പോലീസ് സ്‌റ്റേഷനിൽ ബിരിയാണിയും പൊറോട്ടയും ബീഫും വേണം ; കൊല്ലത്തെ വിറപ്പിച്ച ഗുണ്ടയും കൂട്ടാളികളും നിരാഹാര സമരത്തിൽ
സ്വന്തം ലേഖിക
കൊല്ലം: പൊലീസ് സ്റ്റേഷനിൽ ഇഷ്ട ഭക്ഷണം കഴിക്കാൻ വേണം പൊലീസിനോട് വാശി പിടിച്ച് നിരാഹാരത്തിലാണ് ഗുണ്ടകൾ. കുപ്രസിദ്ധ ഗുണ്ട മംഗൽപാണ്ഡെ എന്ന എബിൻ പെരേരയും സുഹൃത്ത് നിയാസുമാണ് ബിരിയാണിക്കും പൊറോട്ടയ്ക്കും ബീഫിനും വേണ്ടി പൊലീസ് സ്റ്റേഷനിൽ ഭക്ഷണം ഉപേക്ഷിച്ച് നിസഹകരണം തുടരുന്നത്. അഞ്ച് ദിവസത്തെ കസ്റ്റഡി അപേക്ഷയെ തുടർന്ന് ഇന്നലെ മുതൽ പൊലീസ് കസ്റ്റഡിയിലായ ഗുണ്ടകൾക്ക് സാധാരണ പ്രതികൾക്ക് നൽകാറുള്ള ആഹാരം പൊലീസ് ഏർപ്പാടാക്കിയെങ്കിലും കഴിച്ചില്ല. ബിരിയാണി, പൊറോട്ട, ബീഫ് തുടങ്ങിയ വിഭവങ്ങളാണ് പ്രതികൾ ആവശ്യപ്പെട്ടത്. പൊലീസിന്റെ പോക്കറ്റിൽ നിന്ന് പണം മുടക്കേണ്ടതില്ലെന്നും തങ്ങളുടെ സുഹൃത്തുക്കളും ബന്ധുക്കളും ഭക്ഷണം എത്തിക്കുമെന്ന ഗുണ്ടകളുടെ നിലപാടും പൊലീസ് തള്ളി. സുരക്ഷാ കാരണങ്ങളാലാണ് പുറത്ത് നിന്നുള്ള ഭക്ഷണം അനുവദിക്കാത്തതെന്ന് പൊലീസ് ഉറച്ച നിലപാട് സ്വീകരിച്ചതോടെ പ്രതികൾ നിരാഹാരം തുടരുകയാണ്. ജുഡീഷ്യൽ കസ്റ്റഡിയിൽ നിന്ന് പൊലീസ് കസ്റ്റഡിയിലേക്ക് കിട്ടിയ പ്രതികൾ ഭക്ഷണം ഉപേക്ഷിക്കുന്നതിനെ കുറിച്ച് കോടതിക്ക് ഇന്ന് റിപ്പോർട്ട് സമർപ്പിക്കുമെന്ന് ഇരവിപുരം സി. ഐ പി. അജിത്ത് കുമാർ പറഞ്ഞു.
ഇന്നലെ രാത്രി ഏഴരയോടെ വിലങ്ങണിയിച്ച് പ്രതികളെ തെളിവെടുപ്പിനായി പള്ളിമുക്ക് ജംഗ്ഷനിൽ കൊണ്ടുവന്നപ്പോൾ വൻ ജനാവലിയാണ് തടിച്ചുകൂടിയത്. വെണ്ടർമുക്കിലും പള്ളിമുക്കിലും ഏകദേശം അര മണിക്കൂർ ഗതാഗതം തടസപ്പെട്ടു. കടകളിലെ ഗുണ്ടാപ്പിരിവിനെ കുറിച്ച് തെളിവെടുത്തു. നഗരത്തിലെ ഒരു പ്രമുഖ മെൻസ് വെയർ ഷോപ്പിൽ ഗുണ്ടകൾ തുണിത്തരങ്ങൾ വാങ്ങിയ ഇനത്തിൽ കൊടുക്കാനുള്ളത് 39,000 രൂപ. മംഗൽ പാണ്ഡെ 14,000 രൂപയും നിയാസ് 25,000 രൂപയുമാണ് അവിടെ കൊടുക്കാനുള്ളത്. തെളിവെടുപ്പിന്റെ ഭാഗമായി കടയിലെത്തിയ പൊലീസ് ഇരുവരുടെയും പറ്റ് പുസ്തകം പരിശോധിച്ചു. കടം വാങ്ങിയ തുണിത്തരങ്ങളുടെ ബില്ലും വിശകലനം ചെയ്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്തടിസ്ഥാനത്തിലാണ് ഇത്രയും തുകയുടെ സാധനങ്ങൾ കടം നൽകിയതെന്ന ചോദ്യത്തിന് ബലമായി തുണിത്തരങ്ങൾ എടുത്തുകൊണ്ട് പോകുമെന്നായിരുന്നു കടയുടമയുടെ മറുപടി. ബ്രാന്റഡ് കമ്പനികളുടെ ഇഷ്ട വസ്ത്രങ്ങൾ തെരഞ്ഞെടുത്തു പാകമാണോയെന്ന് നോക്കിയ ശേഷം ട്രയൽ റൂമിൽ പഴയ വസ്ത്രം ഉപേക്ഷിച്ചു പുതിയത് അണിഞ്ഞു പോകുമായിരുന്നത്രെ.
പ്രതികളുടെ ഒളിവ് ജീവിതത്തിനിടെ ഈ കട ഉടമ അക്കൗണ്ടിലേക്ക് പണം അയച്ചുകൊടുത്തതിനും പൊലീസിന് തെളിവ് ലഭിച്ചു. വാട്‌സ് ആപ്പ് സന്ദേശമായാണ് പണം ആവശ്യപ്പെട്ടത്. ഭയപ്പാടിലാണ് പണം നൽകിയതെന്ന് വ്യാപാരി മൊഴി നൽകി. കുറ്റകൃത്യം നടന്ന മറ്റ് സ്ഥലങ്ങളിൽ പ്രതികളെ ഇന്ന് തെളിവെടുപ്പിന് കൊണ്ടു പോകും. സായുധ പൊലീസിന്റെ കനത്ത കാവലിലാണ് പ്രതികളെ ഇരവിപുരം പൊലീസ് സ്റ്റേഷനിൽ പാർപ്പിച്ചിരിക്കുന്നത്. നിരവധി കേസുകളുള്ള ഇവർക്കെതിരെ പൊലീസ് നടപടികൾ കടുപ്പിച്ച് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയപ്പോൾ ഇരവിപുരം സി.ഐയെ വെടിവച്ചു കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ ശേഷം ഒളിവിൽ പോയ ഇരുവരും കഴിഞ്ഞ ദിവസം പാലക്കാട്ട് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു.