പൊലീസ് സ്റ്റേഷനിൽ നിന്ന് വാങ്ങിയ ബൈക്ക് തൊണ്ടിമുതലായി; ഒൻപത് വർഷം കഴിഞ്ഞപ്പോൾ തൊണ്ടിമുതലെന്ന് പറഞ്ഞ് പൊലീസ് വന്ന് ബൈക്ക് ബലമായി എടുത്തു കൊണ്ടുപോയി

Spread the love

സ്വന്തം ലേഖകൻ

കോഴിക്കോട്: വര്‍ഷങ്ങള്‍ക്ക് മുൻപ് പണം കൊടുത്ത് പൊലീസ് സ്റ്റേഷനില്‍ നിന്ന് വാങ്ങിയ ബൈക്ക് തൊണ്ടിമുതലെന്ന് പറഞ്ഞ് പൊലീസ് പിടിച്ചെടുത്തതായി പരാതി.

കോഴിക്കോട് കീഴ്പ്പയ്യൂര്‍ സ്വദേശി മുനീറിന്‍റെ ബൈക്കാണ് കഴിഞ്ഞ ദിവസം കസബ പൊലീസ് പിടിച്ചെടുത്തത്. സംഭവത്തില്‍ കസബ പൊലീസ് നല്‍കുന്ന വിശദീകരണമാണ് വിചിത്രം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2013 ഓഗസ്റ്റില്‍ പത്രത്തില്‍ കണ്ട ഒരു പരസ്യമാണ് മുനീറിനെ മെഡിക്കല്‍ കോളേജ് പൊലീസ് സ്റ്റേഷനില്‍ എത്തിച്ചത്. അന്ന് പൊലീസ് സ്റ്റേഷനില്‍ നിന്ന് പതിനെട്ടായിരം രൂപയോളം നല്‍കി ഹീറോ ഹോണ്ട ബൈക്ക് ലേലത്തിലെടുത്തു.

പിന്നീടിങ്ങോട്ട് കഴിഞ്ഞ ദിവസം വരെ ആ ബൈക്കിലായിരുന്നു മുനീറിന്‍റെ യാത്ര. പക്ഷേ, കഴിഞ്ഞ ദിവസത്തോടെ അതെല്ലാം അവസാനിച്ചു.

കുറച്ച്‌ ദിവസങ്ങള്‍ക്ക് മുൻപേ മുനീറിന് കസബ പൊലീസ് ഒരു നോട്ടീസ് നല്‍കി. മുനീറിന്‍റെ കൈവശമുള്ള ബൈക്ക് 2013-ല്‍ കളവ് പോയ വാഹനമാണെന്നും എത്രയും പെട്ടന്ന് വാഹനം പൊലീസ് സ്റ്റേഷനില്‍ ഹാജരാക്കണം എന്നുമായിരുന്നു നോട്ടീസ്.

എന്നാല്‍ ബൈക്ക് സ്റ്റേഷനില്‍ ഹാജരാക്കാത്തതിനെ തുടര്‍ന്ന് പൊലീസ് വീട്ടിലെത്തി ബൈക്ക് പിടിച്ചെടുത്തു.

സംഭവത്തില്‍ പൊലീസ് വിശദീകരണം ഇങ്ങനെ. 2013ല്‍ വാഹനം ലേലം ചെയ്യുമ്പോള്‍ കളവ് കേസിലെ തൊണ്ടി മുതലാണെന്ന് അറിഞ്ഞിരുന്നില്ല. പിന്നീട് വിശദമായി വാഹനത്തിന്‍റെ രജിസ്ട്രേഷന്‍ അടക്കം പരിശോധിച്ച്‌ നടത്തിയ അന്വേഷണത്തിലാണ് ഈ വാഹനമാണെന്ന് അറിഞ്ഞത്. ബൈക്ക് കോടതിയില്‍ ഹാജരാക്കിയ ശേഷം പുതിയ ഉടമയ്ക്ക് കൈമാറാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും കസബ പൊലീസ് അറിയിച്ചു.

എന്തായാലും സ്റ്റേഷനില്‍ നിന്ന് വര്‍ഷങ്ങള്‍ക്ക് മുൻപേ വാങ്ങിച്ച വാഹനം പിടിച്ചെടുത്ത് കൊണ്ടുപോയ പൊലീസിന്‍റെ നടപടിയില്‍ പ്രതിഷേധിച്ച്‌ സിറ്റി പൊലീസ് കമ്മീഷണര്‍ക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കാനൊരുങ്ങുകയാണ് മുനീര്‍.