പോലീസ് സ്റ്റേഷനില്‍ വച്ച്‌ വിവസ്ത്രയാക്കി ശരീരം പരിശോധിച്ചു: വലിയ വേദനയാണ് ഞാൻ അനുഭവിച്ചത്: ചോദ്യം ചെയ്ത 20 മണിക്കൂര്‍‌ എന്തെങ്കിലും ആഹാരം നല്‍കുകയോ ഒരു തുള്ളി വെള്ളം കുടിക്കാന്‍ തരികയോ ചെയ്തില്ല:പോലീസ് സ്‌റ്റേഷനില്‍ വച്ച്‌ കേട്ടാലറയ്‌ക്കുന്ന അസഭ്യമാണ് എസ്‌ഐയും ചില പോലീസുകാരും വിളിച്ചത്: വ്യാജ മോഷണ കേസിൽ പേരൂർക്കട പോലീസിന്റെ കൊടിയ പീഡനം ഏൽക്കേണ്ടി വന്ന ബിന്ദു പ്രതികരിക്കുന്നതിങ്ങനെ.

Spread the love

തിരുവനന്തപുരം: പോലീസ് സ്‌റ്റേഷനില്‍ വച്ച്‌ കേട്ടാലറയ്‌ക്കുന്ന അസഭ്യമാണ് എസ്‌ഐയും ചില പോലീസുകാരും വിളിച്ചതെന്നും അതുകേട്ട് പേടിച്ചു പോയെന്നും ബിന്ദു.

അന്ന് സംഭവിച്ചതൊന്നും ഒരിക്കലും മറക്കാൻ കഴിയില്ല. പ്രസന്നൻ എന്ന പോലീസുകാരനാണ് കൂടുതല്‍ ദ്രോഹിച്ചത്. മാല എടുത്തിട്ടില്ലെന്ന് കാല് പിടിച്ച്‌ പറഞ്ഞിട്ടും അവരത് വിശ്വസിച്ചില്ലെന്നും ബിന്ദു പറഞ്ഞു.

പോലീസ് സ്റ്റേഷനില്‍ വച്ച്‌ വിവസ്ത്രയാക്കി ശരീരം പരിശോധിച്ചു. വലിയ വേദനയാണ് ഞാൻ അനുഭവിച്ചത്. ചോദ്യം ചെയ്ത 20 മണിക്കൂര്‍‌ എന്തെങ്കിലും ആഹാരം നല്‍കുകയോ ഒരു തുള്ളി വെള്ളം കുടിക്കാന്‍ തരികയോ ചെയ്തില്ല. ഒടുവില്‍ പരാതിക്കാരുടെ വീട്ടില്‍നിന്നു തന്നെ മാല കണ്ടെത്തി എന്നറിഞ്ഞിട്ടുപോലും മര്യാദയ്‌ക്കു പെരുമാറാന്‍ പോലീസ് തയാറായില്ലെന്നും ബിന്ദു പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാല തിരിച്ചു കിട്ടിയിട്ടും എഫ്‌ഐആറില്‍നിന്ന് തന്റെ പേര് ഒഴിവാക്കാന്‍ പോലീസ് തയാറാകാതെ വന്നതോടെയാണ് ബിന്ദുവിന് മുഖ്യമന്ത്രിയുടെയും ഡിജിപിയുടെയും ഓഫിസിലേക്കു പരാതിയുമായി പോകേണ്ടിവന്നത്.
പിന്നീട് മനുഷ്യാവകാശ കമ്മിഷനെയും എസ്‌സി എസ്ടി കമ്മിഷനെയും സമീപിക്കുകയായിരുന്നു.

കുടിക്കാൻ വെള്ളം ചോദിച്ചപ്പോള്‍ ശുചിമുറിയിലെ ബക്കറ്റില്‍നിന്ന് എടുത്തു കുടിക്കാനാണ് പ്രസന്നന്‍ എന്ന പോലീസുകാരന്‍ പറഞ്ഞത്. 23ന് രാത്രി 9ന് കൃത്യമായ മൊഴിയോ വിവരമോ കിട്ടാതെ തന്നെ ബിന്ദുവിന്റെ വീട്ടിലെത്തി തെളിവെടുപ്പ് നടത്തി.

സ്ത്രീകളെ രാത്രിയില്‍ കസ്റ്റഡിയില്‍ വയ്‌ക്കരുതെന്ന ചട്ടം ലംഘിച്ച പൊലീസ് ബിന്ദുവിനു ഭക്ഷണം പോലും നിഷേധിച്ചു. രണ്ടു പെണ്‍മക്കളുള്ള വീട്ടിലേക്കാണ് ഒരു മോഷ്ടാവിനെപ്പോലെ ബിന്ദുവിനെയും കൊണ്ടു പോലീസെത്തിയത്. മാല കിട്ടാതെ വന്നതോടെ തിരിച്ചു വീണ്ടും സ്‌റ്റേഷനിലെത്തിച്ച്‌ രാത്രി മുഴുവന്‍ ചോദ്യം ചെയ്തു. വനിതകളെ സ്‌റ്റേഷനില്‍ എത്തിക്കുമ്പോള്‍ പാലിക്കേണ്ട എല്ലാ തരത്തിലുള്ള ചട്ടങ്ങളും ലംഘിച്ചാണ് പോലീസ് ബിന്ദുവിനെ അനധികൃതമായി കസ്റ്റഡിയില്‍ വച്ചത്. വീട്ടിലേക്കു വിളിച്ചറിയിക്കണമെന്ന് ബിന്ദു ആവശ്യപ്പെട്ടെങ്കിലും അതിനും അനുവദിച്ചില്ല.