
തേർഡ് ഐ ബ്യൂറോ
കോട്ടയം: പൊലീസിന്റെ ഗുണ്ടായിസവും മർദനവും ഒരു കുടുംബത്തിന്റെ അത്താണിയായിരുന്ന യുവാവിന്റെ ജീവിതം തന്നെ തകർത്ത് കളയുന്ന കാഴ്ചയാണ് ഇന്ന് കോട്ടയം കാണുന്നത്. കട്ടവനെ കിട്ടിയില്ലെങ്കിൽ കിട്ടിയവരെ കള്ളനാക്കുന്ന രീതിയിലാണ് കടനാട് സ്വദേശിയായ രാജേഷിന്റെയും കുടുംബത്തിന്റെയും ജീവിതം തന്നെ തകർത്ത് കളഞ്ഞത്. ഒടുവിൽ രാജേഷിന്റെ മൃതദേഹവുമായി നാട്ടുകാർ മണിക്കൂറുകളോളം റോഡിൽ ധർണ നടത്തിയതിനെ തുടർന്നാണ് കേസ് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ അന്വേഷിക്കുമെന്നും, രാജേഷിന്റെ നിരപരാധിത്വം തെളിയിക്കുമെന്നും ഉറപ്പായത്.

കടനാട് വല്യാത്ത് പനച്ചിക്കാലായിൽ രാജേഷിന്റെ മൃതദേഹവുമായാണ് നാട്ടുകാർ റോഡ് ഉപരോധിച്ച് സമരം നടത്തിയത്.
കഴിഞ്ഞ 16 ന് നീലൂർ ടൗണിന് സമീപത്താണ് ഒരു സംഘം കാറിലെത്തി വീട്ടമ്മയുടെ മാല മോഷ്ടിച്ച് മുങ്ങിയത്. സംഭവത്തിൽ അന്വേഷണം നടത്തിയ മേലുകാവ് പൊലീസ് മാല പണയം വച്ചതായി കണ്ടെത്തിയ രാജേഷിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. തുടർന്ന് ഇയാളെ കോടതിയിൽ ഹാജരാക്കി പൊലീസ് റിമാൻഡ് ചെയ്യുകയും ചെയ്തു. കുറ്റംസമ്മതിപ്പിക്കുന്നതിനു വേണ്ടി രാജേഷിന് പൊലീസ് കസ്റ്റഡിയിൽ ക്രൂരമർദനമാണ് ഏൽക്കേണ്ടി വന്നത്. എസ്.ഐ സന്ദീപ് കുമാറും, രണ്ട് പൊലീസ് ഉദ്യോഗസ്ഥരും രാജേഷിനെ വളഞ്ഞിട്ട് മർദിക്കുകയായിരുന്നുവെന്ന് ഇയാൾ കോടതിയിൽ മൊഴി നൽകിയിരുന്നു. ഇതേ തുടർന്നാണ് ആറു ദിവസത്തോളം രാജേഷിന് പൊൻകുന്നം സബ് ജയിലിൽ റിമാൻഡിൽ കഴിയേണ്ടി വന്നത്.
ജയിലിൽ നിന്ന് ജാമ്യത്തിൽ ഇറങ്ങിയ ശേഷം രാജേഷ് അതീവ ദുഖിതനായിരുന്നു. തന്റെ പേരിലുള്ള കേസിനെതിരെ നിയമപരമായി നീങ്ങാൻ സാമ്പത്തികമായും, അല്ലാതെയും സ്വാധീനമില്ലാത്തതിൽ കടുത്ത ദുഖിതനായിരുന്നു രാജേഷ്. ഭാര്യയെ കെട്ടിപ്പിടിച്ച് കഴിഞ്ഞ ദിവസം വീട്ടിലെത്തിയപ്പോൾ രാജേഷ് കരഞ്ഞിരുന്നു. ആത്മഹത്യ ചെയ്യുന്നതിനു മുൻപ് തയ്യാറാക്കിയ വീഡിയോയിൽ തന്റെ മരണത്തിന് ഉത്തരവാദി മേലുകാവ് എസ്.ഐ സന്ദീപ്കുമാറും, രാമപുരത്തെ ക്രമിനൽ ശരത് രാമപുരവും, എം.ജെ ട്രാവൽസിന്റെ എം.ഡിയുമാണ് എന്ന് വ്യക്തമായി വീഡിയോയിൽ രാജേഷ് പറഞ്ഞിരുന്നു. എന്നാൽ, ഈ വീഡിയോ പുറത്തിറങ്ങിയിട്ടും അന്വേഷണം നടത്താൻ പൊലീസ് തയ്യാറായിരുന്നില്ല.
ഇതേ തുടർന്നാണ് മേലുകാവ് എസ്.ഐയ്‌ക്കെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി നാട്ടുകാരും രാഷ്ട്രീയ കക്ഷികളും രാജേഷിന്റെ മൃതദേഹവുമായി റോഡ് ഉപരോധിച്ചത്. നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് മേലുകാവ് എസ്.ഐയ്‌ക്കെതിരെ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ അന്വേഷണം നടത്താൻ തീരുമാനമായി. രാജേഷിനെ പ്രതി ചേർത്ത മോഷണക്കുറ്റം സി.ഐ റാങ്കിലുള്ള ഉദ്യോഗസ്ഥൻ പുനരന്വേഷിക്കുന്നതിനും തീരുമാനമായി. ഇതു സംബന്ധിച്ചു ഡിവൈഎസ്പി നേരിട്ടെത്തി ഉറപ്പ് നൽകിയതോടെയാണ് നാട്ടുകാർ ഉപരോധ സമരം അവസാനിപ്പിച്ചത്.
മെഡിക്കൽ കോളേജ് ആശുപത്രിയിൽ മൃതദേഹം പോസ്റ്റ് മാർട്ടം നടത്തിയതിനു പിന്നാലെ കേരള കോൺഗ്രസ് ചെയർമാൻ പി.സി തോമസും, യൂത്ത് ഫ്രണ്ട് എം സംസ്ഥാന പ്രസിഡന്റ് സജി മഞ്ഞക്കടമ്പനും പ്രതിഷേധവുമായി രംഗത്ത് എത്തിയിരുന്നു. പോസ്റ്റ്‌മോർട്ടത്തിനു ശേഷം വീട്ടിലെത്തിച്ച മൃതദേഹം നാട്ടുകാർ പൊലീസ് സ്റ്റേഷനിലേയ്ക്ക് കൊണ്ടു പോകുകയായിരുന്നു. പൊലീസ് സ്റ്റേഷനിലേയ്ക്ക് മൃതദേഹം കൊണ്ടു വരാനുള്ള നീക്കം മേലുകാവ് ജംഗ്ഷനിൽ പൊലീസ് തടഞ്ഞു. പൊലീസും നാട്ടുകാരും തമ്മിൽ വാക്കേറ്റമുണ്ടായി. സംഘർഷാവസ്ഥ നിയന്ത്രിക്കാൻ വൻ പൊലീസ് സംഘമാണ് സ്ഥലത്ത് ക്യാമ്പ് ചെയ്തിരുന്നത്. മൃതദേഹം സ്റ്റേഷനിലേയ്ക്ക് കൊണ്ടു പോകാനാവില്ലെന്നായിരുന്നു പൊലീസ് നിലപാട്. തുടർന്ന് ഒന്നര മണിക്കൂറോളം റോഡ് ഉപരോധിച്ച് നാട്ടുകാർ പ്രതിഷേധിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group