മേലുദ്യോഗസ്ഥരുടെ ഭീഷണിയും അമിത സമ്മർദ്ദവും താങ്ങാനാവുന്നില്ല ; പോലീസുകാരുടെ ആത്മഹത്യ കൂടുന്നു
സ്വന്തം ലേഖിക
തിരുവനന്തപുരം: അമിത ജോലിഭാരം, മേലുദ്യോഗസ്ഥരുടെ തട്ടിക്കയറൽ, രാഷ്ട്രീയ സമ്മർദങ്ങൾ, കുടുംബത്തിനോടൊപ്പം സമയം ചെലവഴിക്കാനാകാത്ത അവസ്ഥ തുടങ്ങിയ നിരവധി പ്രശ്‌നങ്ങളാൽ കീഴ്ത്തട്ടിലുള്ള പൊലീസ് ഉദ്യോഗസ്ഥർ താങ്ങാനാവാത്ത സമ്മർദ്ദത്തിലാണ്.
അഞ്ചുവർഷത്തിനിടെ 45 പൊലീസ് ഉദ്യോഗസ്ഥരാണ് ആത്മഹത്യചെയ്തത്. കഴിഞ്ഞവർഷം മാത്രം 18പേർ. മുൻകാലങ്ങളിൽ ഉന്നത ഉദ്യോഗസ്ഥർ പൊലീസുകാർക്ക് വഴികാട്ടികളായിരുന്നു. ജോലിസംബന്ധമായ പ്രശ്നങ്ങളിൽ അവർ പരിഹാരമുണ്ടാക്കിയിരുന്നു. ഇപ്പോൾ സ്റ്റേഷൻഹൗസ് ഓഫീസർമാരായെത്തുന്ന ഇൻസ്‌പെക്ടർമാർ ഒരുകാര്യത്തിലും ഉത്തരവാദിത്വമേൽക്കാതായതോടെ പൊലീസുകാർക്ക് ജോലിസമ്മർദ്ദമേറി. തീരുമാനങ്ങളെടുക്കാൻ എസ്.ഐമാരും ക്രൈം എസ്.ഐമാരും വട്ടംചുറ്റുന്നു. ഉന്നതരുടെ നിർദ്ദേശപ്രകാരമുള്ള നടപടികളിൽ പോലും ശിക്ഷിക്കപ്പെടുന്നത് ഇവരാണ്. ശ്രീറാംവെങ്കിട്ടരാമൻ കേസിൽ മ്യൂസിയത്തെ ക്രൈം എസ്.ഐയെ മാത്രം ബലിയാടാക്കി ഉന്നതർ രക്ഷപെട്ടു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മിക്ക സ്റ്റേഷനുകളിലും എടുത്താൽപൊങ്ങാത്ത പണിയാണ്. പതിറ്റാണ്ടുകൾ മുൻപുള്ള കേസുകളിലെ വാറണ്ടും സമൻസും നടപ്പാക്കണം. പെറ്റിക്കേസുകളുടെ എണ്ണം തികയ്ക്കണം. ഓരോ ഗതാഗത നിയമ ലംഘനത്തിനും ഇത്ര പെറ്റിക്കേസ് പിടിക്കണമെന്ന് ഏമാൻമാർ കണക്കു നൽകും. അല്ലെങ്കിൽ വയർലെസിലൂടെ ചീത്തവിളിയാണ്. ജനമൈത്രിയുടെ ഭാഗമായുള്ള ഗൃഹസന്ദർശനം, സ്റ്റുഡന്റ് പൊലീസ് അങ്ങനെ പദ്ധതികളേറെ. ഇതിനിടയിൽ പ്രതികളെ പിടിക്കണം,
കുറ്റാന്വേഷണം, പട്രോളിംഗ്, വി.ഐ.പി സുരക്ഷ, ഗതാഗതനിയന്ത്രണം. ഇപ്പോഴുള്ള ആൾബലംവച്ച് ഇത്രയും ജോലികൾ ശ്രമകരമാണ്. മദ്യപാനവും കുടുംബപ്രശ്നങ്ങളും അവധിയില്ലാത്തജോലിയും അധികാരതർക്കവും കൂടിയാവുമ്പോൾ പൊലീസ് വാടിപ്പോവുന്നു. അടുത്തിടെ 6000എ.എസ്.ഐമാർക്ക് എസ്.ഐമാരായും 60എസ്.ഐമാർക്ക് ഇൻസ്‌പെക്ടർമാരായും സ്ഥാനക്കയറ്റം നൽകിയിട്ടും സേനയിലെ സമ്മർദ്ദത്തിന് അയവില്ല.
പൊലീസിന്റെ മാനസിക സമ്മർദ്ദം ആർക്കും ചിന്തിക്കാൻ കഴിയുന്നതിലപ്പുറമാണെന്ന് ഓഫീസേഴ്‌സ് അസോസിയേഷൻ ജനറൽസെക്രട്ടറി സി.ആർ.ബിജു പറഞ്ഞു. ചില ഉദ്യോഗസ്ഥരുടെ അനാവശ്യ സമ്മർദ്ദവും പീഡനവും സഹിക്കാനാവില്ല. പൊലീസ് അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചും പരിഹാരമാർഗങ്ങളെക്കുറിച്ചും പരിശോധിക്കാൻ പൊലീസിനു പുറത്തുനിന്നുള്ള വിദഗ്ദ്ധസമിതി രൂപീകരിക്കണമെന്ന് മുഖ്യമന്ത്രിയോട് അസോസിയേഷൻ ആവശ്യപ്പെട്ടിരിക്കുകയാണ്.
എന്നാൽ ആത്മഹത്യകളിലേറെയും ജോലിസംബന്ധമല്ലാത്ത പ്രശ്നങ്ങൾ കാരണമാണെന്നും അടുത്തിടെയുണ്ടായ 18 ആത്മഹത്യകൾക്ക് കാരണം സാമ്പത്തികപ്രശ്നങ്ങളാണെന്നും ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. ആത്മഹത്യകളെക്കുറിച്ച് പഠിക്കാൻ വിദഗ്ദ്ധസമിതിയുണ്ടാക്കുംമെന്നും അദ്ദേഹം പറഞ്ഞു.
പ്രധാന പ്രശ്നങ്ങൾ
1. മേൽനോട്ടം
ഇൻസ്‌പെക്ടർ എസ്.എച്ച്.ഒയായതോടെ മേൽനോട്ടത്തിന്റെ ഒരു തട്ട് ഇല്ലാതായി. ഡിവൈ.എസ്.പിമാർ സ്റ്റേഷനുകൾ സന്ദർശിച്ച് പൊലീസുകാരുടെ പരാതികേൾക്കുന്നത് നിറുത്തി.
2. നടപടി
ആരെങ്കിലും പരാതി നൽകിയാലുടൻ ഒരു പരിശോധനയുമില്ലാതെ പൊലീസുകാർക്കെതിരെ നടപടിയെടുക്കും. മന്ത്രിയുടെ വാഹനം ഗതാഗതകുരുക്കിൽപെട്ടാലും സസ്‌പെൻഷൻ കിട്ടും.
3. അധികാരത്തർക്കം
മോലുദ്യോഗസ്ഥരുടെ നിയമവിരുദ്ധമായ നിർദ്ദേശങ്ങൾ അവഗണിക്കുന്നവർക്കെതിരെ ഏമാൻമാരുടെ അധികാരപ്രയോഗമുണ്ട്. മെഡിക്കൽ അവധിക്കാരിൽ ഭൂരിഭാഗവും ഇതിന്റെ ഇരകളാണ്.