play-sharp-fill
മണർകാട് പൊലീസ് സ്റ്റേഷനിൽ നിന്നും വിലങ്ങുമായി രക്ഷപെട്ട പ്രതി പൊലീസ് പിടിയിൽ: പിടിയിലായത് കാമുകിയുടെ വീടിനു സമീപത്തു നിന്ന്; ഒരു കയ്യിലെ വിലങ്ങ് അറുത്തുമാറ്റി

മണർകാട് പൊലീസ് സ്റ്റേഷനിൽ നിന്നും വിലങ്ങുമായി രക്ഷപെട്ട പ്രതി പൊലീസ് പിടിയിൽ: പിടിയിലായത് കാമുകിയുടെ വീടിനു സമീപത്തു നിന്ന്; ഒരു കയ്യിലെ വിലങ്ങ് അറുത്തുമാറ്റി

സ്വന്തം ലേഖകൻ
കോട്ടയം: മണർകാട് പൊലീസ് സ്റ്റേഷനിൽ പൊലീസുകാരനെ ഇടിച്ചു വീഴ്ത്തിയ ശേഷം വിലങ്ങുമായി രക്ഷപെട്ട പ്രതി ഒടുവിൽ പിടിയിലായി. കാമുകിയുടെ വീട്ടിൽ ഒളിവിൽ കഴിയാനായി ശ്രമിക്കുന്നതിനിടെ പാലാ ഭാഗത്തു നിന്നാണ് പ്രതിയെ പിടികൂടിയത്. ഒരു കയ്യിലെ വിലങ്ങ് അറുത്തുമാറ്റിയ പ്രതി ജില്ലയ്ക്ക് പുറത്തേയ്ക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്. മോഷണവും പീഡനക്കേസും അടക്കമുള്ള കേസുകളിൽ പ്രതിയായ പുതുപ്പള്ളി മഠത്തിൽപ്പടി മാളിയേക്കൽ ദിലീപിനെ(19)യാണ് മണർകാട് സ്റ്റേഷൻ ഹൗസ് ഓഫിസർ കെ.ഷാജിയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
കഴിഞ്ഞ ബുധനാഴ്ച രാത്രിയിൽ തലപ്പാടി ചാമക്കാല ഷാജിയുടെ വീട്ടിൽ നിന്നും ഒരു ലക്ഷം രൂപയുടെ സ്വർണാഭരണം മോഷ്ടിച്ച സംഭവത്തിലാണ് ദിലീപിനെ പിടികൂടിയത്. വൈദ്യ പരിശോധനയ്ക്കു ശേഷം തിരികെ വരുന്നതിനിടെ ഒപ്പമുണ്ടായിരുന്ന പൊലീസുകാരൻ ഫെർണാണ്ടസിനെ ഇടിച്ചു വീഴ്ത്തിയ ശേഷമാണ് പ്രതി രക്ഷപെട്ടത്. വെള്ളിയാഴ്ച രാത്രി 10.30 ന് രക്ഷപെട്ട പ്രതിയെ ഞായറാഴ്ച വൈകിട്ട് അഞ്ചു മണിയോടെയാണ് പിടികൂടിയത്.
പ്രതി രക്ഷപെടാൻ സാധ്യതയുള്ള സ്ഥലങ്ങൾ കേന്ദ്രീകരിച്ച് കഴിഞ്ഞ രണ്ടു ദിവസമായി പൊലീസ് സംഘം പരിശോധന നടത്തുകയായിരുന്നു. ഇതിനിടെയാണ് കാമുകിയുടെ വീട്ടിൽ ഇയാൾ ഒളിവിൽ കഴിയുന്നതായി വിവരം ലഭിച്ചത്. ആദ്യ ദിവസം പയ്യപ്പാടി ഭാഗത്തെ ആളൊഴിഞ്ഞ ഇരുനില വീട്ടിലാണ് പ്രതി കിടന്നിരുന്നത്. എന്നാൽ, പൊലീസ് ഇവിടെ എത്തുന്നതിന് മണിക്കൂറുകൾക്ക് മുൻപ് പ്രതിരക്ഷപെടുകയായിരുന്നു. ജില്ലയ്ക്ക് പുറത്തേയ്ക്ക് കടക്കാൻ കാമുകിയുടെ സഹായം തേടിയാണ് ഞായറാഴ്ച പ്രതി എത്തിയത്. എന്നാൽ, പ്രതി ഇവിടെ എത്തുമെന്ന് തിരിച്ചറിഞ്ഞ പൊലീസ് തയ്യാറാക്കിയ തന്ത്രത്തിൽ ഇയാൾ കുടുങ്ങുകയായിരുന്നു. ജില്ലാ പൊലീസ് മേധാവി പി.എസ് സാബു, കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി ജെ.സന്തോഷ്‌കുമാ്ർ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.
പ്രതിയായ ദിലീപിനെ കസ്റ്റഡിയിൽ എടുത്തപ്പോൾ മതിയായ ബന്തവസ് ഒരുക്കുന്നതിന് പൊലീസിന് വീഴ്ച സംഭവിച്ചതായി അന്വേഷണ റിപ്പോർട്ട്. വൈദ്യ പരിശോധനയ്ക്ക് രണ്ടു പൊലീസുകാരാണ് പ്രതിയെയുമായി പോയത്. തിരികെ എത്തിയപ്പോൾ പ്രതിയ്ക്കുള്ള ഭക്ഷണവും ഒരാളുടെ കൈവശമുണ്ടായിരുന്നു. സ്റ്റേഷനിലേയ്ക്ക് കയറ്റാനുള്ള ശ്രമത്തിനിടെ പ്രതി കയ്യിൽ ധരിച്ചിരുന്ന വിലങ്ങിന് പൊലീസുകാരെ ഇടിച്ചിട്ട ശേഷം രക്ഷപെടുകയായിരുന്നു. റോഡിലേയ്ക്കിറങ്ങി സ്റ്റേഷന് എതിർവശത്തെ ചതുപ്പിലൂടെ പ്രതി രക്ഷപെട്ടു. ഈ സമയം പൊലീസുകാർ പിന്നാലെ ഓടിയെത്തിയെങ്കിലും, കെ.കെ റോഡിലൂടെ ഒരു ഓട്ടോറിക്ഷ എത്തിയതിനാൽ പിൻതുടരാൻ സാധിച്ചില്ലെന്നും സ്‌പെഷ്യൽ ബ്രാഞ്ച് അന്വേഷണ റിപ്പോർട്ടിലുണ്ട്. റിപ്പോർട്ട് ഇന്നലെ രാത്രി ജില്ലാ പൊലീസ് മേധാവി പി.എസ് സാബുവിന് സമർപ്പിച്ചു.