എല്ലാ പൊലീസ് സ്റ്റേഷനിലും നേരിട്ടെത്തി വിഷുക്കൈനീട്ടം നൽകി ഡിവൈ.എസ്.പി..! കാക്കിക്കാരന്റെ കാർക്കശ്യം മാറ്റിവച്ച് സഹപ്രവർത്തകർക്ക് കൈനീട്ടം നൽകാനുള്ള മനസ് കാട്ടി കോട്ടയം ഡിവൈ.എസ്.പി ആർ.ശ്രീകുമാർ; അപ്രതീക്ഷിത കൈനീട്ടത്തിൽ മനസ് നിറഞ്ഞ് പൊലീസ് ഉദ്യോഗസ്ഥർ
തേർഡ് ഐ ബ്യൂറോ
കോട്ടയം: വിഷു ദിനത്തിൽ പതിവില്ലാത്ത ഒരു കാഴ്ച കണ്ടതിന്റെ ഷോക്കിലാണ് സബ് ഡിവിഷനിലെ പൊലീസ് ഉദ്യോഗസ്ഥർ..! കോട്ടയം സബ് ഡിവിഷനിൽ വരുന്ന എല്ലാ പൊലീസ് സ്റ്റേഷനിലും നേരിട്ടെത്തിയ ഡിവൈ.എസ്.പി ആർ.ശ്രീകുമാർ എല്ലാ പൊലീസ് ഉദ്യോഗസ്ഥർക്കും വിഷുക്കൈനീട്ടവും നൽകി. ഇത് കൂടാതെ വിഷുദിനത്തിൽ റോഡരികിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർക്കും, ഹോം ഗാർഡുമാർക്കും കൈനീട്ടവും നൽകാനും ഇദ്ദേഹം മറന്നില്ല.
വിഷുദിനത്തിൽ രാവിലെ മുതൽ തന്നെ ഇദ്ദേഹം ഡിവൈ.എസ്.പി ആർ.ശ്രീകുമാർ പൊലീസ് സ്റ്റേഷനുകൾ സന്ദർശിക്കുമെന്ന അറിയിപ്പുണ്ടായിരുന്നു. മേലുദ്യോഗസ്ഥർ സ്‌റ്റേഷനിൽ എത്തുമ്പോൾ ലഭിക്കുന്ന പതിവ് ശകാരം പ്രതീക്ഷിച്ചാണ് പൊലീസുകാരിൽ പലരും നിന്നിരുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാൽ, അപ്രതീക്ഷിതമായ പ്രതികരണമാണ് ഇദ്ദേഹത്തിൽ നിന്നും പൊലീസുകാർക്കു ലഭിച്ചത്. പുഞ്ചിരിക്കുന്ന മുഖത്തോടെ സ്‌റ്റേഷന്റെ പടികയറിയെത്തിയ ഡിവൈ.എസ്.പി ആർ.ശ്രീകുമാർ ഓരോ പൊലീസ് ഉദ്യോഗസ്ഥരെയും അരികിൽ വിളിച്ച് കൈനീട്ടം കയ്യിൽ വച്ചു നൽകി. കോട്ടയം വെസ്റ്റ്, ഈസ്റ്റ്, കുമരകം, അയർക്കുന്നം, ഏറ്റുമാനൂർ, ഗാന്ധിനഗർ എന്നീ പൊലീസ് സ്റ്റേഷനുകളിൽ എല്ലാം നേരിട്ടെത്തിയ ഡിവൈ.എസ്.പി ഈ സ്റ്റേഷനിലുണ്ടായിരുന്ന ഉദ്യോഗസ്ഥർക്കെല്ലാം കൈനീട്ടം നൽകി.
ഓരോ സ്‌റ്റേഷനിൽ നിന്നും മറ്റൊരു സ്‌റ്റേഷനിലേയ്ക്കുള്ള യാത്രയ്ക്കിടെ വഴിയരികിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർക്കും, ഹോം ഗാർഡുമാർക്കും ഡിവൈ.എസ്.പി കൈനീട്ടവും നൽകി. തുടർന്നു ഒരു മാസത്തോളമായി അപകടത്തിൽ പരിക്കേറ്റു കിടക്കുന്ന ഡിവൈ.എസ്.പി ഓഫിസിലെ പൊലീസ് ഉദ്യോഗസ്ഥൻ ഹരിക്കുട്ടന്റെ വീട്ടിലെത്തി ഇദ്ദേഹത്തിനും വിഷുക്കൈനീട്ടം കൈമാറി.
പൊലീസ് ഉദ്യോഗസ്ഥരിൽ പലരും അത്ഭുതത്തോടെയും സന്തോഷത്തോടെയുമാണ് ഡിവൈ.എസ്.പിയുടെ കൈനീട്ടത്തെ സ്വീകരിച്ചത്. ഉന്നത ഉദ്യോഗസ്ഥരിൽ പലരും പൊലീസുകാരെ കാര്യമായ മൈൻഡ് ചെയ്യാത്തപ്പോഴാണ് ഇവരെ കൂടി അംഗീകരിക്കുന്ന മാതൃകാപരമായ പ്രവർത്തനം ഡിവൈ.എസ്.പിയുടെ ഭാഗത്തു നിന്നും ഉണ്ടായിരിക്കുന്നത്. ഈ മാതൃക സ്വീകരിച്ച് കൂടുതൽ ആളുകൾ കരുതലുമായി എത്തുമെന്നാണ് പ്രതീക്ഷ.