
കറുകച്ചാല്‍ : ഓണത്തിരക്കില്‍ നഗരം കുരുങ്ങി. പോലീസുകാർ ഓണാഘോഷത്തിലും. ഗതാഗതം തടസ്സപ്പെട്ടപ്പോള്‍ നാട്ടുകാർ തന്നെ നിയന്ത്രണം ഏറ്റെടുത്തു.
തിരക്കുകണ്ട് സഹികെട്ട വഴിയാത്രക്കാരനായ യുവാവ് ഒടുവില്‍ കറുകച്ചാല്‍ സെൻട്രല്‍ ജങ്ഷനിലെ ഗതാഗതം മണിക്കൂറുകളോളം നിയന്ത്രിച്ചു. യുവാവിന്റെ കഷ്ടപ്പാട് കണ്ട നാട്ടുകാർ ഒടുവില്‍ നോട്ട് മാലയിട്ട് സ്വീകരിച്ചശേഷമാണ് വിട്ടയച്ചത്.
ബുധനാഴ്ച രാവിലെ മുതല്‍ നഗരത്തില്‍ നല്ലതിരക്കായിരുന്നു.
പത്തരയോടെ ചങ്ങനാശ്ശേരി-വാഴൂർ, കറുകച്ചാല്‍-മണിമല, കറുകച്ചാല്‍-മല്ലപ്പള്ളി റോഡുകളില്‍ വാഹന ഗതാഗതം ഭാഗീകമായി തടസ്സപ്പെട്ടു. മൂന്ന് റോഡുകളില്‍നിന്നെത്തിയ വാഹനങ്ങള്‍ സെൻട്രല്‍ ജങ്ഷനില്‍ കുരുങ്ങി. വ്യാപാരികളും നാട്ടുകാരും ചേർന്ന് ഒരുവിധത്തില്‍ ഗതാഗതം നിയന്ത്രിച്ചു. വിവരം പോലീസ് സ്റ്റേഷനില്‍ അറിയിച്ചെങ്കിലും അവിടെ ഓണാഘോഷം നടക്കുന്നതിനാല്‍ ആരും എത്തിയില്ലെന്ന് നാട്ടുകാർ പറയുന്നു.
ഇതുവഴി എത്തിയ ചമ്പക്കര സ്വദേശിയായ യുവാവ് ഒടുവില്‍ സെൻട്രല്‍ ജങ്ഷന്റെ നിയന്ത്രണം പൂർണമായി ഏറ്റെടുത്തു. മൂന്നു റോഡുകളില്‍നിന്നും എത്തിയ വാഹനങ്ങള്‍ ഇയാള്‍ ഒറ്റയ്ക്ക് നിയന്ത്രിച്ചു. കൃത്യമായ ഇടവേളകളില്‍ മാത്രം ഓരോ ഭാഗത്തേക്കും വാഹനങ്ങള്‍ കടത്തിവിട്ടു. കൈലിയും ഷർട്ടും ധരിച്ച് ഗതാഗതം നിയന്ത്രിച്ച യുവാവിനെ യാത്രക്കാർ കൗതുകത്തോടെയാണ് കണ്ടത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പലരും നന്ദി പറഞ്ഞു. കണ്ടുനിന്ന ചിലർ ഇയാള്‍ക്ക് കുപ്പിവെള്ളവും വാങ്ങി നല്‍കി. തടസ്സമൊഴിവാക്കി വാഹനങ്ങള്‍ കടത്തിവിട്ടും നിയന്ത്രണങ്ങള്‍ പാലിക്കാതിരുന്ന ഡ്രൈവർമാരെ വഴക്ക് പറഞ്ഞും മൂന്നു മണിക്കൂറോളം ഒറ്റയ്ക്ക് ഗതാഗതം നിയന്ത്രിച്ച യുവാവിന് നാട്ടുകാർ ഒടുവില്‍ നോട്ട് മാലയിടുകയായിരുന്നു