന്‍ പുറത്തുപോകലിനു പിന്നിലെന്നാണ് സി.പി. എം സംസ്ഥാന നേതൃത്വത്തില്‍ നിന്നും പുറത്തുവരുന്ന വിവരം. പല ഘട്ടങ്ങളില്‍ ആരോപണങ്ങളുടെ പരമ്ബര തന്നെ ഇ.പിക്കെതിരേ സി.പി.എമ്മില്‍ ഉയര്‍ന്നു. അപ്പോഴൊക്കെ പാര്‍ട്ടിക്കുവേണ്ടി ഏറെ ത്യാഗങ്ങള്‍ സഹിച്ചയാള്‍ എന്ന ആനുകൂല്യത്തില്‍ ഇ.പിയുടെ പല ചെയ്തികളോടും നേതൃത്വം കണ്ണടച്ചു. നേതൃനിരയിലെ പലരും ഇ.പിക്കെതിരേ നിരവധി ആരോപണങ്ങളുന്നയിച്ചപ്പോഴും, ബന്ധുനിയമന വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ മന്ത്രിക്കസേര ഒഴിയേണ്ടിവന്നപ്പോള്‍ പോലും മുഖ്യമന്ത്രി പിണറായി വിജയന്‍ ഇ.പിയെ ചേര്‍ത്തുപിടിച്ചിരുന്നു.

എന്നാല്‍ തന്റെ പേരുപറഞ്ഞുപോലും ഇ.പിയുമായി ബന്ധപ്പെട്ട ചില കേന്ദ്രങ്ങള്‍ ചില വ്യവസായികളില്‍നിന്നുള്‍പ്പെടെ സാമ്ബത്തിക ഇടപാടുകള്‍ക്കു ശ്രമിച്ചുവെന്ന് ബോധ്യപ്പെട്ടതിനു പിന്നാലെയാണ് പിണറായിയും ഇ.പി ജയരാജനെ കൈവിടാന്‍ നിര്‍ബന്ധിതനായത്. അതിന്റെ തുടര്‍ച്ചയായാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മട്ടന്നൂര്‍ സീറ്റ് ഇ.പി ജയരാജനില്‍നിന്നെടുത്ത് കെ.കെ ശൈലജയ്ക്കു നല്‍കിയത്. സിറ്റിങ് സീറ്റ് സിഷേധിക്കപ്പെട്ടതില്‍ ഏറെ അസ്വസ്ഥനായിരുന്നു ഇ.പി ജയരാജന്‍. പാര്‍ലമന്ററി പദവികളിലേക്ക് ഇനിയില്ലെന്നായിരുന്നു മുഖംകറുപ്പിച്ചുകൊണ്ട് ഇ.പിയുടെ അന്നത്തെ പ്രതികരണം.

രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തിലേറിയതിനു പിന്നാലെ പലതവണ മുഖ്യമന്ത്രിയെ കണ്ട് തെറ്റിദ്ധാരണ മാറ്റാന്‍ ഇ.പി ശ്രമിച്ചെങ്കിലും മുഖം കൊടുക്കാതിരിക്കാന്‍ പിണറായിയും പരമാവധി ശ്രദ്ധിച്ചു. പിണക്കവും പാര്‍ട്ടി വപരിപാടികളില്‍നിന്നുള്ള വിട്ടുനില്‍ക്കലുകളും ഗുണമല്ലെന്നു തിരിച്ചറിഞ്ഞതോടെ പിന്നീട് അവസരം കിട്ടുന്നിടത്തൊക്കെ പിണറായി സ്തുതിയുമായാണ് ഇ.പി അവതരിച്ചത്. അതുവഴിയെങ്കിലും തന്നോടുള്ള മുഖ്യമന്ത്രിയുടെ അപ്രീതി അലിയിച്ചുകളായമെന്നായിരുന്നു പ്രതീക്ഷ. പക്ഷെ, അത്തരം വാഴ്ത്തലുകളിലും മുഖ്യമന്ത്രി വീണില്ല.

2022 ഏപ്രിലില്‍ കണ്ണൂരില്‍ നടന്ന സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസില്‍ പോളിറ്റ്ബ്യൂറോയിലേക്ക് പരിഗണിക്കപ്പെടുമെന്ന് ഇ.പി ഏറെ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ എ.വിജയരാഘവന് അവസരം നല്‍കിയാണ് ഇ.പിയുടെ പി.ബി പ്രവേശനത്തെ എതിര്‍പക്ഷം വെട്ടിയത്. പോളിറ്റ് ബ്യൂറോയിലേക്ക് പരിഗണിക്കപ്പെടാന്‍ മാത്രം താന്‍ വളര്‍ന്നിട്ടില്ലെന്നായിരുന്നു അന്ന് മാധ്യമങ്ങളോട് ഇച്ഛാഭംഗത്തോടെ ഇ.പി പ്രതികരിച്ചത്. 2022 ഒക്ടോബര്‍ ഒന്നിന് കോടിയേരി ബാലകൃഷ്ണന്റെ വിയോഗത്തോടെ ഒഴിവുവന്ന സംസ്ഥാന സെക്രട്ടറി കസേരയും ഇ.പി ഏറെ കൊതിച്ചിരുന്നു. എന്നാല്‍ നാളുകള്‍ക്കകം എം.വി ഗോവിന്ദനെ ദിവസങ്ങള്‍ക്കകം സെക്രട്ടറിയായി അവരോധിച്ചതിലൂടെ ഇ.പി ജയരാജന്റെ പേര് ഉയര്‍ന്നുവരാതിരിക്കാനുള്ള ജാഗ്രതയാണ് പിണറായിപക്ഷം കാട്ടിയത്.

2022 ഏപ്രില്‍ 18നാണ് ഇ.പി ജയരാജന്‍ എല്‍.ഡി.എഫ് കണ്‍വീനറാവുന്നത്. മുന്നണി കണ്‍വീനര്‍ പദവി ഒരിക്കലും ഇ.പി ജയരാജന്റെ സ്വപ്നമായിരുന്നില്ല. ഒതുക്കാന്‍ വേണ്ടിയാണ് ആ കസേരയില്‍ അവരോധിച്ചതെന്ന ബോധ്യവും ഇ.പിക്ക് ഉണ്ടായിരുന്നു. ഇ.പി കണ്‍വീനര്‍ ആയതിനു തൊട്ടുപിന്നാലെ നടന്ന തൃക്കാക്കര, പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പുകളില്‍ എല്‍.ഡി.എഫ് കനത്ത പരാജയമാണ് നേരിട്ടത്. സിറ്റിങ് സീറ്റുകളെന്നതും സഹതാപതരംഗവുമെല്ലാം രണ്ടിടത്തും യു.ഡി.എഫിന് ജയം ഉറപ്പാക്കിയെങ്കിലും മുന്നണി കണ്‍വീനര്‍ എന്ന നിലയില്‍ രണ്ടിടത്തും ഇ.പി ജയരാജന്റെ പ്രവര്‍ത്തനം തൃപ്തികരമല്ലായിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിലെ രണ്ട് പ്രധാന കാരണങ്ങളും ഇ.പിക്കെതിരേയുള്ളതാണ്. അതിലൊന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ എന്ന നിലയിലെ മോശം പ്രകടനം തന്നെ.

കാസര്‍കോട്ടും കണ്ണൂരിലും മാത്രമായി പ്രവര്‍ത്തനം ഒതുക്കി എന്നതും മണ്ഡലങ്ങളില്‍ ഒരുതവണ പോലും ഇ.പി പ്രചാരണത്തിനു പോയില്ലെന്നതും തെരഞ്ഞെടുപ്പ് അവലോകന യോഗങ്ങളില്‍ അണികളും നേതൃത്വവും ഒരുപോലെ പരാതിപ്പെട്ടിരുന്നു. ബി.ജെ.പി കേരളപ്രഭാരി പ്രകാശ് ജാവ്‌ദേക്കറുമായി മകന്റെ ഫ്ലാറ്റില്‍ കൂടിക്കാഴ്ച നടത്തിയെന്ന ലോക്‌സഭാ തെരഞ്ഞെടുപ്പുനാളിലെ ഇ.പിയുടെ വെളിപ്പെടുത്തലും കനത്ത തോല്‍വിക്ക് കാരണമായെന്ന് സി.പി.എം നേതൃത്വം വിലയിരുത്തിയിരുന്നു. ഇ.പിയുടെ സ്ഥാനഭ്രംശത്തിനു പ്രധാന കാരണമായി കഴിഞ്ഞ ദിവസം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ പറഞ്ഞതും ഇതേ ആരോപണമായിരുന്നു.

ഇ.പിക്കും ഭാര്യയ്ക്കും മകനും എതിരേ പലവട്ടം ആരോപണങ്ങള്‍ ഉയര്‍ന്നപ്പോഴും സി.പി.എം കണ്ണടയ്ക്കുകയോ കേട്ടില്ലെന്നു നടിക്കുകയോ ആയിരുന്നു. എന്നാല്‍ തങ്ങള്‍ വര്‍ഗശത്രുവായി കാണുന്ന ബി.ജെ.പിയുമായുള്ള ബാന്ധവത്തിന് ഇ.പി ശ്രമിക്കുന്നെന്ന വിവരമറിഞ്ഞതോടെയാണ് നടപടി കടുപ്പിക്കാന്‍ സി.പി.എം നിര്‍ബന്ധിതമായത്. അതുകൊണ്ടുകൂടിയാണ് ഇ.പിക്ക് പ്രതിരോധമൊരുക്കാന്‍ പി.കെ ശ്രീമതി ഉള്‍പ്പെടെ ഒരു നേതാവും രംഗത്തെത്താത്തതിരുന്നതും. പാര്‍ട്ടിയില്‍ ഇനി തന്റെ നില പരുങ്ങലിലാണെന്ന ബോധ്യം ഇ.പി ജയരാജനുണ്ട്. ഉന്നതപദവിയിലിരുന്ന ഒരാളെ ആ സ്ഥാനത്തുനിന്നു മാറ്റുക എന്നാല്‍ സി.പി.എമ്മില്‍ അയാളുടെ നാളുകള്‍ എണ്ണപ്പെട്ടുവെന്നതിന്റെ വ്യക്തമായ സൂചനകൂടിയാണ്.

അര നൂറ്റാണ്ടിനുമേല്‍ രാഷ്ട്രീയജീവിതം തുടര്‍ന്ന ഒരാള്‍ ഒരുപ്രഭാതത്തില്‍ സാധാരണ ജീവിതത്തിലേക്ക് ഒതുങ്ങിക്കൂടുമെന്നതും അചിന്ത്യം. അതുകൊണ്ടുതന്നെ ഇ.പിക്കു മുന്നില്‍ ഇനി പാര്‍ട്ടിക്കു പുറത്തേക്കുള്ള വഴി മാത്രമാണ് അഭികാമ്യം. പാര്‍ട്ടിനയങ്ങളില്‍നിന്ന് വ്യതിചലിക്കുന്നത് എത്രവലിയ നേതാവായാലും അച്ചടക്കനടപടി ഉറപ്പെന്ന ബോധ്യം പൊതുസമൂഹത്തിനു നല്‍കാന്‍ സി.പി.എമ്മിനും അതുവഴി കഴിയും. പരസ്യമായി അപമാനിക്കപ്പെട്ട് സി.പി.എമ്മില്‍ തുടരുന്നതില്‍ അര്‍ഥമില്ലെന്ന ബോധ്യം ഇ.പിക്കുമുണ്ട്. അതിനാല്‍ ഈ തീയും പുകയും അടങ്ങുന്നതോടെ അടുത്ത ലാവണം തേടി ഇ.പി പുറപ്പെടുമെന്നു തന്നെയാണ് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്.

അത് ബി.ജെ.പിയിലേക്കായിരിക്കുമെന്ന് സി.പി.എമ്മില്‍ തന്നെയുള്ള ഒരു വിഭാഗം കരുതുന്നുണ്ട്. ഇ.പി ജയരാജനെപ്പോലെ തലയെടുപ്പുള്ള നേതാവ് തങ്ങളുടെ പാളയത്തിലെത്തിയാല്‍ ചുരുങ്ങിയത് ഒരു ഗവര്‍ണര്‍ പദവിയെങ്കിലും കൊടുത്ത് സ്വീകരിക്കാന്‍ ബി.ജെ.പിക്കും മടിയുണ്ടാവില്ലെന്നാണ് വിവരം. എന്നാല്‍ ഇ.പി ബിജെ.പിയിലേക്ക് പോകില്ലെന്നാണ് ഇതു സംബന്ധിച്ചു സി.പി. എമ്മിലെ ഒരു ഉന്നത നേതാവ് പ്രതികരിച്ചത്. വൈദകം റിസോര്‍ട്ടില്‍ നടന്ന ആദായ നികുതി വകുപ്പിന്റെ റെയ്ഡുമായി ബന്ധപ്പെട്ട കാര്യങ്ങളിലെ സാങ്കേതിക കുരുക്കുകളില്‍ നിന്നും ഒഴിവാകാന്‍ പയ്യന്നൂരിലെ ഒരു ജ്യോത്സന്‍ മുഖേനെ ഇ.പി ജയരാജന്‍ അമിത് ഷായെ ബന്ധപ്പെട്ടിരുന്നുവെന്നും ഈക്കാര്യം കേരളാപ്രഭാരി പ്രകാശ് ജാവേദ്ക്കറുമായി സംസാരിക്കാന്‍ നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്നാണ് ആക്കുളത്തെ ഫ്ളാറ്റില്‍ നിന്നും കണ്ടുവെന്നുമാണ് സംസ്ഥാന നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന നേതാവ് വ്യക്തമാക്കിയത്.

ഇ.പി ജയരാജന്‍ പടിയിറങ്ങുന്നതോടെ കണ്ണൂരിലെ അതികായകനായ നേതാവിന്റെ പിന്‍മടക്കമാണ് രാഷ്ട്രീയ കേരളം കാണുന്നത്. വെള്ളിയാഴ്ച സംസ്ഥാന സെക്രട്ടേറിയറ്റില്‍ പങ്കെടുത്തെങ്കിലും കഴിഞ്ഞ ദിവസത്തെ സംസ്ഥാനസമിതി ബഹിഷ്‌കരിച്ചാണ് ഇ.പി കണ്ണൂരിലേക്കു മടങ്ങിയത്. സെക്രട്ടേറിയറ്റില്‍ തനിക്കെതിരേ നടപടി ഉറപ്പായതതോടെയായിരുന്നു ക്ഷുഭിതനും അതിലേറെ നിരാശനുമായി ഇ.പി തലസ്ഥാനം വിട്ടത്. കണ്‍വീനര്‍ സ്ഥാനം ഒഴിയുന്നത് സംബന്ധിച്ച കാര്യം അറിയില്ലെന്നാണ് വാര്‍ത്തകള്‍ തള്ളിക്കൊണ്ട് തിരുവനന്തപുരത്ത് ഇ.പി ജയരാജന്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. കണ്ണൂരില്‍ ചില പരിപാടികളുണ്ടെന്നായിരുന്നു തിരുവനന്തപുരം വിടുമ്ബോള്‍ ഇ.പി ജയരാജന്‍ പ്രതികരിച്ചത്.

എന്നാല്‍ പാപ്പിനിശേരി അരോളിലെ വീട്ടിലെത്തിയ ഇന്നലെ അദ്ദേഹം പുറത്തിറങ്ങിയതേ ഇല്ല. ബി.ജെ.പി പ്രവേശനവുമായി ബന്ധപ്പെട്ട് ഇ.പിയുമായി മൂന്നുവട്ടം ചര്‍ച്ച നടത്തിയെന്ന ശോഭ സുരേന്ദ്രന്റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് പ്രകാശ് ജാവ്ദേക്കറുമായുള്ള കൂടിക്കാഴ്ചയുടെ വിവരം പുറം ലോകമറിഞ്ഞത്. ജാവ്ദേക്കറുമായി നടന്നത് രാഷ്ട്രീയ കൂടിക്കാഴ്ചയല്ലെന്നും അതിനാലാണ് പാര്‍ട്ടിയെ അറിയിക്കാതിരുന്നത് എന്നുമായിരുന്നു വിഷയത്തില്‍ ഇ.പിയുടെ വിശദീകരണം. കുറച്ചുകാലമായി പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനുമായി ജയരാജന്‍ അത്ര രസത്തിലല്ല. എം.വി ഗോവിന്ദന്റെ നേതൃത്വത്തില്‍ സി.പി.എം നടത്തിയ നംസ്ഥാന ജാഥയില്‍ നിന്ന് ഇ.പി ജയരാജന്‍ വിട്ടുനിന്നിരുന്നു. വഴിവിട്ട ഇടപാടുകളിലും ഭാര്യയുടെ പേരിലുള്ള വൈദേകം റിസോര്‍ട്ടിന്റെ പേരിലും സി.പി.എം സംസ്ഥാന സമിതി അംഗം പി.ജയരാജനും ഇ.പിക്കെതിരേ പാര്‍ട്ടി വേദികളില്‍ പ്രതികരിച്ചിരുന്നു.

രാഷ്ട്രീയജീവിതത്തില്‍ വ്യക്തിവിശുദ്ധി സൂക്ഷിക്കുന്നില്ലെന്നായിരുന്നു ഇ.പിക്കെതിരേ പി.ജയരാജന്റെ ആരോപണം. അണികള്‍ക്കിടയിലും ഇ.പിയോട് പഴയ മതിപ്പും പ്രീതിയും കുറഞ്ഞുതുടങ്ങിയിരുന്നു. അടുത്തകാലത്ത് പല കാരണങ്ങളാലും ഒറ്റപ്പെട്ടപ്പോഴും ഭാര്യാസഹോദരിയും കേന്ദ്ര കമ്മിറ്റി അംഗവുമായ പി.കെ ശ്രീമതി ഒഴികെ ഒരാളും ഇ.പിയുടെ രക്ഷയ്ക്കെത്തിയിരുന്നല്ലെന്നതും ശ്രദ്ധേയം. ഒരുകാലത്ത് കണ്ണൂര്‍ സി.പി.എമ്മില്‍ ഏറെ കരുത്തരായ മൂന്നു ജയരാജന്‍മാരില്‍ പ്രബലന്‍ ഇ.പി തന്നെയായിരുന്നു.

ഒന്നാം പിണറായി സര്‍ക്കാരില്‍ വ്യവസായമന്ത്രിയായെങ്കിലും ബന്ധുനിയമന ആരോപണം നേരിട്ടതോടെ ഇ.പി ജയരാജയന്‍ രാജിവച്ചു. പി. കെ ശ്രീമതിയുടെ മകന്‍ സുധീറിനെ കെ.എസ്.ഐ.ഡി.സി എം.ഡിയായി നിയമിച്ചതാണ് മന്ത്രിസഭയില്‍നിന്നു പുറത്തേക്ക് വഴിയൊരുക്കിയത്. വിജിലന്‍സ് ക്ലീന്‍ചിറ്റ് നല്‍കിയതോടെ ഇ.പി മന്ത്രിസഭയില്‍ തിരിച്ചുവന്നു. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസിലും ഇ.പിയുടെ പേര് ഉയര്‍ന്നുകേട്ടു. മുഖ്യപ്രതി പി.സതീഷ് കുമാറുമായുള്ള ബന്ധമായിരുന്നു വിവാദത്തിന്റെ അടിസ്ഥാനം. മട്ടന്നൂര്‍ സ്വദേശിയായ സതീഷ് കുമാര്‍ തൃശൂരില്‍ താവളമുറപ്പിക്കുന്നത് ഇ.പി ജയരാജന്‍ സി.പി.എം തൃശൂര്‍ ജില്ലാ സെക്രട്ടറി ആയിരിവേയാണ്. മന്ത്രിയായിരിക്കുമ്ബോഴടക്കം, സതീഷ് കുമാറിനെ ഇ.പി വഴിവിട്ട സഹായിച്ചെന്ന ആരോപണമുയര്‍ന്നിരുന്നു.

2007ല്‍ ഇ.പി ജയരാജന്‍ ദേശാഭിമാനി ജനറല്‍ മാനേജരായിരുന്ന കാലത്ത് ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിനില്‍നിന്നും അദ്ദേഹത്തിന്റെ മക്കളില്‍നിന്നും രണ്ട് കോടിയുടെ നിക്ഷേപം സ്വീകരിച്ചതും വന്‍ വിവാദമായിരുന്നു. ദേശാഭിമാനിയുടെ വികസന ബോണ്ടാണ് വാങ്ങിയതെന്നായിരുന്നു ജയരാജന്റെ ആദ്യ വിശദീകരണം. വിവാദം കൊടുമ്ബിരിക്കൊണ്ടതോടെ പണം തിരിച്ചുനല്‍കി പാര്‍ട്ടി തലയൂരി. ഇതിനിടയില്‍ തന്നെ ഇ.പി വര്‍ക്കിങ് ചെയര്‍മാനായ നായനാര്‍ ഫുട്‌ബോള്‍ സംഘാടകസമിതി വിവാദ വ്യവസായി ഫാരിസ് അബൂബക്കറില്‍നിന്ന് 60 ലക്ഷം രൂപ കൈപ്പറ്റിയെന്ന വാര്‍ത്ത പുറത്തുവന്നു. വെറുക്കപ്പെട്ടയാളില്‍നിന്ന് പാര്‍ട്ടി സംഭാവന വാങ്ങുമെന്ന് കരുതുന്നില്ലെന്ന വി.എസ് അച്യുതാനന്ദന്റെ ശക്തമായ പ്രതികരണവും അന്ന് ഏറെ വിവാദമായിരുന്നു.