
കേരളാ പൊലീസ് പ്രൊഫഷണൽ ആകേണ്ട സമയം അതിക്രമിച്ചു; ഗുണ്ടകളെയും ക്രിമിനലുകളെയും കീഴ്പ്പെടുത്താൻ ഉപയോഗിക്കുന്നത് ഇന്നും പഴഞ്ചൻ രീതി; ശാസ്ത്രീയമായ പരിശീലനം പൊലീസുകാർക്ക് ലഭിക്കുന്നില്ല; കേരളാ പൊലീസിന് ലഭിക്കുന്നത് പരേഡ് ചെയ്യാനും, ലാത്തി ചാർജ് ചെയ്യാനുമുള്ള ട്രയിനിംഗ് മാത്രം; ഒരു പ്രതിയെ കീഴ്പ്പെടുത്താൻ ആറ് ഏഴും പൊലീസുകാർ തലങ്ങും വിലങ്ങും ബലപ്രയോഗം നടത്തും; പൊലീസുകാർക്കും ഗുണ്ടയ്ക്കും പരിക്കേൽക്കുന്നതല്ലാതെ യാതൊരു പ്രയോജനവുമില്ല; പ്രൊഫഷണലായി അക്രമികളെയും ക്രിമിനലുകളെയും എങ്ങനെ കീഴ്പ്പെടുത്താമെന്ന് പൊലീസുകാർക്ക് ട്രെയിനിംഗ് നല്കണം
സ്വന്തം ലേഖകൻ
കോട്ടയം: കേരള പൊലീസ് പ്രൊഫഷണൽ ആകേണ്ട സമയം അതിക്രമിച്ചുവെന്ന് സേനയ്ക്കുള്ളിൽ നിന്നു തന്നെ വ്യാപക പരാതി.
ഗുണ്ടകളേയും ക്രിമിനലുകളേയും കീഴ്പ്പെടുത്താൻ പൊലീസ് ഉപയോഗിക്കുന്നത് ഇന്നും പഴഞ്ചൻ രീതികളാണ്. ശാസ്ത്രീയമായ പരിശീലനം പൊലീസുകാർക്ക് ലഭിക്കുന്നില്ലെന്നത് ഇതിൽ നിന്ന് വ്യക്തമാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിദേശ രാജ്യങ്ങളിൽ
എത്ര വലിയ ക്രിമിനലുകളെയും ഒന്നോ രണ്ടോ പൊലീസുകാർ ചേർന്ന് മിനിറ്റുകൾക്കുള്ളിൽ കീഴ്പ്പെടുത്തി വിലങ്ങ് വെച്ച് വണ്ടിയിൽ കയറ്റുമ്പോൾ കേരള പൊലീസാകട്ടെ ഒരു പ്രതിയെ കീഴ്പ്പെടുത്താൻ ആറ് ഏഴും പൊലീസുകാർ തലങ്ങും വിലങ്ങും ബലപ്രയോഗം നടത്തുകയാണ് പതിവ്.
ഇത്തരം സാഹചര്യങ്ങളിൽ പൊലീസുകാർക്കും ഗുണ്ടകൾക്കും പരിക്കേൽക്കും എന്നല്ലാതെ യാതൊരു പ്രയോജനവുമുണ്ടാകാറില്ല. പ്രൊഫഷണലായി അക്രമികളെയും ക്രിമിനലുകളെയും എങ്ങനെ കീഴ്പ്പെടുത്താമെന്ന് പൊലീസുകാർക്ക് ട്രെയിനിംഗ് നൽകേണ്ട സമയം ഇതിനോടകം തന്നെ അതിക്രമിച്ചു കഴിഞ്ഞു.
കേരള പൊലീസിൻ്റെ ട്രെയിനിംഗ് നാളിതുവരെയായിട്ടും കാലോചിതമായി പരിഷ്കരിക്കപ്പെട്ടിട്ടില്ല. പരിശീലന സമയത്ത് കേവലം പരേഡ് പഠിപ്പിക്കുക, ലാത്തി ചാർജ് ചെയ്യിക്കുക, പുതിയ ആയുധങ്ങളെ പരിചയപ്പെടുത്തി ഒരു ആമുഖം മാത്രമാണ് ഇവർക്ക് നൽകുന്നത്.
മിനിയം ഫോഴ്സ് ഉപയോഗിച്ച് അധികം ശരീര ക്ഷതം ഏൽപ്പിക്കാതെ എങ്ങനെ പ്രതികളെ കീഴ്പ്പെടുത്താം എന്ന ട്രെയിനിംഗ് പൊലീസുകാർക്ക് നൽകണം. എന്നാൽ ഇതുവരെയായിട്ടും ഇത്തരത്തിലുള്ള ഒരു ട്രെയിനിംഗും നമ്മുടെ പൊലീസിന് ലഭിച്ചിട്ടില്ല.