
സ്വന്തം ലേഖിക
കോഴിക്കോട്: ഭര്‍ത്താവിന്‍റെ സുഹൃത്തിന്‍റെ വീട്ടില്‍ അവശനിലയില്‍ കണ്ടെത്തിയ യുവതിയുടെ മരണം കൊലപാതകമെന്ന് പൊലീസ്.
മലപ്പുറം കൊണ്ടോട്ടി നെടിയിരുപ്പ് സ്വദേശി ഉമ്മുക്കുല്‍സു (31) ആണ് കഴിഞ്ഞ ദിവസം മരിച്ചത്. ശരീരമാസകലം പരിക്കേറ്റ ഉമ്മുക്കുല്‍സു കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സംഭവവുമായി ബന്ധപ്പെട്ട് ഒളിവില്‍പ്പോയ ഭര്‍ത്താവ് മലപ്പുറം എടരിക്കോട് കൊയപ്പകോവിലകത്ത് താജുദ്ദീനുവേണ്ടി പൊലീസ് തെരച്ചില്‍ ഊര്‍ജിതമാക്കി. ഇയാള്‍ക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചതായും പൊലീസ് അറിയിച്ചു.
താജുദ്ദീനുമായി അകല്‍ച്ചയിലായിരുന്ന ഉമ്മുക്കുല്‍സു സ്വന്തം വീട്ടിലായിരുന്നു താമസിച്ചിരുന്നത്. ഒരു മാസം മുമ്പാണ് താജുദ്ദീന്‍ വീട്ടിലെത്തി ഇവരെ കൂട്ടിക്കൊണ്ടു പോയത്. ഒരാഴ്ച മുമ്പ് താജുദ്ദീന്‍റെ സുഹൃത്ത് സിറാജുദ്ദീന്‍ കുടുംബവുമൊത്ത് വാടകയ്ക്ക് താമസിക്കുന്ന വീര്യമ്പ്രത്തെ വീട്ടില്‍ താജുദ്ദീനും ഉമ്മുക്കുല്‍സുവും എത്തിയിരുന്നു. ഇവര്‍ ഇവിടെ താമസിച്ചുവരികയായിരുന്നു.
വെള്ളിയാഴ്ച രാവിലെ താജുദ്ദീനൊപ്പം പുറത്തുപോയ ഉമ്മുക്കുല്‍സു മടങ്ങിയെത്തിയപ്പോള്‍ അവശനിലയിലായിരുന്നു. സിറാജുദ്ദീനും കുടുംബവും വെള്ളിയാഴ്ച പകല്‍ വീട്ടില്‍ ഉണ്ടായിരുന്നില്ല. വൈകിട്ട് അവര്‍ തിരിച്ചെത്തിയപ്പോഴാണ് വീട്ടില്‍ തളര്‍ന്നുവീണു കിടന്ന നിലയില്‍ ഉമ്മുക്കുല്‍സുവിനെ കണ്ടെത്തിയത്. എന്താണ് സംഭവിച്ചതെന്ന് ചോദിച്ചെങ്കിലും അബോധാവസ്ഥയിലായിരുന്നു ഉമ്മുക്കുല്‍സു.
ഉമ്മുക്കുല്‍സുവിന്‍റെ ശരീരമാസകലം പരിക്കേറ്റ നിലയിലാണ്. പേശികളേറെയും മര്‍ദനത്തെത്തുടര്‍ന്ന് തകര്‍ന്നിട്ടുണ്ട്. അസ്ഥികള്‍ക്കും പൊട്ടലേറ്റിട്ടുണ്ട്.വായില്‍ എന്തോ രാസവസ്തു ഒഴിച്ചതായും പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടര്‍ പൊലീസിന് നല്‍കിയ മൊഴിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. സിറാജുദ്ദീന്‍ ആദ്യം ഇവരെ നന്മണ്ടയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും കൊണ്ടുപോയി. എന്നാല്‍ മെഡിക്കല്‍ കോളേജില്‍ എത്തിക്കുന്നതിന് മുമ്പ് തന്നെ മരണം സംഭവിച്ചിരുന്നു.
സംശയ രോഗത്തെത്തുടര്‍ന്ന് ഇയാള്‍ ഉമ്മുക്കുല്‍സുവിനെ ക്രൂരമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡോക്ടറുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ അസ്വാഭാവിക മരണം കൊലപാതകക്കേസായി ബാലുശ്ശേരി പോലീസ് രജിസ്റ്റര്‍ചെയ്തു.



