
സിയാബാദ്: ജോലി കഴിഞ്ഞ് വീട്ടിലേക്ക് ബുള്ളറ്റില്‍ മടങ്ങും വഴി 25കാരിയായ വനിതാ പൊലീസ് ഉദ്യോഗസ്ഥ അപകടത്തില്‍ കൊല്ലപ്പെട്ടു.
യുപി പൊലീസ് സബ് ഇൻസ്പെക്ടറായ റിച സചനാണ് മരിച്ചത്. തെരുവുനായ കുറുകെ ചാടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട് റിചയും ബൈക്കും മറിഞ്ഞിരുന്നു.
പിന്നാലെ വന്ന കാർ റിചയെ ഇടിച്ചതോടെയാണ് മരണം സംഭവിച്ചത്. ഗാസിയാബാദ് കവിനഗർ പൊലീസ് സ്റ്റേഷനില്‍ നിന്ന് പുലർച്ചെ ഒരു മണിയോടെ തൻ്റെ വാടക വീട്ടിലേക്ക് മടങ്ങുംവഴിയാണ് അപകടം. കാറിടിച്ച് റിചയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഉടനെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും അവിടെ എത്തുമ്പോഴേക്കും മരണം സംഭവിച്ചിരുന്നതായി പൊലീസ് പറയുന്നു.
ദില്ലി എൻസിആറിലെ തെരുവുകളില്‍ നിന്ന് തെരുവ് നായ്ക്കളെ മാറ്റി പുനരധിവസിപ്പിക്കണമെന്ന സുപ്രീം കോടതിയുടെ ഓഗസ്റ്റ് 11 ലെ ഉത്തരവില്‍ പ്രതിഷേധങ്ങള്‍ നടക്കുന്നതിനിടെയാണ് സംഭവം. യുവ വനിതാ സബ് ഇൻസ്പെക്ടറുടെ മരണം തെരുവ് നായ വിഷയം വീണ്ടും സജീവ ചർച്ചാ വിഷയമാക്കുകയാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
യുപിയിലെ എസ്‌ഐ പരീക്ഷ 2023 ല്‍ പാസായ റിച്ച സചൻ ജോലിയില്‍ പ്രവേശിച്ചിട്ട് അധിക കാലമായിട്ടില്ല. കണ്‍പൂർ സ്വദേശിയായ ഇവർ കഠിനാധ്വാനിയായിരുന്നുവെന്ന് പൊലീസുകാർ പറയുന്നു. ആശുപത്രിയില്‍ പോസ്റ്റ്‌മോർട്ടത്തിന് ശേഷം സംസ്ഥാന ബഹുമതികളോടെയാണ് സംസ്‌കാരം നടത്തിയത്.