
ബെംഗളൂരു: കർണ്ണാടകയിൽ പൊലീസ് ഉദ്യോഗസ്ഥൻ ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി. ഭാര്യയുടേയും വീട്ടുകാരുടേയും പീഡനത്തെ തുടർന്ന് തിപ്പണ്ണ അലുഗുർ എന്ന 33 കാരനായ പൊലീസുകാരനാണ് ആത്മഹത്യ ചെയ്തത്. ഭാര്യയും കുടുംബവുമാണ് ആത്മഹത്യക്ക് കാരണമെന്ന് ഒരു പേജോളം വരുന്ന ആത്മഹത്യ കുറിപ്പ് എഴുതി വെച്ചാണ് പൊലീസ് ഉദ്യോഗസ്ഥൻ ട്രെയിനിനു മുന്നിൽ ചാടി ജീവനൊടുക്കിയത്. ഭാര്യവീട്ടുകാരുടെ പീഡനമെന്ന് ആരോപിച്ച് ഐടി ജീവനക്കാരൻ ആത്മഹത്യ ചെയ്ത് ദിവസങ്ങൾക്കുള്ളിലാണ് പൊലീസ് ഉദ്യോഗസ്ഥന്‍റെയും മരണം.
ഹുളിമാവ് സ്റ്റേഷനിൽ ഹെഡ് കോൺസ്റ്റബിളാണ് തിപ്പണ്ണ. വിജയപുര ജില്ലയിൽ നിന്നുള്ള തിപ്പണ്ണ മൂന്ന് വർഷം മുമ്പാണ് പാർവ്വതി എന്ന യുവതിയുമായി വിവാഹിതനാകുന്നത്.
വിവാഹത്തിന് ശേഷം ഭാര്യയും ഭാര്യപിതാവ് യമുനപ്പയും തന്നെ മാനസികമായി പീഡിപ്പിച്ചിരുന്നതായി തിപ്പണ്ണയുടെ ആത്മഹത്യക്കുറിപ്പിൽ പറയുന്നു. യമുനപ്പ തന്നെ ഡിസംബർ 12ന് ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നും കുറിപ്പിൽ പറയുന്നുണ്ട്. ഇക്കാര്യം പറഞ്ഞ് തിപ്പണ്ണയും ഭാര്യയും വഴക്കിട്ടു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പിന്നാലെ യൂണിഫോമിൽ ട്രെയിനിന് മുന്നിൽ ചാടി തിപ്പണ്ണ ജീവനൊടുക്കുകയായിരുന്നു.
മാനസിക പീഡനം സഹിക്കാതെയാണ് താൻ ജീവനൊടുക്കുന്നതെന്നും ഔദ്യോഗിക വാഹനം സുസ്കുർ റെയിൽവേ സ്റ്റേഷനടുത്തായി പാർക്ക് ചെയ്തിട്ടുണ്ട്, അത് തിരികെ എടുക്കണമെന്ന് സഹപ്രവർത്തകരോട് അഭ്യർത്ഥിക്കുന്നതായും ആത്മഹത്യക്കുറിപ്പിലുണ്ട്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. മകന്‍റെ മരണത്തിൽ തിപ്പണ്ണയുടെ അമ്മ മരുമകൾ പാർവ്വതിക്കും പിതാവിനുമെതിരെ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.