
തൃശൂർ: കുന്നംകുളം പോലീസ് സ്റ്റേഷനില്‍ വെച്ച് നടന്ന കസ്റ്റഡി മർദനത്തില്‍ പ്രതികളായ നാല് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി മർദ്ദനത്തിന് ഇരയായ സുജിത്ത്.
സസ്പൻഷൻ ശുപാർശയില്‍ തൃപ്തി ഇല്ലെന്നാണ് സുജിത് പ്രതികരിച്ചത്. തന്നെ മർദിച്ചത് അഞ്ച് പോലീസുകാരാണെന്നും അഞ്ചാമനായ പോലീസ് ഡ്രൈവർ
സുഹൈറിനെതിരെ നടപടി എടുത്തിട്ടില്ലെന്നും സുജിത്ത് വ്യക്തമാക്കി. 5 പേരെയും സർക്കാർ സർവ്വീസില്‍ നിന്നും പിരിച്ച് വിടണമെന്നും സുജിത് ആവശ്യപ്പെട്ടു. എല്ലാ പോലീസ് സ്റ്റേഷനിലും സിസിടിവി വേണമെന്ന സുപ്രീം കോടതി കേസില്‍ കക്ഷിചേരുമെന്നും ജനങ്ങള്‍, പാർട്ടി നല്‍കിയ പിന്തുണയ്ക്ക് നന്ദിയുണ്ടെന്നും സുജിത് പറഞ്ഞു. കുന്നംകുളം കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുജിത്ത്.
നീ നേതാവു കളിക്കണ്ട എന്നു പറഞ്ഞാണ് അന്ന് മർദ്ദിച്ചത്. അഞ്ചാമത്തെ ആളായ സുഹൈറിനെതിരെ നടപടി എടുക്കാത്തതിനെതിരെ ബ്ലോക്ക് കോണ്‍ഗ്രസ് കോടതിയെ സമീപിക്കും. സുഹൈർ ഇപ്പോള്‍ പഴയന്നൂരില്‍ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസറാണ്. അടുത്ത ദിവസം തന്നെ പഴയന്നൂരിലേക്ക് സമരം നടത്തും. ശശിധരൻ എന്ന ഉദ്യോഗസ്ഥൻ സിസിടിവി ഇല്ലാത്ത മുറിയിലെത്തിച്ച് മർദ്ദിച്ചുവെന്നും സുജിത്ത് പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കേസില്‍ പ്രതികളായ നാല് ഉദ്യോഗസ്ഥരെയും സസ്‌പെന്റ് ചെയ്യണമെന്നാണ് ഉത്തരമേഖല ഐജി രാജ്പാല്‍ വീണയ്ക്ക് ഡിഐജി റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്. റിപ്പോർട്ടില്‍ പറയുന്നത് പ്രകാരം കോടതി നാല് പേർക്കെതിരെ കേസ് എടുത്തിട്ടുണ്ട്. അഞ്ച് പേരെ പ്രതികളാക്കി അന്വേഷണം ആരംഭിച്ചെങ്കിലും ഒരാള്‍ക്കെതിരെ തെളിവുകള്‍ കിട്ടിയിരുന്നില്ല. ഈ സാഹചര്യത്തിലാണ് നാല് പേരെ പ്രതിയാക്കി ക്രിമിനല്‍ കേസെടുത്തത്. ഇവരില്‍ മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ മുൻപ് വകുപ്പുതല അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു ഈ നടപടി വീണ്ടും പുനഃപരിശോധിക്കാമെന്നും റിപ്പോർട്ടില്‍ പറയുന്നുണ്ട്. എസ് ഐ നൂഹ്മാൻ, സിപിഒമാരായ ശശീന്ദ്രൻ, സന്ദീപ്, സജീവൻ എന്നിവരാണ് പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. 4 പൊലീസുകാർക്കെതിരെ കോടതി ക്രിമിനല്‍ കേസെടുത്തിട്ടുണ്ടെന്നും അതിനാല്‍ സസ്പെൻഡ് ചെയ്യണമെന്ന് ഡിഐജി റിപ്പോർട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
കസ്റ്റഡി മർദ്ദനത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ വ്യാപക പ്രതിഷേധമാണുണ്ടായത്. 2023 ഏപ്രില്‍ അഞ്ചിന് നടന്ന സംഭവത്തിന്റെ ഞെട്ടിപ്പിക്കുന്ന സിസിടിവി ദൃശ്യങ്ങളാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. തൃശൂര്‍ കുന്നംകുളം പോലീസ് സ്റ്റേഷനില്‍ നടന്ന ക്രൂരതയുടെ ദൃശ്യങ്ങള്‍ പുറം ലോകത്തെത്താൻ വേണ്ടി വന്നത് മൂന്ന് വർഷം നീണ്ട നിയമ പോരാട്ടമായിരുന്നു. വിവരാവകാശ കമ്മീഷന്‍റെ ഉത്തരവ് പ്രകാരമാണ് യുവാവിന് നേരെയുള്ള പോലീസ് ഉദ്യോഗസ്ഥരുടെ അതിക്രമത്തിന്റെ ദൃശ്യങ്ങള്‍ ലഭിച്ചത്. യൂത്ത് കോണ്‍ഗ്രസ് ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്‍റ് സുജിത്തിനെയാണ് പോലീസ് സ്റ്റേഷനില്‍ വെച്ച് എസ്‌ഐ അടക്കമുള്ള ഉദ്യോഗസ്ഥർ ക്രൂരമായി തല്ലിച്ചതച്ചത്.
തൃശൂര്‍ ചൊവ്വന്നൂരില്‍ വെച്ച് വഴിയരികില്‍ നിന്നിരുന്ന സുഹൃത്തുക്കളെ പോലീസ് ഭീഷണിപ്പെടുത്തുന്നത് ശ്രദ്ധയില്‍പ്പെട്ട സുജിത്ത് കാര്യം തിരക്കുകയായിരുന്നു. ഇത് ഇഷ്ടപ്പെടാതിരുന്ന കുന്നംകുളം പോലീസ് സ്റ്റേഷനിലെ എസ്. ഐ. നുഹ്മാൻ സുജിത്തിനെ ജീപ്പില്‍ കയറ്റി സ്റ്റേഷനിലേക്ക് കൊണ്ട് പോയി. ഷര്‍ട്ടടക്കം ഊരിമാറ്റിയ നിലയിലാണ് സുജിത്തിനെ പോലീസ് ജീപ്പില്‍ സ്റ്റേഷനിലേക്ക് കൂട്ടികൊണ്ട് പോയത്. സ്റ്റേഷനില്‍ എത്തിയത് മുതൽ മൂന്നിലധികം പോലീസുകാര്‍ ചേര്‍ന്ന് വളഞ്ഞിട്ടായിരുന്നു മര്‍ദനം. സ്റ്റേഷനില്‍ വെച്ച് കുനിച്ചുനിര്‍ത്തി സുജിത്തിന്‍റെ പുറത്തും മുഖത്തുമടക്കം അടിക്കുന്നത് ദൃശ്യത്തിലുണ്ട്.
മർദനത്തിന് നേതൃത്വം നല്കിയതാവട്ടെ എസ്‌ഐ നുഹ്മാനും. ഒപ്പം മദ്യപിച്ച് പ്രശമുണ്ടാക്കി പോലീസിനെ കയ്യേറ്റം ചെയ്തതായും കൃത്യ നിർവഹണം തടസ്സപ്പടുത്തിയതായും ആരോപിച്ച് ഒരു കള്ളക്കേസ് കൂടി ചാർത്തി നല്‍കി. വ്യാജ എഫ്‌ഐആര്‍ ഉണ്ടാക്കി സുജിത്തിനെ ജയിലില്‍ അടക്കാനായിരുന്നു ഉദ്യോഗസ്ഥരുടെ ശ്രമം. എന്നാല്‍ പിനീട് നടന്ന വൈദ്യ പരിശോധനയില്‍ സുജിത്ത് മദ്യപിച്ചിട്ടില്ലെന്ന് മനസ്സിലാക്കിയ ചാവക്കാട് മജിസ്‌ട്രേറ്റ് കോടതി സുജിത്തിന് ജാമ്യം അനുവദിച്ചു. കോടതിയുടെ നിർദേശം അനുസരിച്ച് നടന്ന പരിശോധനയില്‍ പോലീസുകാരുടെ മർദനത്തിന് പിന്നാലെ സുജിത്തിന്‍റെ ചെവിയുടെ കേള്‍വി തകരാറിലായതായും കണ്ടെത്തി. പോലീസില്‍ പരാതി നല്‍കിയെങ്കിലും കേസെടുത്തില്ല. പിന്നീട് കോടതി നിർദ്ദേശപ്രകാരമെടുത്ത കേസിന്റെ വിചാരണ ഇപ്പോള്‍ നടക്കുകയാണ്. ഇതേത്തുടർന്നാണ് മൂന്ന് വർഷത്തിനിപ്പുറം വിവരാവകാശപ്രകാരം മർദ്ദന ദൃശ്യങ്ങള്‍ പരാതിക്കാരന് ലഭിച്ചത്.
സംഭവം പുറം ലോകമറിയുമെന്ന ഘട്ടമെത്തിയപ്പോള്‍ കേസ് ഒത്തുതീർപ്പാക്കാൻ ഉദ്യോഗസ്ഥർ നേരിട്ടും ഇടനിലക്കാർ വഴിയും പണം വാഗ്ദാനം ചെയ്ത് സ്വാധീനിക്കാൻ ശ്രമിച്ചുവെന്ന് ആക്രമണത്തിനിരയായ സുജിത്ത് ആരോപിച്ചു. സംഭവത്തില്‍ മഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തിരുന്നു .
മർദനവുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നതിന് പിന്നാലെ തൃശൂർ ഡിഐജി ഹരിശങ്കർ ഡിജിപിക്ക് റിപ്പോർട്ട് നല്‍കിയിരുന്നു . പരാതി ഉയർന്ന അന്ന് തന്നെ നടപടി എടുത്തെന്നും റിപ്പോർട്ടില്‍ പറയുന്നു. നാലു ഉദ്യോഗസ്ഥർക്കും രണ്ട് വർഷത്തെ ഇൻക്രിമെന്റ് റദ്ദാക്കുകയും സ്റ്റേഷനില്‍ നിന്ന് സ്ഥലം മാറ്റുകയും ചെയ്തു എന്നും റിപ്പോർട്ടില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. സ്‌ഐ നുഹ്മാൻ, സിപിഒമാരായ ശശീന്ദ്രൻ,സന്ദീപ്, സജീവൻ എന്നിവർക്കെതിരെയാണ് നടപടിയെടുത്തിരിക്കുന്നത്. പോലീസുകാർ കൈകൊണ്ട് സുജിത്തിനെ ഇടിച്ചു എന്ന കുറ്റം മാത്രമേ ഉള്ളൂ എന്ന് റിപ്പോർട്ടില്‍ പറയുന്നു. കോടതിയും ആ കേസ് മാത്രമാണ് എടുത്തത്.
സംഭവത്തില്‍ പ്രതിഷേധിച്ച് പ്രതിപ്പട്ടികയിലുള്ള ഒരു പോലീസ് ഉദ്യോഗസ്ഥന്റെ വീട്ടിലേക്ക് കോണ്‍ഗ്രസ് ഇന്ന് മാർച്ച് സംഘടിപ്പിച്ചിരുന്നു. പ്രതികളില്‍ ഒരാളായ ശശിധരൻ എന്ന ഉദ്യോഗസ്ഥന്റെ വീട്ടിലേക്കാണ് കോണ്‍ഗ്രസ് മാർച്ച് നടത്തിയത്. പ്രതിഷേധത്തിനിടെ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച ഒരു പ്രവർത്തകന്റെ കൈയ്ക്ക് പരിക്കേറ്റു.
കുന്നംകുളം പോലീസ് സ്റ്റേഷനില്‍ വെച്ച് യൂത്ത് കോണ്‍ഗ്രസ് ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്‍റ് സുജിത്തിനെ പോലീസ് ഉദ്യോഗസ്ഥർ മർദിച്ച സംഭവത്തില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. വിഷയത്തില്‍ ഇന്നലെ പ്രതിപക്ഷ നേതാവ് രൂക്ഷമായ ഭാഷയിലാണ് പ്രതികരണമറിയിച്ചത്. പ്രതികളായ നാല് ഉദ്യോഗസ്ഥർ കാക്കി ധരിച്ച് വീടിന് പുറത്തിറങ്ങില്ലെന്നും, ഇതുവരെ കാണാത്ത സമരം കേരളം കാണുമെന്നുമാണ് വിഷയത്തില്‍ പ്രതിപക്ഷ നേതാവ് പ്രതികരിച്ചത്. സർക്കാരിന്റെ നടപടിക്കായി കാത്തിരിക്കുകയാണ്. സമരത്തിന്റെ ഫ്രെയിം കോണ്‍ഗ്രസ് മാറ്റുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മർദനത്തിന് ഇരയായ വി.എസ്. സുജിത്തിനെ വി ഡി സതീശൻ വീട്ടിലെത്തി നേരിട്ട് കാണുകയും ചെയ്തു.
സംഭവവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പ്രതിപക്ഷ നേതാവ് നേരിട്ട് പരാതി നല്‍കുകയും ചെയ്തു.
കസ്റ്റഡി മർദ്ദനത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ കഴിഞ്ഞ ദിവസം കെ.പി.സി.സി അദ്ധ്യക്ഷൻ സണ്ണി ജോസഫ് മര്ദനത്തിനിരയായ സുജിത്തിനെ കണ്ട് എല്ലാ പോരാട്ടത്തിനും പാർട്ടി ഒപ്പമുണ്ടാകുമെന്ന് അറിയിച്ചിരുന്നു. സെപ്റ്റംബർ 10 ന് കേരളത്തില്‍ ഉടനീളമുള്ള പോലീസ് സ്റ്റേഷനുകള്‍ക്ക് മുമ്ബില്‍ കോണ്‍ഗ്രസ് ജനകീയ പ്രതിഷേധ സംഗമം നടത്തുമെന്നും സണ്ണി ജോസഫ് പറഞ്ഞു.