play-sharp-fill
ഉന്നത ഉദ്യോഗസ്ഥർക്ക് ഇന്നോവ വാങ്ങാൻ പണമുണ്ട് , പൊലീസുകാർക്ക് യൂണ്‌ഫോം അലവൻസ്  നൽകാൻ പണമില്ല

ഉന്നത ഉദ്യോഗസ്ഥർക്ക് ഇന്നോവ വാങ്ങാൻ പണമുണ്ട് , പൊലീസുകാർക്ക് യൂണ്‌ഫോം അലവൻസ് നൽകാൻ പണമില്ല

സ്വന്തം ലേഖകൻ

തിരുവനന്തപുരം: എല്ലാ വർഷവും ജൂണിലെ ശമ്പളത്തോടൊപ്പം ലഭിച്ചിരുന്ന പോലീസുകാരുടെ യൂണിഫോം അലവൻസ് വിതരണം മുടങ്ങി. 5000 മുതൽ 5250 വരെ രൂപവരെ ലഭിച്ചിരുന്ന പ്രതിവർഷ യൂണിഫോം അലവൻസാണ് മുടങ്ങിയത്.സാധാരണ ജൂണിൽ ലഭിച്ചിരുന്ന യൂണിഫോം അലവൻസ് സംസ്ഥാനത്ത് ആദ്യമായാണ് മുടങ്ങുന്നതെന്ന് ഉദ്യോഗസ്ഥർ പറയുന്നു. സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയാണു യൂണിഫോം അലവൻസ് ലഭിക്കാതിരിക്കാൻ കാരണമെന്നു പോലീസുകാർ പറയുന്നു. ഉന്നത ഉദ്യോഗസ്ഥർക്ക് ഇന്നോവ അടക്കം പതിനാല് ആടംബര വാഹനങ്ങൾ വാങ്ങാനുളള ബില്ല് സഭയിൽ ചർച്ചയ്ക്ക് വന്നത് കഴിഞ്ഞ ദിവസമാണ് .എന്നാൽ, ശമ്പള വിതരണവുമായി ബന്ധപ്പെട്ട സ്പാർക്കിലെ സാങ്കേതിക തകരാറാണ് അലവൻസ് മുടങ്ങാൻ കാരണമെന്നാണ് വിശദീകരണം.എഎസ്ഐ വരെയുള്ള ഉദ്യോഗസ്ഥർക്ക് 5000 രൂപയും എസ്ഐ മുതൽ നോൺ ഐപിഎസ് എസ്പിവരെയുള്ളവർക്ക് 5250 രൂപയുമാണ് യൂണിഫോം അലവൻസായി പ്രതിവർഷം ലഭിച്ചിരുന്നത്. യൂണിഫോം അലവൻസ് കഴിഞ്ഞ മാസത്തെ ശമ്പളത്തിനൊപ്പം ലഭിക്കില്ലെന്നു ചില ജില്ലകളിൽ നേരത്തെ അറിയിച്ചിരുന്നതായും പറയുന്നു. നേരത്തെ 2500 രൂപയായിരുന്ന യൂണിഫോം അലവൻസ് കഴിഞ്ഞ യുഡിഎഫ് സർക്കാരിൻറെ കാലത്താണ് വർധിപ്പിച്ചത്.