
തൃക്കാക്കര ; കാക്കനാട് വാഴക്കാല സ്വദേശിയുടെ വീട്ടിലെ മോഷണം അന്വേഷിച്ച തൃക്കാക്കര പോലീസ് ഒടുവില്‍ കണ്ടെത്തിയത് വീട്ടുടമയുടെ കൊലപാതകം.
സംഭവത്തില്‍ ബീഹാർ സ്വദേശികളായ അസ്മിതകുമാരി (24), ഇവരുടെ ഭർത്താവ് കൗശല്‍ കുമാർ (25) എന്നിവരെ തൃക്കാക്കര പോലീസ് പിടികൂടി.വാഴക്കാല ഓത്തുപള്ളി പറമ്പ് റോഡില്‍ താമസിക്കുന്ന എം.എ.സലിമിന്റെ (68) കൊലപാതകവുമായി ബന്ധപ്പെട്ടാണ് ഇരുവരെയും പോലീസ് അറസ്‌റ്റു ചെയ്തത്.കഴിഞ്ഞ 28 നായിരുന്നു കൊലപാതകം നടന്നത്.സംഭവ ദിവസം ജോലിക്കായി എത്തിയതായിരുന്നു ദമ്പതികള്‍.
വീടിനുള്ളില്‍ ജോലിചെയ്യുകയായിരുന്ന തന്നോട് മോശമായി പെരുമാറിയ സലാമിനെ തള്ളിയപ്പോള്‍ വീഴുകയായിരുന്നു.അനക്കമില്ലാതായതോടെ രക്ഷപ്പെടാനായി കൈയ്യില്‍ കിട്ടിയതെല്ലാം കൈക്കലാക്കി ഭർത്താവുമായി സ്ഥലം വിടുകയായിരുന്നുവെന്നാണ് അസ്മിതകുമാരി പൊലീസിന് നല്‍കിയ മൊഴി.എന്നാല്‍ സാമ്പത്തിക തർക്കം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നെന്ന് പോലീസ് പറയുന്നു.
കഴിഞ്ഞ 26 ന് സലിമിന്റെ ഭാര്യ മകളെ കാണുന്നതിനായി അമേരിക്കയിലേക്ക് പോയിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞ 29 ന് വൈകിട്ട് അഞ്ചുമണിയോടെയായിരുന്നു എം.എ.സലിമിനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ ബന്ധുവായ ഷേക്ക് തർജാസ് കണ്ടെത്തിയത്.പോലീസ് അന്വേഷണത്തിലൊ,പോസ്റ്റ് മോർട്ടം റിപ്പോർട്ടിലോ കൊലപാതകത്തിലേക്ക് വെളിച്ചം വയ്ക്കുന്ന യാതൊരു ലക്ഷണങ്ങളും ഉണ്ടായിരുന്നില്ല.വിദേശത്തായിരുന്ന ഭാര്യയും,മകളും എത്തിയശേഷം സംസ്കാരം നടത്തുകയും ചെയ്തു.
മരിച്ച എം.എ.സലിം ഉപയോഗിച്ചിരുന്ന രണ്ട് സ്വർണ്ണ മോതിരങ്ങള്‍, ഒരുലക്ഷം രൂപയോളം വിലവരുന്ന മൊബൈല്‍ ഫോണ്‍, വീട്ടിലെ രണ്ട് സമ്പാദ്യ കുടുക്കയില്‍ സൂക്ഷിച്ചു വച്ചിരുന്ന പണവും ഉള്‍പ്പടെ 8 ലക്ഷം രൂപയോളം വിലവരുന്ന സാധനങ്ങള്‍ മോഷണം പോയതായി കൊല്ലപ്പെട്ട സലാമിന്റെ ഭാര്യ നല്‍കിയ പരാതിയിലാണ് അന്വേഷണം വീട്ടുജോലിക്കാരിലേക്ക് നീങ്ങിയത്.
തുടർന്ന് നടത്തിയ അന്വേഷണത്തില്‍ കൊലപാതകത്തിന് മുമ്പും കൊലപാതകത്തിന് ശേഷവും പ്രതികള്‍ വീട്ടില്‍ വരുന്നതിന്റെയും പോകുന്നതിന്റെയും സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസിനു ലഭിച്ചു.തൃക്കാക്കര സി.ഐ എ.കെ സുധീറിന്റെ നേതൃത്വത്തില്‍ നടത്തിയ
അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് തിരിച്ചറിഞ്ഞത്.സംഭവശേഷം ദമ്പതികള്‍ അന്ന് തന്നെ ബിഹാറിലേക്ക് കടന്നു കളഞ്ഞിരുന്നു.പോലീസ് നിരീക്ഷണത്തിലായിരുന്ന ദമ്പതികള്‍ വീണ്ടും കാക്കനാട് എത്തിയതോടെ പോലീസ് ഇരുവരെയും പിടികൂടുകയായായിരുന്നു