
തിരുവനന്തപുരം: സംസ്ഥാനത്ത് പോലീസ് സ്‌റ്റേഷനുകളുടെ ഘടനയില്‍ വീണ്ടും മാറ്റം വരുത്താനൊരുങ്ങി ആഭ്യന്തരമന്ത്രാലയം.
സ്റ്റേഷൻ ഹൗസ് ഓഫീസര്‍ ചുമതല ഇൻസ്‌പെക്ടര്‍മാരില്‍ നിന്നും എസ്.ഐമാര്‍ക്ക് തിരിച്ചു നല്‍കുമെന്നാണ് പുറത്തുവരുന്ന വിവരം. സ്റ്റേഷൻ ഭരണം ഇൻസ്‌പെക്ടര്‍മാര്‍ക്ക് നല്‍കിയ ഒന്നാം പിണറായി സര്‍ക്കാരിന്റെ പരിഷ്‌ക്കാരം ലക്ഷ്യം കണ്ടില്ലെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും പഴയസ്ഥിതിയിലേക്ക് മാറ്റുന്നത്.
2018 നവംബര്‍ ഒന്നിനാണ് സംസ്ഥാനത്ത 472 പോലീസ് സ്റ്റേഷനുകളുടെ ഭരണം എസ്.ഐമാരില്‍ നിന്നും ഇൻസ്‌പെക്ടര്‍മാര്‍ക്ക് കൈമാറിയത്. എസ്.ഐമാരുടെ തസ്തിക ഇൻസ്‌പെക്ടര്‍ റാങ്കിലേക്ക് ഉയര്‍ത്തുകയും 218 പേര്‍ക്ക് കൂട്ടത്തോടെ സ്ഥാനകയറ്റം നല്‍കുകയും ചെയ്തിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അന്നത്തെ പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു പിണറായി സര്‍ക്കാരിന്റെ പരിഷ്‌കാരം. സ്റ്റേഷൻ പ്രവര്‍ത്തനം കുറേക്കൂടി കാര്യക്ഷമാക്കാൻ ഇൻസ്‌പെക്ടര്‍മാര്‍ക്ക് കഴിയുമെന്നായിരുന്നു അന്നത്തെ വിലയിരുത്തല്‍. ഇതോടെ രണ്ട് സ്റ്റേഷന്റെ ചുമതല നോക്കിയിരുന്ന സര്‍ക്കിള്‍ ഇൻസ്‌പെക്ടര്‍മാര്‍ ഒരു സ്റ്റേഷന്റെ ചുമതലയിലേക്ക് ഒതുങ്ങി.
പക്ഷെ പരിഷ്‌ക്കരണം കൊണ്ട് വേണ്ടത്ര പ്രയോജനം ഉണ്ടായില്ലെന്ന് എസ്.പിമാരുടെയും എ.ഡി.ജി.പിമാരുടെയും യോഗത്തില്‍ വിലയിരുത്തലുണ്ടായി. എസ്.ഐമാര്‍ ഉത്തരവാദിത്തങ്ങളില്‍ നിന്നും മാറാൻ തുടങ്ങി, എല്ലാ ഉത്തരവാദിത്തവും ഇൻസ്‌പെക്ടറിലേക്ക് വന്നു ചേര്‍ന്നതോടെ പലര്‍ക്കും മാനസിക സംഘര്‍ഷങ്ങളും ശാരീരിക പ്രശ്‌നങ്ങളുമുണ്ടായി.
ഗ്രേഡ് എസ്.ഐമാരുടെ പ്രമോഷനെയും പുതിയ സംവിധാനം തകിടം മറിച്ചുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.