തൃക്കൊടിത്താനം സെന്‍റ് സേവ്യേഴ്‌സ് പള്ളിയുമായി ബന്ധപ്പെട്ട പരാതിയുമായി സ്റ്റേഷനിലെത്തി;പ്രശ്നം പരിഹരിക്കുന്നതിന് പകരം ചങ്ങനാശേരി പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ ക്രൂരമായി മർദിച്ചു;ഒടുവിൽ നീതി; നീതിക്കായി അഡ്വ. റോയി തോമസ് പോരാടിയത് 21 വര്‍ഷങ്ങൾ

Spread the love

കോട്ടയം: ചങ്ങനാശേരി പോലീസ് സ്റ്റേഷനിൽ മര്‍ദനമേറ്റ അഭിഭാഷകന് 21 വര്‍ഷത്തിനുശേഷം നീതി. പോലീസ് ഉപദ്രവിച്ചതിനെതുടര്‍ന്ന് നഷ്‌ടപരിഹാരം ആവശ്യപ്പെട്ട് ചങ്ങനാശേരി ബാറിലെ അഭിഭാഷകന്‍ അഡ്വ.റോയി തോമസാണ് അന്നത്തെ എസ്‌ഐ കെ. ശ്രീകുമാറിനും മൂന്നു പോലീസ് ഉദ്യോഗസ്ഥര്‍ക്കുമെതിരേ സിവില്‍ കേസ് നല്‍കിയത്.

2004ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. അന്പതിനായിരം രൂപ നഷ്ടപരിഹാരം അനുവദിച്ച്‌ 2004 മുതലുള്ള പലിശയും ചെലവും സഹിതം ഈടാക്കിയെടുക്കുന്നതിനാണ് കോടതി ഉത്തരവിട്ടത്. കെ. ശ്രീകുകുമാറിന് പിന്നീട് ഡിവൈഎസ്പിയായി പ്രമോഷന്‍ ലഭിച്ചിരുന്നു. ചങ്ങനാശേരി മുന്‍സിഫ് കോടതിയില്‍ നല്‍കിയിരുന്ന കേസ് കോട്ടയം മുന്‍സിഫ് കോടതിയിലേക്ക് മാറ്റുകയും തെളിവെടുത്ത ശേഷം വിചാരണക്കോടതി കേസ് തള്ളുകയും ചെയ്തു.

തുടര്‍ന്ന് കോട്ടയം ജില്ലാ കോടതിയില്‍ നല്‍കിയ അപ്പീലിലാണ് വിധിയുണ്ടായിരിക്കുന്നത്. കേസ് നടക്കുന്നതിനിടെ കെ. ശ്രീകുമാര്‍ അന്തരിച്ചതിനാല്‍ ശേഷിക്കുന്ന പ്രതികളില്‍നിന്നു തുക ഈടാക്കിയെടുക്കുന്നതിനാണ് വിധി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തൃക്കൊടിത്താനം സെന്‍റ് സേവ്യേഴ്‌സ് പള്ളിയുമായി ബന്ധപ്പെട്ട ഒരു പരാതി എതിര്‍കക്ഷികളുമായി പറഞ്ഞുതീര്‍ക്കുന്നതിനാണ് 2004 മാര്‍ച്ച്‌ 24ന് പള്ളിയെ പ്രതിനിധീകരിച്ച്‌ അഡ്വ. റോയി തോമസ് ചങ്ങനാശേരി പോലീസ് സ്റ്റേഷനില്‍ എത്തിയത്.

അന്ന് എസ്‌ഐയായിരുന്ന കെ. ശ്രീകുമാര്‍ അപമര്യാദയായി പെരുമാറിയതുമൂലം പോലീസ് സ്റ്റേഷനില്‍നിന്നും ഇറങ്ങിപ്പോയ അഡ്വ. റോയി തോമസിനെ എസ്‌ഐ കെ. ശ്രീകുമാറിന്‍റെ നിര്‍ദേശമനുസരിച്ച്‌ ബിജു, ശ്രീകുമാര്‍, ജമാല്‍ എന്നീ പോലീസുകാര്‍ റോഡില്‍നിന്നു പിടിച്ചുവലിച്ചും തൂക്കിയെടുത്തും സ്റ്റേഷനിലെത്തിക്കുകയും തടവില്‍ വയ്ക്കുകയും മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയും ചെയ്തുവെന്നായിരുന്നു പരാതി.

വിവരമറിഞ്ഞ് പോലീസ് സ്റ്റേഷനിലെത്തിയ ചങ്ങനാശേരി ബാര്‍ അസോസിയേഷനിലെ അഭിഭാഷകരുടെ ഇടപെടലില്‍ എസ്‌ഐ കെ. ശ്രീകുമാര്‍ അഡ്വ. റോയി തോമസിനെ വിട്ടുനല്‍കുന്നതിനു നിര്‍ബന്ധിതനായി. പോലീസ് അതിക്രമത്തില്‍ പരിക്കേറ്റ അഡ്വ. റോയി തോമസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്നു.

സംഭവത്തില്‍ ചങ്ങനാശേരി ബാര്‍ അസോസിയേഷന്‍ രണ്ടാഴ്ച കോടതി ബഹിഷ്‌കരിക്കുകയും പോലീസ് സ്റ്റേഷനു മുമ്പിൽ ധര്‍ണ അടക്കമുള്ള സമരമുറകള്‍ സ്വീകരിക്കുകയും കേരള ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കുകയും ചെയ്തിരുന്നു.

കേരള സര്‍ക്കാര്‍ വിഷയത്തില്‍ ഉന്നതതല അന്വേഷണം പ്രഖ്യാപിക്കുകയും അന്നത്തെ മധ്യമേഖലാ ഡിഐജി മുഹമ്മദ് യാസിന്‍ അന്വേഷണം നടത്തി എസ്‌ഐ കെ. ശ്രീകുമാറിനെതിരേ വകുപ്പുതല നടപടികള്‍ സ്വീകരിക്കുകയും ചെയ്തിരുന്നു.