
സ്വന്തം ലേഖകൻ
തിരുവനന്തപുരം: പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ ജനഹിതം അട്ടിമറിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് സിപിഎമ്മും ബിജെപിയും കള്ളപ്പണ ആരോപണം ഉന്നയിച്ചതെന്ന് പാലക്കാട് നിയുക്ത എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍. പെട്ടിക്കകത്തും ഇവര്‍ ഉന്നയിക്കുന്ന രാഷ്ട്രീയത്തിലും ഒന്നുമില്ലെന്ന് തിരിച്ചറിഞ്ഞ പാലക്കാട്ടെ ജനങ്ങളെ താന്‍ അഭിവാദ്യം അറിയിക്കുകയാണെന്നും രാഹുല്‍ പറഞ്ഞു. ഇതൊക്കെ വിശ്വസിച്ച് ജനഹിതം മറിച്ചായിരുന്നെങ്കില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ കഴിയുമായിരുന്നോയെന്നും രാഹുല്‍ ചോദിച്ചു.
ബിജെപി രണ്ടാമത് നില്‍ക്കുന്ന ഒരു മണ്ഡലത്തില്‍ ഒന്നാമതാകുന്നതിനായി അവര്‍ ഹീനമായ പ്രവര്‍ത്തികള്‍ ചെയ്യുന്നത് മനസിലാക്കാം. അവര്‍ അത് ചെയ്യുന്നവരുമാണ്. എന്നാല്‍, ബിജെപിയെ ഒന്നാമതെത്തിക്കാന്‍ സിപിഎമ്മിന്റെ ഒരു മന്ത്രിയും അദ്ദേഹത്തിന്റെ അളിയനും ചേര്‍ന്ന് നടത്തിയ രാഷ്ട്രീയ നാടകം എന്തിനുവേണ്ടിയായിരുന്നു. ബിജെപി പ്രസിഡന്റും സിപിഎം സംസ്ഥാന സെക്രട്ടറിയും ഉയര്‍ത്തിയ ആരോപണങ്ങള്‍ക്കെല്ലാം ജലരേഖയുടെ ആയുസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പെട്ടി പ്രശ്നം വിടാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും രാഹുല്‍ പറഞ്ഞു. ഷാനിമോള്‍ ഉസ്മാന്റെയും ബിന്ദു കൃഷ്ണയുടെയും മുറികളിലേക്ക് യൂണിഫോം ഇല്ലാത്ത പൊലീസുകാര്‍ നടത്തിയ തോന്ന്യവാസം, ഒരു സ്ഥാനാര്‍ഥി എന്ന നിലയിലും ഒരു പൊതുപ്രവര്‍ത്തകന്‍ എന്ന നിലയിലും തന്നെ അപമാനിക്കാന്‍ നടത്തിയ ശ്രമങ്ങള്‍, ഇതിനെല്ലാം സിപിഎമ്മും ബിജെപിയും നിയമപരമായി കൂടി മറുപടി പറയേണ്ടിവരുമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.



