
എ കെ ശ്രീകുമാർ
എറണാകുളം : ക്രമസമാധാനം നടപ്പിലാക്കേണ്ട പൊലീസ് വാഹനങ്ങൾക്ക് ഡീസലും, ടയറും, സ്പെയർ പാർട്സും ഇല്ലാതായിട്ട് മാസങ്ങളായി. പല വണ്ടികളും കട്ടപ്പുറത്താണ് . കൺട്രോൾ റൂമിലും, ഹൈവേ പൊലീസിലും ഡ്യൂട്ടിയിലുള്ള പൊലീസുകാർ പിരിവിട്ടാണ് പൊലീസ് ജീപ്പിന് ഡീസലടിക്കുന്നത്. ഇത് കോട്ടയത്തടക്കം നിത്യസംഭവമാണ്.
ഒരു വാഹനത്തിന് ഒരു മാസം അനുവദിക്കുന്നത് 300 മുതൽ 350 ലിറ്റർ ഡീസൽ വരെയാണ്. പതിനഞ്ചാം തീയതി കഴിയുന്നതോടെ ഇത് തീരും, പിന്നെ എസ്എച്ച്ഒ മാരും എസ് ഐ മാരും ജീപ്പിന് ഡീസലടിക്കാൻ പണത്തിന് വേണ്ടിയുള്ള നെട്ടോട്ടത്തിലാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പൊലീസ് വാഹനങ്ങൾക്ക് ഡീസലടിക്കാൻ സർക്കാർ പണം നല്കാതായതോടെ അഴിമതി നടത്താൻ താൽപര്യമില്ലാത്തതും ക്ലീൻ ഇമേജുള്ളതുമായ പല പൊലീസ് ഉദ്യോഗസ്ഥരും ബാർ മുതലാളിമാരേയും, ക്വാറി, മണ്ണ് മാഫിയയേയും സമീപിച്ച് പൊലിസ് വാഹനങ്ങൾക്ക് ഡീസൽ അടിപ്പിച്ച് തുടങ്ങിയിട്ടുണ്ട്. ഇത് ക്ലീൻ ഇമേജുള്ള ഡി വൈ എസ് പി മാരേയും, എസ് എച്ച് ഒ മാരേയും അഴിമതിക്കാരാക്കി മാറ്റും
മിക്ക പൊലീസ് സ്റ്റേഷനുകളിലും ഡീസലടിച്ച് നല്കുന്നത് കള്ള് കച്ചവടക്കാരും , മണ്ണ് , ക്വാറി മാഫിയകളുമാണ്. ഇതിന് പകരമായി ഇവർ നടത്തുന്ന പല നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് നേരെയും കണ്ണടച്ച് കോംപ്രമൈസ് ചെയ്യേണ്ടി വരും പൊലീസ് ഉദ്യോഗസ്ഥർക്ക് .
വാഹനത്തിൽ ഡീസൽ ഇല്ലാതായതോടെ കേസന്വേഷണവും, പെട്രോളിംഗും താറുമാറായി. ഇത് ക്രമസമാധാന തകർച്ചക്ക് കാരണമാകും. അടിയന്തിര സേവനമായ പൊലിസിന് തന്നെ ഈ ഗതികേട് വന്നപ്പോഴും മുഖ്യമന്ത്രിയടക്കമുള്ളവരുടെ ധൂർത്തിന് യാതൊരു കുറവുമില്ലന്നതാണ് യാഥാർത്ഥ്യം. കേസ് അന്വേഷണത്തിന് സംസ്ഥാനം വിട്ട് പുറത്തു പോകുമ്പോഴും പോലീസ് ഉദ്യോഗസ്ഥർ ഇതേ മാഫിയ സംഘങ്ങളുടെ കൈയിൽ നിന്നും പിരിവെടുത്താണ് പോകുന്നത്.
മൊട്ട ടയറിലോടുന്ന പൊലീസ് വാഹനങ്ങൾ സംസ്ഥാന വ്യാപകമായി അപകടത്തിൽ പെടുകയാണ്. നിരവധി പൊലീസുകാർക്കാണ് പരിക്ക് പറ്റുന്നത്. പൊലീസുകാരുടെ ജീവന് പുല്ലുവിലയാണ് ആഭ്യന്തര വകുപ്പ് കൽപ്പിക്കുന്നത്.
പോലീസിനെ വട്ടംചുറ്റിക്കുന്നത് 112 ലേക്കുള്ള കുടിയന്മാരുടെ വിളിയാണ്. പോലീസ് ഹെഡ് ക്വാർട്ടേഴ്സ് നമ്പരായ 112 ലേക്ക് വരുന്ന കോളുകളിൽ 90% കോളുകളും അനാവശ്യ വിളികളാണ്. പോലീസ് സ്റ്റേഷനിൽ ഉള്ള ടാബിലേക്ക് ഫോൺ കോൾ വന്നതിൻ്റെ വിശദാംശങ്ങളും ലൊക്കേഷനും ഹെഡ് ക്വാർട്ടേഴ്സിൽ നിന്ന് അയച്ചു നൽകും. പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി വിവരങ്ങൾ അന്വേഷിച്ച് നടപടിയെടുത്ത് മുകളിലേക്ക് റിപ്പോർട്ട് ചെയ്യണമെന്നാണ് ചട്ടം. എന്നാൽ ലൊക്കേഷൻ തപ്പിപ്പിടിച്ച് പോലീസ് ഉദ്യോഗസ്ഥർ എത്തുമ്പോൾ മിക്കവാറും കള്ള് മൂത്തതിൻ്റെ വിളികളാവും . നടപടിയെടുക്കാൻ കഴിയാതെ പിരിവിട്ട് പോലീസ് ജീപ്പിന് ഡീസലടിച്ച് ഓടിയെത്തിയ പോലീസുകാർ മണ്ടന്മാരാകും.
പല പൊലീസ് സ്റ്റേഷനുകളിലേയും ജീപ്പുകൾ നിരത്തിലോടുന്നത് കള്ളുകച്ചവടക്കാരന്റേയും ടയർ കടക്കാരന്റേയും ദയാദാക്ഷിണ്യം കൊണ്ട് മാത്രമാണ്