പോലീസ് സേനയിൽ ആകെ അതൃപ്തി; ജില്ല വിട്ട് നിയമിച്ച ഉദ്യോ​ഗസ്ഥരെ പെരുമാറ്റച്ചട്ടം മാറ്റിയിട്ടും തിരികെ നിയമിക്കുന്നില്ല,കുട്ടികളുടെ പഠനകാര്യത്തിലും ബുദ്ധിമുട്ട്, ആത്മഹത്യകള്‍ അടിക്കടി ഉണ്ടാകുന്നത് പരി​ഗണിച്ചെങ്കിലും ഇത്തരം സാഹചര്യം ഒഴിവാക്കണമെന്ന് ഉദ്യോ​ഗസ്ഥർക്കിടയിൽ അഭിപ്രായം

Spread the love

തിരുവനന്തപുരം: ലോകസഭ തെരഞ്ഞെടുപ്പ് സമയത്ത് പോലീസ് ഓഫീസര്‍മാരുടെ താല്‍കാലിക സ്ഥലം മാറ്റങ്ങള്‍ നടന്നിരുന്നു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ച‌ട്ടം മാറുമ്പോൾ പുതിയ ഉത്തരവ് ഇറങ്ങുകയും അവര്‍ക്കെല്ലാം സ്ഥിരനിയമനം നല്‍കുകയും ചെയ്യണമെന്നതാണ് രീതി.

എന്നാൽ, സ്ഥലമാറ്റത്തിന്റെ കാര്യത്തിൽ ഇതുവരെയും തീരുമാനം ആകാത്തതിനാൽ സേനയ്ക്കുള്ളില്‍ തന്നെ അസ്വസ്ഥതകൾ സൃഷ്ടിച്ചുതുടങ്ങി. സിഐ, ഡിവൈഎസ്പി, അഡിഷണല്‍ എസ്പിമാര്‍ എന്നിവരുടെ സ്ഥലം മാറ്റങ്ങളാണ് ഇനിയും വൈകുന്നത്.

ലോകാസഭാ തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടത്തിന്റെ ഭാഗമായി ജില്ല വിട്ടുള്ള മാറ്റങ്ങളാണ് നടന്നത്. പെരുമാറ്റച്ചട്ടം പിവലിക്കുമ്പോള്‍ ഇത് മാറ്റേണ്ടതാണ്. തെരഞ്ഞെടുപ്പിന് മുമ്പുള്ളത് താല്‍കാലിക സ്ഥലംമാറ്റമായത് കൊണ്ട് തന്നെ ഇവരുടെയെല്ലാം കുടുംബങ്ങള്‍ പഴയ സ്ഥലത്ത് തന്നെ തുടരുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉദ്യോഗസ്ഥരെല്ലാം ജില്ലക്ക് പുറത്തും നില്‍ക്കേണ്ടി വരുന്നത് വീട്ടുകാര്യങ്ങളെല്ലാം താളംതെറ്റിക്കുന്ന അവസ്ഥയിലെത്തി. സ്‌കൂള്‍ തുറന്ന് ആഴ്ചകളായി. അതുകൊണ്ട് തന്നെ കുട്ടികളുടെ സ്‌കൂള്‍ മാറ്റാനും കഴിയില്ല. ഇങ്ങനെ എല്ലാ അര്‍ത്ഥത്തിലും പ്രതിസന്ധിയിലാണ് പോലീസ് ഓഫീസര്‍മാര്‍.

ജൂണ്‍ ആദ്യവാരം തന്നെ പോലീസിന്റെ എല്ലാ തലത്തിലും പുനസംഘടന ഉണ്ടാകുമെന്നായിരുന്നു എല്ലാവരും കണക്കുകൂട്ടിയത്. ഇനി സ്ഥലം മാറ്റിയാലും ഉദ്യോഗസ്ഥര്‍ ജോലി ചെയ്യുന്നിടത്ത് കുട്ടികള്‍ക്കും മറ്റും സ്‌കൂള്‍ അഡ്മിഷനും മറ്റും സംഘടിപ്പിക്കുക ബുദ്ധിമുട്ടുമാകും.

ഇതെല്ലാമാണ് ഉദ്യോഗസ്ഥർക്കിടയില്‍ ചര്‍ച്ചയാകുന്നത്. തെരഞ്ഞെടുപ്പ് കാലത്ത് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പെരുമാറ്റച്ചട്ടം അനുസരിച്ച്‌ മാതൃജില്ലകളില്‍ ക്രമസമാധാന ചുമതലയുള്ള ഉത്തരവാദിത്തം നല്‍കാറില്ല. ഇതുകൊണ്ടാണ് ഈ ഉദ്യോഗസ്ഥരെ ജില്ല വിട്ട് നിയമിക്കുന്നത്.

എന്നാല്‍, തിരിച്ചുള്ള നിയമനം ഒരിക്കലും ഇത്ര വൈകാറില്ല. ഇതാണ് ആശയക്കുഴപ്പം ആക്കുന്നത്. പോലീസുകാരുടെ ആത്മഹത്യകള്‍ അടിക്കടി ഉണ്ടാകുന്ന ഇപ്പോഴത്തെ സാഹചര്യം പരിഗണിച്ചെങ്കിലും ഇത്തരം കാര്യങ്ങളില്‍ കൂടുതല്‍ ജാഗ്രത ഉണ്ടാകേണ്ടതാണ് എന്ന അഭിപ്രായവും ഉയരുന്നുണ്ട്.