play-sharp-fill
റോഡ് അപകടത്തിൽ പരിക്കേറ്റ യുവാവിന് രക്തം വാര്‍ന്ന് ദാരുണാന്ത്യം; അപകടമുണ്ടായിട്ട് റോഡിൽ കിടന്നത് ഒരു മണിക്കൂറോളം; പരിക്കേറ്റ യുവാവിനെ ആശുപത്രിയിലേക്ക് കൊണ്ടു പോകാൻ പോലീസ് തയ്യാറായത് നാട്ടുകാർ ഇടപെട്ടതിന് ശേഷം

റോഡ് അപകടത്തിൽ പരിക്കേറ്റ യുവാവിന് രക്തം വാര്‍ന്ന് ദാരുണാന്ത്യം; അപകടമുണ്ടായിട്ട് റോഡിൽ കിടന്നത് ഒരു മണിക്കൂറോളം; പരിക്കേറ്റ യുവാവിനെ ആശുപത്രിയിലേക്ക് കൊണ്ടു പോകാൻ പോലീസ് തയ്യാറായത് നാട്ടുകാർ ഇടപെട്ടതിന് ശേഷം

സ്വന്തം ലേഖകൻ

തിരുവനന്തപുരം: റോഡ് അപകടത്തിൽ പരിക്കേറ്റ യുവാവിന് രക്തം വാര്‍ന്ന് ദാരുണാന്ത്യം. കാട്ടാക്കട തൂങ്ങാംപാറ ചെട്ടിക്കോണം തോപ്പുവിളാകത്ത് വീട്ടിൽ അഖിൽ പ്രമേഷ് (22) ആണ് മരിച്ചത്.


വെള്ളിയാഴ്ച രാവിലെ 8.30 ഓടെ തിരുവല്ലം ചിത്രാഞ്ജലി റോഡിന് സമീപമുള്ള വളവിലായിരുന്നു അപകടം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാച്ചല്ലുർ ഭാഗത്ത് നിന്ന് തിരുവല്ലം വഴി കിഴക്കേകോട്ടയിലേക്ക് പോയ ബസിനെ മറികടക്കുന്നതിനിടെ ബൈക്കിന്‍റെ ഹാൻഡിൽ ബസിൽ തട്ടുകയായിരുന്നു.

ഇതേ തുടര്‍ന്ന് നിയന്ത്രണം വിട്ട ബൈക്ക് ഓടിക്കൊണ്ടിരുന്ന ബസിനടിയിൽപ്പെട്ടാണ് അപകടമുണ്ടായതെന്ന് തിരുവല്ലം പൊലീസ് പറഞ്ഞു.

തിരുവല്ലം പൊലീസ് സ്റ്റേഷന് സമീപത്ത് നടന്ന അപകടത്തെ കുറിച്ച് വിവരം അറിഞ്ഞ പൊലീസ് ഉടനെത്തിയെങ്കിലും യുവാവിനെ, പൊലീസ് ജീപ്പിൽ സമീപത്തെ ആശുപത്രിയിൽ എത്തിക്കാൻ തയ്യാറായില്ലെന്ന് നാട്ടുകാർ ആരോപിച്ചു.

പകരം ഗതാഗതം തിരിച്ച് വിടുന്നതിലായിരുന്നു പൊലീസിന്‍റെ ശ്രദ്ധ. അപകടത്തില്‍ പരിക്കേറ്റയാളെ സംഭവസ്ഥലത്ത് നിന്ന് മാറ്റാന്‍ പോലും പൊലീസ് തയ്യാറായില്ല. തുടര്‍ന്ന് അഖില്‍ ഒരു മണിക്കൂറോളം രക്തം വാര്‍ന്ന് റോഡിൽ കിടന്നു.

അപകടം നടന്നിട്ടും പരിക്കേറ്റയാളെ ആശുപത്രിയില്‍ കൊണ്ടുപോകാതെ ഗതാഗതം നിയന്ത്രിച്ച പൊലീസിനെതിരെ ഒടുവില്‍ നാട്ടുകാര്‍ സംഘടിച്ച് തുടങ്ങിയതോടെ, അഖിലിനെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ പൊലീസ് തയ്യാറായി.

അപ്പോഴേക്കും അപകടം നടന്ന് ഒരു മണിക്കൂറോളം സമയം പിന്നിട്ടിരുന്നു. ഇതേസമയം മെഡിക്കല്‍ കോളേജില്‍ നിന്ന് 108 ആംബുലന്‍സ് എത്തിയതോടെ യുവാവിനെ ആംബുലന്‍സില്‍ മെഡിക്കൽ കോളേജിലേക്ക് മാറ്റി.

എന്നാല്‍ ഏറെ നേരം രക്തം വാര്‍ന്നതിനാല്‍ ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കൽകോളേജ് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. തിരുവല്ലം പൊലീസ് കേസെടുത്തു.