
തിരുനക്കരയിലെ പൊലീസ് സ്റ്റേഷന് വേണ്ടിയുള്ള പോരാട്ടത്തിൽ തേർഡ് ഐ ന്യൂസ് വിജയത്തിലേക്ക്; തിരുനക്കരയിലേക്ക് വെസ്റ്റ് പൊലീസ് സ്റ്റേഷൻ മാറ്റി സ്ഥാപിക്കണമെന്ന തേർഡ് ഐ ന്യൂസ് ചീഫ് എഡിറ്ററുടെ ഹർജിയിൽ സർക്കാരിനോട് ഹൈക്കോടതി വിശദീകരണം തേടി: തേർഡ് ഐയുടെ നിരന്തര പോരാട്ടം വിജയത്തിലേയ്ക്ക്
കോട്ടയം: കോട്ടയം നഗരത്തെ പിടിച്ചുപറിക്കാരുടേയും കൊലപാതകികളുടേയും പിടിയിൽ നിന്നും മോചിപ്പിക്കാനുള്ള തേർഡ് ഐ ന്യൂസിൻ്റെ ഇടപെടൽ വിജയം കാണുന്നു. കോടിമതയിൽ നിന്നും കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷൻ തിരുനക്കരയിലേയ്ക്ക് മാറ്റണം എന്നാവശ്യപ്പെട്ടുള്ള തേർഡ് ഐ ന്യൂസിൻ്റെ പോരാട്ടങ്ങൾക്ക് ഹൈക്കോടതിയുടെ അംഗീകാരം.
തേർഡ് ഐ ന്യൂസ് ചീഫ് എഡിറ്റർ ഏ.കെ ശ്രീകുമാർ സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി സർക്കാരിനോട് വിശദീകരണം തേടി.ഹർജി മുൻപ് പരിഗണിച്ചപ്പോൾ കോട്ടയം നഗരസഭ ഹർജിയെ ശക്തമായി എതിർത്തിരുന്നു. എന്നിട്ടും വിഷയത്തിൽ ഹൈക്കോടതി കർശന നടപടി സ്വീകരിക്കുകയായിരുന്നു.
കോട്ടയം നഗരമധ്യത്തിൽ തിരുനക്കരയുടെ നൂറ് മീറ്റർ ചുറ്റളവിൽ കഴിഞ്ഞ അഞ്ചു വർഷത്തിനിടെ മാത്രം നടന്നത് നാല് കൊലപാതകങ്ങളാണ്. തിരുനക്കരയ്ക്കു പുറത്ത് നിരവധി കൊലപാതകങ്ങൾ വേറെയും നടന്നിട്ടുണ്ട്. സാമൂഹ്യ വിരുദ്ധർ അഴിഞ്ഞാടുന്ന കോട്ടയം നഗരത്തിൻ്റെ ഒന്നര കിലോമീറ്റർ അകലെയായാണ് നിലവിൽ കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷൻ പ്രവർത്തിക്കുന്നത്. കോടിമതയിൽ പ്രവർത്തിക്കുന്ന പൊലീസ് സ്റ്റേഷനിൽ നിന്നും എന്തെങ്കിലും അനിഷ്ട സംഭവം ഉണ്ടായാൽ ഗതാഗതക്കുരുക്ക് കടന്ന് പോലീസ് വാഹനം നഗരത്തിൽ ഓടിയെത്താൻ കുറഞ്ഞത് അര മണിക്കൂറെങ്കിലുമെടുക്കും.
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുട്ടിന് മുട്ടിന് പൊലീസിനെ കുറ്റം പറയുന്നവർ പൊലീസിന് അടിസ്ഥാന സൗകര്യമൊരുക്കാൻ തയ്യാറാകാതെ വന്നതാണ് തേർഡ് ഐ ന്യൂസ് ഇത്തരത്തിൽ ഇടപെടൽ നടത്താനിടയായത്. കോട്ടയം ടൗണിൽ ഡ്യൂട്ടിക്കെത്തുന്ന വനിതാ പൊലീസുകാർക്കടക്കം വസ്ത്രം മാറാനും പ്രാഥമിക കൃത്യങ്ങൾ നിർവ്വഹിക്കാനും സ്വകാര്യ സ്ഥാപനങ്ങളാണ് ആശ്രയം. തിരുനക്കര ബസ്റ്റാൻഡ് പൊളിച്ചതോടെ ഇവിടെ ഉണ്ടായിരുന്ന കൺഫർട്ട് സ്റ്റേഷനും പ്രവർത്തനരഹിതമായി
തിരുനക്കരയിൽ കഞ്ചാവും മദ്യവും സുലഭമാണ് .ഇത് കൂടാതെയാണ് തിരുനക്കര നഗരമധ്യത്തിൽ 24 പിടിച്ചുപറികേസുകളും, 11 വധശ്രമക്കേസുകളും കഴിഞ്ഞ നാളുകളിൽ നടന്നിട്ടുണ്ട് എന്നത് കൂടി ചേർത്തു വായിക്കുമ്പോഴാണ് കോട്ടയം നഗരം ക്രിമിനൽ സംഘങ്ങളുടെ താവളമാണ് എന്ന് വ്യക്തമാക്കുന്നത്.
ക്രിമിനലുകളുടെ താവളമായി മാറിയിട്ടും കോട്ടയം ടൗണിൽ പൊലീസ് സ്റ്റേഷൻ വേണ്ടെന്നായിരുന്നു നഗരത്തിലെ ഭരണാധികാരികളുടെയും രാഷ്ട്രീയ നേതൃത്വത്തിൻ്റെയും നിലപാട്.
പോലിസ് സ്റ്റേഷൻ നഗരമധ്യത്തിലേക്ക് മാറ്റി സ്ഥാപിക്കണം എന്നാവശ്യപ്പെട്ട് തേർഡ് ഐ ന്യൂസ് ചീഫ് എഡിറ്റർ എ കെ ശ്രീകുമാർ മുഖ്യമന്ത്രിക്ക് കത്ത് നല്കിയിരുന്നു. കത്ത് പരിശോധിച്ച മുഖ്യമന്ത്രി തുടർനടപടി സ്വീകരിക്കാൻ ഡിജിപിയെ ചുമതലപ്പെടുത്തി. തുടർന്ന് സംസ്ഥാന പൊലീസ് മേധാവി വെസ്റ്റ് പൊലീസ് സ്റ്റേഷൻ നഗരമധ്യത്തിലേയ്ക്കു മാറ്റി സ്ഥാപിക്കാൻ സ്ഥലം കണ്ടെത്തുവാൻ കോട്ടയം ജില്ലാ പോലീസ് മേധാവിക്ക് നിർദേശവും നൽകിയിരുന്നു. അനുയോജ്യമായ സ്ഥലം കണ്ടെത്തി, പൊലീസ് സ്റ്റേഷൻ നഗരമധ്യത്തിലേയ്ക്കു തന്നെ മാറ്റാനായിരുന്നു നിർദേശം. ഈ നിർദ്ദേശം നടപ്പാകാതെ വന്നതിനെ തുടർന്നാണ് ശ്രീകുമാർ ഹൈക്കോടതിയെ സമീപിച്ചത്. ശ്രീകുമാറിനു വേണ്ടി അഭിഭാഷകനായ കെ.രാജേഷ് കണ്ണൻ ഹൈക്കോടതിയിൽ ഹാജരായി.